Sunday, October 21, 2018

Peedhanam

പീഡിപ്പിക്കൽ  പ്രോത്സാഹന കമ്മിറ്റിക്കാരുടെ ശ്രദ്ധയ്ക്ക്.
പീഡനം ആണെന്ന് തോന്നിയാൽ അതാതു ജാതി മത വർഗീയ ചിന്ത ചിന്തിച്ചു നിൽക്കാതെ ആദ്യം നിങ്ങടെ അടുത്തുള്ള sndp ശാഖ , കരയോഗം പ്രസിഡന്റ് , മഹൽ കമ്മിറ്റി ഇവരുമായി ബന്ധപ്പെടണം. അവർ അനേഷിച്ചു കണ്ടുപിടിച്ചു ബാക്കി നോക്കിക്കൊള്ളും .
ഇന്റർപോൾ പോലും ചമ്മി പോകുന്ന സംവിധാനം അവർക്കുണ്ട്.
പോലീസ് ഒരിക്കലും ഇവരുടെ ബാക്കിൽ നടന്നു സമയം കളയല്ലേ. നിങ്ങൾക്ക് ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാനുള്ള സമയം നഷ്ടപ്പെടും.
പിന്നെ ഇര വിര ആയി വരുന്നതുവരെ കണ്ടിരിക്കുന്നവരെല്ലാം ക്ഷമിക്കുക.

" ഇനിയൊരു ജന്മമുണ്ടെങ്കിൽ
നമുക്കാ
സരയു തീരത്തു കാണാം "
......

മുകളിൽ ഇടവകെടെ  കാര്യം പറയാൻ മറന്നു.

തെറ്റുകൾ ഒരുപാട് ചെയ്തു.
ഈ ആഴ്ചയെങ്കിലും ഒന്ന് കുമ്പസാരിക്കണം.

പീഡനം പീഡനേന ശാന്തി.

Kallan

കഥ പഴയതാണ്. 1985 മാർച്ച് ഒൻപതു.
ഫോട്ടോയിൽ കാണുന്നവർ നാലുപേരും എന്റെ വീട് ലക്ഷ്യമിട്ടു. ( ആ നീല മഷി ഇട്ടു വരച്ച ഭാഗം വായിച്ചാൽ  മനസ്സിലാകും )
ഒരുമാസമായി നിരീക്ഷണം. എല്ലാദിവസവും പകൽ വീട് പൂട്ടി കിടക്കുകയും രാത്രി ആളുകൾ ഉള്ളതായും കണ്ടപ്പോൾ അവർ മനസ്സിലാക്കി ഇവിടെ ഉള്ളവർ ഉദ്യോഗസ്ഥർ.എന്നാൽ ആ മാർച്ച് ഒൻപതിന് നമ്മൾ ഒരത്യാവശ്യമായി വീട് മാറി നിൽക്കേണ്ട ആവശ്യം വന്നു.
ഇവർ വീടിനടുത്തു അന്നും വന്നു നിരീക്ഷണം നടത്തി. രാത്രി എട്ടുമണിയായിട്ടും ആരെയും കാണുന്നില്ല ലൈറ്റും  ഇല്ല.
സിനിമക്ക് പോയതാകും എന്ന് കരുതി അവർ സെക്കൻഡ്‌ഷോ കഴിയുന്ന സമയം വരെ കാത്തു വീടിന്റെ ടെറസ്സിൽ പതുങ്ങി ഇരുന്നു.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞും ആരും എത്തിയില്ല എന്ന് കണ്ടപ്പോൾ
രാത്രി ഒരുമണിക്ക് ജനൽ കമ്പി വളച്ചു അകത്തു കയറി പൂന്തു വിളയാടി. വിലപ്പെട്ട എല്ലാം അവർ തട്ടിഎടുത്തു  വെളുപ്പാൻ കാലം  നാല് മണിയോടെ സ്ഥലംവിട്ടു.

