Thursday, August 31, 2023

പഞ്ചവടി

പഞ്ചവടി (മനസ്സിലെ ഒരു വിങ്ങല്‍)

മീനമാസ സൂര്യന്‍റെ ചൂടേറ്റു തളര്‍ന്നു വീഴാന്‍ പേടിച്ചു കൊണ്ട് ഒരു പ്രഭാതം കൂടി പാലക്കാട് ജില്ലയില്‍.


രാവിലെത്തെ ഇളം കാറ്റിനും വെയിലിനും പോലും ഇന്നത്തെ പകലിനെ വെന്തുരുവിക്കാന്‍ വെമ്പി നില്‍ക്കുന്ന സൂര്യനെ പകര്‍ന്നു തരാനുള്ള ശക്തി!!


ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും സന്തോഷത്തില്‍ ആണ്.- കാരണം ഇന്ന് മധ്യവേനല്‍ അവധിക്ക്‌ സ്കൂള്‍ അടയ്ക്കുകയാണ്


ശങ്കരേട്ടന്‍റെ കുതിരവണ്ടിയിലാണ് ഞങ്ങളുടെ സ്കൂള്‍ യാത്ര.

കഴുത്തില്‍ ഒരു മണിയും തലയില്‍ പല നിറങ്ങളില്‍ മുക്കിയെടുത്ത കോഴിത്തൂവല്‍ തിരുകിയ ഒരു " സുനാമണി" യും കെട്ടി വേച്ചു വേച്ചു നടക്കുന്ന ഒരു ചാവാലി കുതിരയുമായി വണ്ടി രാവിലെ എട്ടരക്കുതന്നെ എത്തി.

കുതിരവണ്ടിയുടെ അടിയില്‍ നാല് മൂലകളില്‍ ചേര്‍ത്ത് കെട്ടി വെച്ചിരിക്കുന്ന സഹയാത്രികളുടെ പുസ്തക സഞ്ചികള്‍ നിറച്ച ഒരു ചാക്കിന്‍ തൊട്ടിലിലേക്ക് എന്‍റെയും പുസ്തക കെട്ടു ശങ്കരേട്ടന്‍ വലിച്ചെറിഞ്ഞു. വണ്ടിയിലെ "" പോലെ കെട്ടിയുണ്ടാക്കിയ ഗുഹയിലേക്ക് എന്നെയും കുത്തി തിരുകി.


ആടിഉലഞ്ഞുള്ള ഒരുമണിക്കൂര്‍ യാത്രക്കൊടുവില്‍ സ്കൂള്‍ മുറ്റത്തേക്ക് ഞങ്ങള്‍ എത്തപെട്ടു- രണ്ടാം ക്ലാസ്സിലെ വര്‍ഷാവസാന പരീഷണത്തിന്!!!

പരീഷ കഴിഞ്ഞു ഞങ്ങള്‍ സുഹൃത്തുക്കളും സഹയാത്രികരും സ്കൂള്‍ മുറ്റത്ത്‌ ഒത്തുകൂടി.

കളരി അഭ്യാസികളെ ഓര്‍മ്മിപ്പിക്കും വിധം ശരത്തും രാജേഷും റോഷനും തലങ്ങും വിലങ്ങും കുടഞ്ഞു വീഴ്‌ത്തിയ മഷി തുള്ളിപാടുകള്‍കണ്ട് ജാക്കറ്റുകളും കുഞ്ഞുടുപ്പുകളും പരസ്പരം നോക്കി പിരിയാന്‍ വയ്യാത്ത മനസ്സുമായി നിന്നു.

മണി കിലുക്കികൊണ്ട്‌ അപ്പോഴേക്കും കുതിരവണ്ടി എത്തി.

ഞങ്ങള്‍ ഗുഹയിലേക്ക് എടുത്ത് എറിയപെട്ടു.


ഞങ്ങളെ ഓരോരുത്തരുടെയും വീടുകളിലെത്തിച്ചു ഓരോ മിട്ടായിയും തന്നാണ് ശങ്കരേട്ടന്‍ പോകുന്നത്. ഇനി രണ്ടു മാസം കഴിഞ്ഞേ ശങ്കരേട്ടന്‍റെ വഴക്ക് കേള്‍ക്കാ ന്‍ പറ്റു.

വഴക്ക് മിക്കവാറും രണ്ടു ക്കാര്യത്തിനാണ് - കയ്യും തലയും പുറത്തിട്ടു ഒച്ച വെക്കുന്നതിനും, കുതിരയെ അടിക്കാന്‍ ഉപയോഗിക്കുന്ന ചാട്ടയുടെ ഒരറ്റം ശങ്കരേട്ടന്‍ അറിയാതെ പിടിച്ചു വെക്കുന്നതിനും...

കുളമ്പടി ശബ്ദത്തോടൊപ്പം ശങ്കരേട്ടനും കുതിരവണ്ടിയും " പഞ്ചവടി" യുടെ മുറ്റത്ത്‌ നിന്നും അകന്നു പോയി.