രാവിലെ നമ്മൾ എത്തുമ്പോൾ വീടിനകം കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ മട്ടുണ്ട്.
അലമാരികൾ പൊളിച്ചു തുറന്നിരിക്കുന്നു. തുണികൾ എല്ലാം വലിച്ചു വാരി എല്ലാ മുറികളിലും കിടക്കുന്നു.
അടച്ചുപൂട്ടിപോയ വാതിലുകൾ വെട്ടിപ്പൊളിച്ചു തുറന്നു മലർന്നു കിടക്കുന്നു.

അമ്മയുടെ എല്ലാ
സാരിയും പോയി. അമ്മ ഉടുത്തിരുന്ന സാരി അല്ലാതെ ഒറ്റ എണ്ണം പോലും മാറി ഉടുക്കാൻ ഇല്ല.
പിന്നെ എന്റമ്മേടെ ജിമിക്കി കമ്മൽ ...💃💃
എന്റച്ഛന്റെ ബ്രാണ്ടി കുപ്പീം ...പോയി.
ഞാൻ ആഗ്രഹിച്ചു വാങ്ങിയ കാസെറ്റ് പ്ലയെർ എല്ലാം
എല്ലാം അവർ കൊണ്ടുപോയി. സ്വർണ്ണം കുറച്ചേ ഉണ്ടായിരുന്നുള്ളു. നമ്മൾ എവിടെയെങ്കിലും പോകുമ്പോൾ ക്യാഷ് വലിയ പെട്ടികളിൽ ആക്കി സ്വർണ്ണത്തോടൊപ്പം വീടിനു വെളിയിൽ എവിടെയെങ്കിലും കുഴിച്ചിടുകയാണ് പതിവ്. 😜 ( പുരയിടം കിളക്കാൻ ആളെ കിട്ടുന്നില്ല. അതുകൊണ്ടു അല്ല ...സത്യമായിട്ടും.....അങ്ങനെ തന്നെയാ...നോട്ട് എണ്ണുന്ന മെഷീൻ മാത്രം അകത്തു വെക്കും.
അത് വെളിയിൽ വെച്ച് നനഞ്ഞാൽ പിന്നെ വർക്ക് ആകില്ലാ...)
പോലീസ് വന്നു ... പോലീസ് പട്ടി  വന്നു.... ഫിംഗർ പ്രിൻറ് വണ്ടി  വന്നു .... ചുരുക്കിപ്പറഞ്ഞാൽ സകലമാന ആളുകളും കയറി ഇറങ്ങി ഒരാഴ്ച്ച. ദിവസവും നമ്മൾ പോലീസ് സ്റ്റേഷനും ആയി ബന്ധപ്പെടും എന്തെങ്കിലും തുമ്പു കിട്ടിയോ എന്നറിയാൻ.  ഒരു തുമ്പും പോലീസ് പട്ടിക്കും ഫിംഗർ വണ്ടിയും കണ്ടു പിടിച്ചില്ല.
നമ്മൾക്കാണെങ്കിൽ ഈ വീട്ടിലോട്ടു സൂക്ഷിച്ചു നോക്കിപോകുന്ന എല്ലാവരെയും സംശയം.  
ഇതിനിടയിൽ എപ്പോഴോ എവിടെന്നോവന്ന ഒരു ഒരു തമിഴൻ കൂട്ടിൽ അടച്ച തത്തയുമായി വീട്ടിൽ എത്തി.
ഇനി ഇവനെ ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു. പോലീസ് പട്ടിയും ഫിംഗർ പ്രിന്റും പരാജയപ്പെട്ടതല്ലേ ...!!!