"
പഞ്ചവടി" എന്ന അഞ്ചു വീടുകള്‍ ഒരേ മാതൃകയില്‍ ഉള്ളവ. ഒരു ചുവര്‍ മാത്രം ഓരോ വീടുകളെയും വേര്‍തിരിക്കുന്നു - തേയില തോട്ടങ്ങളില്‍ ഇല നുള്ളുന്നവര്‍ താമസിക്കുന്ന വീടുകളോട് സാദ്രിശ്യം തോന്നുന്ന തരത്തില്‍ ഉള്ള വീടുകളായിരുന്നു അവ.

പുഷ്പ ടീച്ചറും ദേവദാസ് സാറും വാവയും കുഞ്ഞനും ബബിയും അടങ്ങുന്ന കുടുംബം ഒന്നാമത്തെ വീട്ടില്‍.

ഞാനും അച്ഛനും അമ്മയും രണ്ടാമത്തേതില്‍.

മൂന്നാ മത്തെതില്‍ നൂര്‍ജാന്‍റിയും ഷാഹുല്‍ ഹമീദു സാറും മകള്‍ ബിന്ദുവും- ബിന്ദു എന്‍റെ സഹയാത്രികയും സഹ പാഠിയും.

നാലാമത്തേതില്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം കളികൂട്ടുകാരി ആയ ബേബി ചേച്ചി. മാമ്മച്ചന്‍റെ വീടായിരുന്നു അത്. ബേബി ചേച്ചി അവിടുത്തെ വേലക്കാരിയും.

അഞ്ചാമത്തെ വീട്ടില്‍ പാര്‍ഥന്‍ അങ്കിള്‍.

സ്കൂള്‍ തുറക്കുന്നത് വരെയുള്ള രണ്ടു മാസക്കാലം അച്ഛന്‍ന്‍റെയോ അമ്മയുടെയോ ആപ്പീസ്കളിലോ പഞ്ചവടിയിലെ അയല്പക്കങ്ങളിലോ ആയിരിക്കും എന്‍റെ സമയം കൊല്ലല്‍.

പാലക്കാട്ടെ സിവില്‍ സ്റ്റേഷനില്‍ ഉള്ള അച്ഛന്‍ന്‍റെ ആപ്പീസ് എനിക്കെന്നും ഒരു വിലക്കപെട്ട കനി തന്നെയായിരുന്നു.


അപ്പീസില്‍ എത്തിയാല്‍ കാണുന്നതും കേള്‍ക്കുന്നതുമായ ദുരീകരിക്കാന്‍
പറ്റാത്ത ഒരു കൊട്ട ചോദ്യങ്ങളും സംശയങ്ങളും........ ഇവക്കൊന്നും മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയില്‍ അച്ഛന്‍ കണ്ണുരുട്ടികാണിച്ചും പുരികം ചുളിച്ചും തടുത്തുകൊണ്ടേയിരുന്നു .

ടൈപ്പ് റൈറ്റര്‍ ലെ അക്ഷരമാല ചിതറി കിടക്കുന്നതും അക്ഷരങ്ങളില്‍ നോക്കാതെ ടൈപ്പ് ചെയ്യുന്ന മണി അങ്കിളും, ഒരു കറുത്ത കുന്ത്രാണ്ടത്തില്‍ കറക്കുമ്പോള്‍ അങ്ങ് തിരുവന്തപുരത്ത് ഇരിക്കുന്ന ആളുമായി സംസാരിക്കാന്‍ കഴിയുന്ന ഉപകരണവും അച്ഛനോടുള്ള ചോദ്യാവലിയില്‍ ഉത്തരം കിട്ടാത്ത കീറാമുട്ടികളായി നിന്നു.


പ്യൂണിനെ വിളിക്കാനുള്ള ബെല്ലില്‍ എന്‍റെ വിരല്‍ ഇടയ്ക്കിടയ്ക്ക് അമരുന്നതും അപ്പീസിലെക്കുള്ള യാത്രയില്‍ നിന്നും എന്നെ ഒഴിവാക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

അച്ഛന്‍റെ ആപ്പീസിലെ ജനല്‍ കമ്പികള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ കാണുന്ന കാഴ്ച എന്നാലും എന്‍റെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഓര്‍മയായി കിടന്നു.

അതി വിശാലമായി നില്‍ക്കുന്ന ടിപ്പുവിന്‍റെ കോട്ട, അതിനു ചുറ്റുമുള്ള കിടങ്ങും ചരിഞ്ഞ പുല്‍മേടും , പുറം ലോകവുമായി കോട്ടയെ ബന്ധിപ്പിക്കുന്ന ഇരുമ്പില്‍ തീര്‍ത്ത പാലവും , അതില്‍കൂടി ഇടയ്ക്കിടയ്ക്ക് ഇരമ്പി മൂളി പാലത്തിലേക്ക് കയറുമ്പോള്‍ വല്ലാത്ത ശബ്ദമുണ്ടാക്കി പോകുന്ന പോലീസ് വണ്ടികളും , അച്ഛന്‍ പറഞ്ഞു തന്ന കോട്ടക്കുള്ളിലെ ജയിലും എന്‍റെ മനസ്സിനെ മഥിച്ചിരുന്നു- ഊണിലും ഉറക്കത്തിലും.

പോലീസ് വണ്ടികളില്‍ പോകുന്ന യൂണിഫോം ധരിക്കാത്ത എല്ലാവരും എന്‍റെ കണ്ണില്‍ കൊലപാതകികളും കള്ളന്മാരും ആയി മാറി. അവരെയൊക്കെ കാണുന്ന കഥകള്‍ ബബിയെയും ബിന്ദുവിനേയും എല്ലാം അതിശയത്തോടെ കേള്‍പ്പിച്ച് അവരെ പേടിപ്പിക്കാനുള്ള മരുന്നാക്കി ഞാന്‍ .

തിരുവനന്തപുരത്തുനിന്നും എന്‍റെ രണ്ടു മാസത്തെ സംരക്ഷണത്തിന് കുഞ്ഞമ്മ നിയോഗിക്കപെട്ടപ്പോള്‍ എന്‍റെ ആപ്പീസ് യാത്ര ഏതാണ്ട് അന്യം നിന്നു.

കുഞ്ഞമ്മ വന്നതോടെ ഞങ്ങള്‍ കുട്ടികളും മാമ്മച്ചന്‍റെ വീട്ടിലെ ബേബി ചേച്ചിയും എല്ലാം ഒത്തുകൂടി പാട്ടും കളികളുമായി.
ബേബി ചേച്ചിയുടെ ഭംഗിയുള്ള ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും അതി മനോഹരമായ നുണക്കുഴികാട്ടിയുള്ള ചിരിയും ചില്ല് പൊട്ടി ചിതറുന്നത്‌ മാതിരിയുള്ള സംസാരവും അവിടുത്തെ വീട്ടമ്മ മാരുടെ നിത്യ സംസാര വിഷയങ്ങളില്‍ കടന്നുവരുമായിരുന്നു.

അന്ന് പതിവിലും നേരത്തെ വെയിലും ചൂട് കാറ്റും പാലക്കാടിനെ പുണര്‍ന്നു തുടങ്ങി.

സാരിത്തലപ്പുകൊണ്ട് കഴുത്തിലെ വിയര്‍പ്പു ഒപ്പികൊണ്ട് അമ്മ അടുപ്പിലിരിക്കുന്ന ഇഡ്ഡലി ചെമ്പിലേക്ക് ഏത്തിനോക്കി!!!

"
പഞ്ചവടി" ക്ക് മുന്നിലെ ഇടവഴിയിലെ മുനിസിപ്പല്‍ പൈപ്പ് നു മുന്നില്‍ പാലക്കാട്ടെ ഹതഭാഗ്യര്‍ പല നിറത്തിലുള്ള പ്ലാസ്റ്റിക്‌ കുടംങ്ങള് രാവിലെ തന്നെ നിരന്നു കഴിഞു.


ആള്‍ക്കൂട്ടത്തിനിടയിലും ബേബി ചേച്ചിയുടെ ശബ്ദം കിലുക്കാംപെട്ടി പോലെ കിലുങ്ങുന്നുണ്ട്.

അച്ഛനും അമ്മയും ഓഫീസിലേക്ക് പോകാന്‍ ഇറങ്ങി.ടാറ്റാ പറഞ്ഞു ഞാനും കുഞ്ഞമ്മയും അവര്‍ മറയുന്നത് നോക്കി നിന്നു.

ഞങ്ങള്‍ കുട്ടികളും കുഞ്ഞമ്മയും പതിവ് കളികളിലേക്ക് മുഴുകി.

സാറ്റ് കളിയും പുളിങ്കുരുഞൊട്ടി കളിയുമാണ് പ്രധാന കളികള്‍. സാറ്റ്‌ ആഗോളതലത്തില്‍ പ്രചാരമുള്ളതും മറ്റേതു കുഞ്ഞമ്മയുടെ ഇറക്കുമതിയും ആയിരുന്നു.

ഐസ് മിട്ടായി വില്‍ക്കുന്ന തമിഴന്‍റെ സൈക്കിളിന്‍റെ മണിയടി ഒച്ച സാറ്റ് കളിച്ചു ഒളിച്ചു നിന്നവരെയെല്ലാം വെളിച്ചതെത്തിച്ചു.

ബബിയും കുഞ്ഞനും വാവയും ബിന്ദുവും എല്ലാം തമിഴനെ ഘൊരാവോ ചെയ്ത് സൈക്കിള്‍നു ചുറ്റും കൂട്ടംകൂടിനിന്നു.

ഉപഭോക്താവിന്‍റെ അധികാരത്തില്‍ വാങ്ങുന്ന സാധനത്തിന്‍റെ മേന്മ മനസ്സിലാക്കാന്‍ സൈക്കിള്‍ പെടലില്‍ കയറി ഞാന്‍ ഐസ് പെട്ടിയുടെ ഉള്ളിലേക്ക് നോക്കിയത് തമിഴനെ ചൊടിപ്പിച്ചു.