തമിഴൻ കാർഡ് നിരത്തി. ലോക്കപ്പ് തുറന്നു തത്തയെ പുറത്തിറക്കി നടത്തി.  അമ്മ മനസ്സിൽ ആലോചിക്കുന്ന കാര്യം തത്ത എടുക്കും. തമിഴൻ റെഡി സ്റ്റാർട്ട് പറഞ്ഞു.
തത്ത ഒന്നിന് പകരം രണ്ട് കാർഡ് എടുത്തു വീശി. തമിഴൻ കാർഡ് നോക്കി ഒന്നു ഞെട്ടി.
നമ്മൾ തമിഴന്റെ ഞെട്ടലിനു
മീതെ രണ്ടു ഞെട്ടി. തമിഴൻ തലേകെട്ടു അഴിച്ചുവെച്ചു
അമ്മയെ തൊഴുതു.
കൊങ്ങിണി ഭാഷ പോലെ ആണ് തമിഴന്റെ സംസാരം.

"" നായന്മാർ സൂറൻമാർ(ശൂരന്മാർ)അവർ തെങ്ങിന്റെ മോറ് കുടിക്കും"

ഏകദേശം ഈ ലൈൻ.

കാർഡ് ഒന്ന്-
കാളിയന്റെ പുറത്തിരിക്കുന്ന കൃഷ്ണൻ.
കാർഡ് രണ്ട്-അഭിമന്യു ഇൻ പദ്മവ്യൂഹം.

തമിഴൻ വായെടുത്തു...
"അമ്മാ... ഇന്ത ഇടം തനി  ഇടം.
ഇങ്ക വന്നു ആർക്കുമേ
ഏമാത്തിയിട്ടു പോക മൂടിയയാത്.നീങ്കേ  ഇന്ദിറാ കാന്തി ...  രസാവ് ഇറുക്കുന്നിടം.
കൊഞ്ചം പാരമ്മാ ...ചക്രവ്യൂഹം. അഭിമന്യു വരെ മാട്ടിയാച്ചു
ഉള്ളെപോയി മാട്ടിയാച്ചാ തിരുമ്പി വരമുടിയാത്  "

മാട്ടി ... തേങ്ങാക്കുല.. അഭിമന്യു ആൻഡ് ടീംസ്‌ കഴിഞ്ഞ ആഴ്ച ചക്രവ്യൂഹത്തിന്റെ കമ്പി വളച്ചു പിൻവാതിലിൽ കൂടി ഇറങ്ങി പോയതേ ഉള്ളു. ഫ്രണ്ടിൽ കൂടി ഇറങ്ങാൻ ആണ് പുള്ളി പഠിക്കാതിരുന്നത്...

എനിക്ക് ഡൌട്ട് അടിച്ചു. തമിഴൻ കള്ളന്മാരുടെ കൂടെ ഉള്ളവൻ. ഇപ്പൊ തമിഴനെ പൊക്കിയാ  തത്ത രക്ഷപ്പെടും ലോക്കപ്പിൽ നിന്നും...എന്നിട്ടു തമിഴൻ അകത്താവുകയും ചെയ്യും.

കുറെ വേറെ കഥകളൊക്കെ കേട്ടുകഴിഞ്ഞപ്പോ തമിഴനോട് ആരാധനതോന്നി അമ്മ വീട്ടിൽ കള്ളൻ കയറിയ കഥ വിളമ്പി.
തമിഴൻ തത്തയെ വീണ്ടും വിളിച്ചു വരുത്തി ഒരു കാർഡ് കൂടി എടുപ്പിച്ചു.

കാർഡ് മൂന്ന് - മല ചുമന്നു പറക്കുന്ന ഹനുമാൻ.
ഇന്നേക്കു പതിനാലാം പക്കം കണ്ടിപ്പാ കിടക്കിതു. എല്ലാം മാട്ടപ്പോറേ..ഹനുമാൻ മല പൊക്കിട്ടു വറുത പാരമ്മ കൊഞ്ചം .... ഇത് സത്യ സത്യം സത്യം .. ഇല്ലെൻ ഞാൻ ഇന്ത കിളിയെ പറത്തി വിട്ടിടും. ഇന്ത തൊഴിലെ നിർത്തിടും അയ്യാ....