മാജിക്കുകാരന്‍ ഒഴിഞ്ഞകൂടയില്‍ നിന്നും ഓരോ സാധനങ്ങള്‍ എടുക്കുന്നതു പോലെ തമിഴന്‍ പല നിറത്തിലുള്ള സേമിയ ചേര്‍ത്ത ഐസ് മിട്ടായി കുഞ്ഞമ്മയുടെ തൂക്കുപാത്രത്തിലേക്കിട്ടു.

ബബിയും കുഞ്ഞനും ചുവപ്പുനിറമുള്ള ഐസ് മിട്ടായിക്കുവേണ്ടി ചിണുങ്ങി.

വാവ പെറ്റികോട്ടുമിട്ട് ഇടുപ്പിന് കൈയും കൊടുത്ത്‌ തമിഴനെ മണിയടിക്കുന്നു-ഒരു ഐസ് മിട്ടായി കൂടി കിട്ടാന്‍.

ബേബി ചേച്ചി " എനിക്കും വേണോട്ടോ ഐസ് മിട്ടായി പ്രേമേച്ചി.... " എന്ന് മാമച്ചന്‍റെ മക്കളെ പ്ലേ സ്കൂളില്‍ കൊണ്ടുപോകാന്‍ ഒരുക്കുന്ന തിരക്കിനിടയില്‍ നിന്നും നീട്ടി കാറി.

കുഞ്ഞമ്മ തൂക്കുപാത്രവും കൊണ്ട് അകത്തേക്ക് നടന്നു. തള്ള കോഴിയുടെ പിന്നാലെ കുഞ്ഞി കോഴികള്‍ പോകുന്നതിനു സമം ഞങ്ങളും പിന്നാലെ പാഞ്ഞു.

എല്ലാവര്‍ക്കും പങ്കിട്ടുകൊടുത്തതിനു ശേഷം ഒരു മിട്ടായി പാത്രത്തിലിട്ടു അടച്ചുവെച്ച് “ ഇത് ബേബിക്കുള്ളതാ ” എന്ന് ശക്തമായ ഭാഷയി ല്‍ കുഞ്ഞമ്മ ഞങ്ങളെ ഓര്‍മിപ്പിച്ചു.

ബേബി ചേച്ചി പ്ലേ സ്കൂളിലേക്ക് മാമച്ച ന്‍റെ മക്കളെയും കൊണ്ട് ഒരുങ്ങി ഇറങ്ങി.

"ജ്ജ് ഇന്ന് സുന്ദരി ആയിരിക്കുന്നല്ലോ ബേബി ..പുതിയ ഉടുപ്പാ ഇത് ? നൂര്‍ജാന്‍റി വിളിച്ചു ചോദിച്ചു.

അതെ - പതിവിലും മനോഹരിയായാണ് ഇന്ന് ബേബി ചേച്ചി ഒരുങ്ങി ഇറങ്ങിയത്.


"
അതെ നൂര്‍ജ്ജെട്ടത്തി, കഴിഞ്ഞ ആഴ്ച ഇവിടുന്നു തയ്പ്പിച്ചു തന്നതാ , നല്ല ഭംഗിയുണ്ടല്ലേ??" മാമച്ചന്‍റെ വീട്ടില്‍ നിന്നും കൊടുത്ത ഉടുപ്പ് നോക്കി ബേബി ചേച്ചി സ്വയം പറഞ്ഞു.

' അനക്ക് എന്താ ഭംഗിക്ക് കുറവ് , അന്‍റെ ചിരിമാത്രം പോരെ ചെക്കന്മാരെ വീഴ്ത്താന്‍" - നൂര്‍ജ് ആന്‍റി കളിയാക്കി

"
പ്രമീളെ..! ഇവക്കൊരുത്തനെ നോക്കണം ട്ടോ!!..... മ്മടെ ലാലൂന്‍റെമ്മടെ നാട്ടീന്ന്”

എന്‍റെ അമ്മയെ അവിടുത്തുകാര് വിളിക്കുന്നത്‌ അങ്ങനെ ആണ്‌- ലാലൂന്‍റെമ്മ!!!.

“ ഒന്ന് പോ നൂര്‍ജ്ജെട്ടത്തി, കെട്ടാനുള്ള ഭാഗ്യ മൊന്നും എനിക്കില്ല എന്ന് തോന്നുന്നു. പിന്നെയാ തിരോന്തരത്തുകാരന് എന്നെ ”

തിളക്കമുള്ള ബേബി ചേച്ചിയുടെ കണ്ണുകളില്‍ ഒരു നിമിഷത്തേക്ക് ശൂന്യത നിഴലിച്ചു. പുഞ്ചിരി വിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികളില്‍ കണ്ണീര്‍ തടം കെട്ടി നില്‍ക്കുന്നതു മാതിരി തോന്നിപ്പിച്ചു.

ഒരു കൈയ്യില്‍ പാലും ബിസ്കറ്റും നിറച്ച കുഞ്ഞു പ്ലാസ്റ്റിക്‌ കൂടയും മറ്റേ കൈയ്യില്‍ മാമച്ചന്‍റെ മക്കളെയും പിടിച്ചു ബേബി ചേച്ചി നടന്നു നീങ്ങി

കുറച്ചു ദൂരെ എത്തി തിരിഞ്ഞു നോക്കി ബേബി ചേച്ചി വിളിച്ചു പറഞ്ഞു

ലാലുകുട്ടാ .."എന്‍റെ ഐസ് മിട്ടായി നീ കഴിക്കണ്ടാ.....ഞാന്‍ ഇപ്പൊ വരാട്ടോ!!..

കടും പച്ച നിറത്തില്‍ ഉള്ള ഷിഫോണ്‍ തുണിയില്‍ തുന്നിയ ഞൊറീവെച്ച പാവാടയും വെള്ള നിറത്തില്‍ ഉള്ള ബ്ലൌസും നേരിയ വെള്ള ദാവണിയും ഉടുത്തു ബേബി ചേച്ചി നടന്നു നീങ്ങുന്നത്‌ ഒന്നല്ലാതെ ഞാന്‍ നോക്കി നിന്നു.

ഞങള്‍ ഐസ് തിന്നാസ്വധിച്ചു കളികളിലേക്ക് വഴുതി വീണു.

കുറെ നേരം കഴിഞ്ഞു ഐസ് പാത്രത്തിലേക്ക് നോക്കിയപ്പോഴാണ്‌ ബേബി ചേച്ചിയുടെ കാര്യം വീണ്ടും മനസ്സില്‍ എത്തിയത്.

ബേബി ചേച്ചി യെ കണ്ടില്ലലോ ആരോടെന്നില്ലാതെ ഞാന്‍പറഞ്ഞു-

ഐസ് അലിഞ്ഞു വെള്ളമായി കാണും അവള്‍ക്കിനി ഈര്‍ക്കിലി മാത്രം കൊടുക്കാം” – കുഞ്ഞമ്മ പുളിങ്കുരുഞൊട്ടി കൊണ്ട് പറഞ്ഞു.

പുഷ്പ ടീച്ചറുടെ വീട്ടിലെ ക്ലോക്കില്‍ മണി പന്ദ്രണ്ട് അടിച്ചിട്ട് കുറച്ചു നേരം കഴിഞ്ഞു.

നൂര്‍ജ് ആന്‍റി ഞങ്ങടെ വീട്ടിന്‍റെ പുറകിലെ ചായ്പ്പിലുള്ള വാതിലില്‍

ഇടിച്ചു ശബ്ദമുണ്ടാക്കി ഉച്ചത്തില്‍ വിളിച്ചു.

പ്രമീളെ......... പ്രമീളെ..........വേഗം കതകുതുറക്ക്...മാമച്ചന്‍റെ വീട്ടിലെ അടുക്കളയില്‍ എന്തോ കത്തുന്നു ..ഒന്നു ഓടി വാ...........

ഞങ്ങള്‍ പുളിങ്കുരു ഇട്ടെറിഞ്ഞ് അടുക്കള ചായ്പ്പിലേക്ക് ഓടി.

മാമച്ചന്‍റെ വീട്ടില്‍ നിന്നും കറുത്ത പുക ചായ്പ്പിന്‍റെ ജാളികള്‍ക്കിടയിലൂടെ പുറത്തേക്കു പടര്‍ന്നു.

പ്രമീളെ.... ബേബിയെ വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ല..ഇനി അവള്‍ stove വല്ലതും കത്തിച്ചു വെച്ചിട്ട് ..........???

നൂര്‍ജ് ആന്‍റി പറഞ്ഞു മുഴുമിച്ചില്ല.

മേല്‍കൂരയിലെ വിടവിലൂടെ തോട്ടയലത്തെ വീടുകളിലേക്കും പുക പടര്‍ന്നു.

കുഞ്ഞമ്മ ഓടി വീടിനു മുന്നില്‍ താമസിക്കുന്ന കറുപ്പേട്ടനെ വിളിച്ചു. ഓടിവന്ന കറുപ്പേട്ടന്‍ നൂര്‍ജ് ആന്‍റിയുടെ അടുക്കള അലമാരിയില്‍ കൂടി കയറി ഓടിളക്കി മാമച്ചന്‍റെ അടുക്കളയിലേക്കു ഏത്തി നോക്കി.

അയ്യോ..... എന്നൊരു വിളിയോട് കൂടി കറുപ്പേട്ടന്‍ അലമാരിയില്‍ ഇരുന്ന പാത്രങ്ങളും കുപ്പികളും തട്ടിമറിച്ച്കൊണ്ട് തറയിലേക്ക് ബോധംകെട്ടു വീണു.

തീ അകത്തുനിന്നും നന്നായി കത്തുന്നുണ്ട്. ജാളിയില്‍ കൂടി പുറത്തു തുപ്പുന്ന പുകയുടെ അളവ് കൂടി കൊണ്ടിരിന്നു.

സ്വര്‍ണ നിറമുള്ള തീനാളങ്ങള്‍ പുകച്ചുരുളുകള്‍ക്കിടയിലൂടെ തല പൊക്കി നോക്കി താഴുന്നുപോകുന്നത് ചായിപ്പിന് ഇടയിലൂടെ ഞാന്‍ കണ്ടു.

ചായ്പ്പിന്‍റെ എതിര്‍ വശത്തുള്ള വെള്ള പൂശിയ മതിലില്‍ തീ നാളങ്ങള്‍ നൃത്തം വെക്കുന്നതിന്‍റെ പ്രതിരൂപം ഞാന്‍ കണ്ടു.


ആളുകള്‍ ഒരുപാട് പേര്‍ വീടിന്‍റെ മുറ്റത്തും പരിസരത്തും കൂടി ..പലര്‍ക്കും എന്ത് ചെയ്യണമെന്നറിയാതെ നിസ്സംഗരായി നില്‍ക്കുന്നു.

മണ്ണെണ്ണയോ പെട്രോളോ കന്നതിന്‍റെ രൂഷ ഗന്ധം ആ പുകയി ല്‍ പ്രകടമാണ്.

ആള്‍കൂട്ടത്തില്‍ നിന്നും ആരോ പറഞ്ഞു മനുഷ്യമാംസം കത്തുന്ന ഗന്ധം !!

പടച്ചോനെ..!! ബേബിയെങ്ങാനും.......... നൂര്‍ജ്ആന്‍റി നിലവിളിച്ചു.

ഏയ് അതാവില്ല” ..ചേച്ചീടെ ഐസ് മിട്ടായി എന്നോട് കഴിക്കണ്ട എന്ന് പറഞ്ഞു പോയിട്ട് കുറച്ചു നേരമല്ലേ ആയുള്ളൂ..ഞാന്‍ മനസ്സി ല്‍ പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു.

ഫയര്‍ എന്‍ജിന്‍റെ മണിയടി അങ്ങ് ദൂരെ നിന്നേ കേട്ട് തുടങ്ങിയതു ഞങളുടെ ഗേറ്റിനു മുന്നില്‍ അവസാനിച്ചു.

ഞങളുടെ വീടുമുറ്റം ജനങ്ങളെ കൊണ്ട് നിറഞ്ഞു.

വീടിനു പുറകുവശത്തെ അടുക്കള ചാലില്‍ കൂടി രൂക്ഷ ഗന്ധമുള്ള ഒരു പച്ച നിറത്തില്‍ഉള്ള ദ്രാവകം മാമച്ചന്‍റെ വീട്ടില്‍ നിന്നും ഒഴുകി വന്നു തളംകെട്ടി.

ആയ്യോ വല്ലാത്ത നാറ്റംകുഞ്ഞമ്മ മൂക്ക്പൊത്തി.

രണ്ട് മണി കഴിഞ്ഞു.

സൂര്യന്‍ ഉഗ്ര പ്രതാപത്തോടെ കത്തിത്തന്നെ.

കാറ്റ് പാടെ നിലച്ചിരിക്കുന്നു.

ഇലകളും തെങ്ങോലകളും എന്തോ കണ്ടു പേടിച്ച്‌ ശ്വാസം അടക്കി നിശ്ചലമായി നില്‍ക്കുന്നു.

ഇടവഴിയില്‍ പോലീസ്ജീപ്പും ഫയര്‍എന്‍ജിനും ആംബുലന്‍സും നിരന്നു കിടക്കുന്നു.

ഒരു പോലീസുകാരന്‍ കൂടി നിന്നവരോട് വിളിച്ചു പറഞ്ഞു എല്ലാവരും ഒന്ന് മാറി നില്‍ക്കണം , ബോഡി വണ്ടിയിലോട്ടു കയറ്റണം

ഒരു നിമിഷത്തേക്ക് ഞാന്‍ പ്രജ്ഞഅറ്റു.

മാമച്ചന്‍റെ ബൈക്ക് മൂടിയിരുന്ന റബ്ബര്‍ ഷീറ്റില്‍ ബേബി ചേച്ചിയുടെ കത്തി കരിഞ്ഞ ജഡം!!!!

“ലാലുകുട്ടാ....നീ എന്‍റെ ഐസ് കഴിക്കണ്ടാട്ടോ !! ദേ ഇപ്പോ ...............

എന്‍റെ കണ്ണുകള്‍ക്ക്‌ ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല ....ബേബിചേച്ചി ....

ഒരു നിമിഷം തല ചുറ്റി മറിഞ്ഞു, കണ്ണുകളെ വീണ്ടും ഒന്നുകൂടി അവിടേക്ക് നോക്കിക്കാന്‍ മനസ്സ് വിലക്കിയത്‌ കേള്‍ക്കാതെ ഒന്നുകൂടി ആ കാഴ്ച ഞാന്‍ കണ്ടു.

പനങ്ങുല പോലെയുള്ള തലമുടി കത്തി കരിഞ്ഞു തലയോട്ടിയോട് ഒട്ടിപ്പിടിച്ചരിക്കുന്നു.

കണ്ണുകളുടെ സ്ഥാനത്ത് ഒരു വെളുത്ത പാടപോലെ എന്തോ ഒന്ന് തുറിച്ച്നോക്കുന്നു.

പല്ലുകളുടെ മുകള്‍ അറ്റം വരെ കാണാന്‍കഴിയുന്നവിധം ചുണ്ടുകളും മോണകളും ഉരുകി പോയിരിക്കുന്നു.

കാലുകള്‍ പാതി മടക്കി വെച്ച് പച്ച പാവാട ഉരുകി കരിഞ്ഞു ദേഹത്ത് അവിടവിടെയായി ഒട്ടിപ്പിടിച്ചരിക്കുന്നു.

ബ്രായുടെ വള്ളികളി ല്‍ ഒന്ന്‍ ഇളകി കറുത്ത ചരടായി താഴോട്ട്‌ വീണു കിടക്കുന്നു.

കൈകള്‍രണ്ടും ഒരു കുഞ്ഞിനെ എടുക്കാന്‍ എന്നോണം പാതി ഉയര്‍ന്നിരിക്കുന്നു.

"
ലാലുകുട്ടാ......എന്‍റെ ഐസ് മിട്ടായി നീ .............."

പതിനായിരം വട്ടം ഈ ശബ്ദം എന്നിലേക്ക് ആവാഹിക്കപെട്ട് ഞാന്‍ കുഴഞ്ഞു പോയി.

ഇനി ഞങള്‍ക്ക് ബേബി ചേച്ചി ഇല്ലേ....???

എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

തമിഴനെ ഘൊരാവോ ചെയ്യാന്‍.....

സാറ്റ് കളിയ്ക്കാന്‍....

പുളിങ്കുരുഞൊട്ടാന്‍...

മുനിസിപ്പല്‍ പൈപ്പ്‌നു മുന്നിലെ വായാടി ആവാ ന്‍...

ഇടവഴിയില്‍ നിന്നും ലാലുകുട്ടാ......ന്നു നീട്ടി വിളിച്ചു ഔസേപ്പ് ചേട്ടന്‍ ന്‍റെ കടയിലെ ശര്‍ക്കര മിട്ടായി എറിഞ്ഞ് തരാന്‍.

കിലുക്കാംപെട്ടി വീണ്‌ഉടഞ്ഞിരിക്കുന്നു.

ചിന്തകളും ആ കാഴ്ചയും എന്‍റെ മനസ്സിലേക്ക് കുപ്പിചില്ലുപോലെ തറച്ചു കയറി .

ബേബി ചേച്ചി തന്നെയാണോ ഇത്‌?

ഒന്നുകൂടി നോക്കി ..അതെ ബേബി ചേച്ചി തന്നെ. പിന്നെ കൂടുതല്‍ നോക്കാന്‍ എനിക്ക് ശക്തി ഇല്ലാതായി.

ജഡവും കൊണ്ട് പോലിസുകാര്‍ പോയി.

സൂര്യന്‍റെ താണ്ഡവം കഴിഞ്ഞു

ഞങളുടെ എല്ലാവരുടെയും വിശപ്പ് എന്തിനോക്കെയോ വഴി മാറി കൊടുത്തിരിക്കുന്നു.

രാവിലെ കഴിച്ച ഐസ് മിട്ടായി മാത്രം !....

സെല്‍ ഫോണ്‍ പോയിട്ട്ടു ഒരു ഫോണ്‍ പോലും കണ്ടു കിട്ടാന്‍ പ്രയാസമായ കാലമായത് കൊണ്ട് വയ്കുന്നേരം ഓഫീസ് ല്‍ നിന്നും എത്തിയിട്ടാണ് അമ്മ വിവരം അറിയുന്നത്.

കേട്ടപാടെ അമ്മ നിലവിളിച്ചു കരഞ്ഞു.

"ഈശ്വരാ........എന്നാലും ഈ ബേബി എന്തിനിത് ചെയ്തു ??"

സൂര്യന്‍ മറഞ്ഞു കഴിഞ്ഞു.


മേഘവും ചക്രവാളവും ചുവന്നും കറുത്തും കാണപ്പെട്ടു.

ഞാന്‍ അവസാനം കണ്ട ബേബി ചേച്ചിയെ പോലെ.

ഞാന്‍ ജീവിതത്തില്‍ ആദ്യം കണ്ട ജഡം പോലെ!!

അടുക്കളയില്‍ കിടന്നിരുന്ന പുളിങ്കുരു ഞാന്‍ ചുവരിന് അടുത്തേക്ക് നീക്കി കൂട്ടി.

ഐസ് വാങി വെച്ച തൂക്കു പാത്രം മേശപ്പുറത്ത് ഇരിക്കുന്നുണ്ട്, ഞാന്‍ പതുക്കെ പോയി അത് തുറന്നു നോക്കി.

ഈര്‍ക്കിലിയും കുറച്ചു ചുവന്ന വെള്ളവും മാത്രം.

വീണ്ടും ബേബി ചേച്ചിയുടെ വിളി ..

“ലാലുകുട്ടാ....നീ എന്‍റെ ഐസ് മിട്ടായി ............”

മനസ്സില്‍ ആ വിളി പ്രതിദ്വനിച്ചു കൊണ്ടിരുന്നു.

‘ബേബി ചേച്ചി ക്ക് വാ ങ്ങിയ ഐസ് മൊത്തം വെള്ളമായി “ ഞാന്‍ ഉമ്മറത്ത്‌ പോയി അമ്മയോട് സ്വകാര്യം പറഞ്ഞു .

അമ്മ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു .

രാത്രി പത്ത്മണി ആയി കാണും.

പരിസരവാസികള്‍ ആരും അവരവരുടെ വീടുകളിലേക്ക്‌ പോയിട്ടില്ല.

“പഞ്ചവടി” യുടെ അര മതിലിനകത്ത് നാട്ടുകാര്‍ ബേബി ചേച്ചി യുടെ “പോസ്റ്റ്മോര്‍ട്ടം” നടത്തുകയാണ്.

പലരും സ്വയം ഓരോ നിഗമനത്തില്‍ എത്തി ചേരുന്നു.

ചിലര്‍ ചിലത് അടിവരയിട്ടു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.

എല്ലാവരും ഒരു നിമിഷത്തേക് നിശബ്ദമായി.

പാലക്കാട്ടെ മുനിസിപ്പല്‍ ശവവണ്ടിയുടെ ശബ്ദം ദൂരെ നിന്നും കേട്ട് തുടങ്ങി.

ഇരുമ്പ് ചക്രങ്ങള്‍ ഘടിപ്പിച്ച ഇരുമ്പ് കൊണ്ട് ത്തന്നെ തീര്‍ത്ത ഒരു പെട്ടി കയറ്റിവെച്ച ഒരു ഉന്തു വണ്ടി. തുരുമ്പ് തിന്നു തീര്‍ത്ത “ ഇന്ന് ഞാ ന്‍ നാളെ നീ” എന്ന അക്ഷരങ്ങളുടെ അവശേഷിപ്പു കുറച്ചു കാണാം.

വണ്ടി അടുത്തതടുത്തു വരുന്തോറും ചക്രങ്ങളുടെ ഞരക്കം കൂടി കൂടി വന്നു.

അവിടെ കൂടി നിന്നവര്‍ റോഡിലേക്ക് കുറച്ചുകൂടി കയറി നിന്നു.

ഒരു അഞ്ചു നിമിഷം “പഞ്ചവടി” യിലെ ഇടവഴിയില്‍ ആ വണ്ടി നിശബ്ദമായി.

“ലാലു കുട്ടാ ....എനിക്കിനീ ആ ഐസ് മിട്ടായി വേണ്ടാട്ടോ .. നീ ത്തന്നെ കഴിച്ചോളൂട്ടോ !!!”- എന്ന് ബേബി ചേച്ചി വിളിച്ചു പറയുന്നതായി എനിക്ക് തോന്നി.

ഇടവഴിയിലെ മുനിസിപ്പല്‍ പൈപ്പ്‌നോട് “ എന്‍റെ രണ്ടു കുടങ്ങള്‍ നാളെ ഉണ്ടാവില്ലട്ടോ ” എന്നും ബേബി ചേച്ചി പറഞ്ഞിരിക്കാം...

ശവവണ്ടി വീണ്ടും നീങ്ങി തുടങ്ങി . ഇരുമ്പ് ചക്രങ്ങളുടെ ഞരക്കം ഇരുട്ടിനക ത്തേക്ക് അലിഞ്ഞലിഞ്ഞ് ഇല്ലാതെ ആയി.

മണപ്പുള്ളികാവിലെ ശവപറമ്പിലേക്ക് ബേബിചേച്ചിയുടെ

അവസാനയാത്ര!!

ബേബി ചേച്ചിയുടെ ശവം ഏറ്റുവാങ്ങാ ന്‍ ആരും എത്തിയില്ലാ എന്ന് ആരോ ക്കെയോ പറയുന്നത് കേട്ടു.

ഇതിനിടയില്‍ വാവചി എന്നെ വന്നു തോണ്ടി വിളിച്ചു.

‘എന്താ??.....” ഞാന്‍ ചോദിച്ചു

“അറിഞ്ഞോ??”

‘എന്താ??.....” ഞാന്‍ വീണ്ടും ചോദിച്ചു

“അവിടെ ആന്റി മാരൊക്കെ പറയാ..ബേബി ചേച്ചിയുടെ വയററില്‍ ഒരു കുഞ്ഞുവാവ ഉണ്ടത്രേ !!!!”

.......................പിന്നെടെന്നും അച്ഛന്റെ ഓഫീസിലെ ജനല്‍ കമ്പികള്‍ക്കിടയിലൂടെ നോക്കിനില്‍ക്കുമ്പോ ള്‍ കോട്ടയുടെ അകത്തളങ്ങലിലേക്ക് ഇരുമ്പ് പാലത്തിലൂടെ ഇരമ്പി ശബ്ദമുണ്ടാക്കി കടന്നു പോകുന്ന ഓരോ പോലീസ് വണ്ടികളിലും എന്‍റെ കണ്ണുക ള്‍ ഉത്കണ്ഠയോടെ പരതി നടക്കുമായിരുന്നു .....................

മാമച്ചനുണ്ടോ ആ വണ്ടികളില്‍ ഏതിന്‍റെയെങ്ങിലും ഉള്ളില്‍ !!!!!!.........