ഇപ്പൊ ഞാൻ ഉറപ്പിച്ചു. തമിഴനെ ഇവിടെ കയറിയ മറ്റവന്മാർ പറ്റിച്ചു കാണും. തമിഴൻ ഉറപ്പായും മറ്റവരെ ഒറ്റി ... പോലീസ് ലവന്മാരെ തപ്പുന്നുണ്ടാവും.... എടാ തമിഴ് തിരുടാ... നിന്റെ കിളിയെ ഞാൻ തന്നെ പറപറത്തുന്നതായിരിക്കും. നിന്റെ ആന മയിൽ ഒട്ടകം പടങ്ങൾ വെച്ചു ഞാൻ ചൂടുവെള്ളം ഉണ്ടാക്കി കുളിക്കും.  നോക്കിക്കോ.

തമിഴൻ അന്നത്തെ പത്തു രൂപയും വാങ്ങി ഇന്ദിറാ കാന്തി യെ പറ്റിച്ചു എന്ന് ഞാൻ കരുതി.
എന്റെ എല്ലാകണക്കുകളും തെറ്റി.  തമിഴൻ പോയി
പതിനാലാം നാൾ ആ ഫോട്ടോയിൽ കാണുന്നവർ എല്ലാം പൊങ്ങി.  കോട്ടയം വെസ്റ്റ് പോലീസ് ആണ് പിടിച്ചത്. കോയമ്പത്തൂർ വിറ്റ  ഒരുലോഡ് സാധനങ്ങളുമായി പോലിസിന്റെ നീല ഹനുമാൻ വണ്ടി കോട്ടയം  സ്റ്റേഷനിൽ എത്തി.

ഇന്നും കിളിയെയും കൊണ്ട് പോകുന്ന ആരെ കാണുമ്പോഴും മീശ ചുരുട്ടി കയറ്റിവെച്ച എണ്ണകറുപ്പുള്ള, കയ്യിൽ കുറെ വിരലുകളിൽ കട്ടിയുള്ള പലതരം മോതിരങ്ങളിട്ട ആ മനുഷ്യനെ ഞാൻ തിരയും.
ഇന്നയാളെ കിട്ടിയിരുന്നെങ്കിൽ മുല്ലപരിയാറിന്റെ  സ്ഥിതിയും ഗാഡ്ഗിൽ റിപ്പോർട്ടും കുട്ടനാട് പാക്കേജും ചേർത്ത് അടുത്തതായി  എന്ന് ഷട്ടർ തുറക്കണം എന്നും ചോദിക്കാമായിരുന്നു.
TK

Pralayam

മധു ചോദിക്കുന്നു
മഴ നനഞ്ഞപ്പോ എല്ലാരും തണുത്തു മരവിക്കുന്നുണ്ടോ?എന്റെ വീടിലും ഇതേ തണുപ്പായിരുന്നു. ഞങ്ങൾക്കു വേണ്ടി ചിലവാക്കിയ കോടികളിൽ ആരും ഒരു കോടി പോലും പുതയ്ക്കാൻ തന്നില്ല. എന്റെ വീട്ടിൽ എന്നും ഈ പ്രളയം വന്നിരുന്നു. അതുകൊണ്ടാണ് ഞാൻ പ്രളയത്തെ ഭയപ്പെടാതിരുന്നത്.

എല്ലാർക്കും വിശക്കുന്നുണ്ടോ ഇപ്പോ ? എനിക്കും ഇതേ വിശപ്പായിരുന്നു. ആകാശത്തുനിന്നും ഒരു പൊതി ചോറ്പോലും ആരും എറിഞ്ഞുതന്നില്ല. ഒരു നുള്ള് അരിക്കുവേണ്ടിയാണ് ഞാൻ കിലോമീറ്റർ നടന്നു ശീലിച്ചത്. അതുകൊണ്ടാണ് ദൂരം അളവുകോലായി എന്റെ മുന്നിൽ ഇല്ലാതിരുന്നതു.

എല്ലാർക്കും ഇരുട്ടിന്റെ അസ്വസ്ഥത ഉണ്ടോ? എന്റെവീട്ടിൽ എന്നും ഈ ഇരുട്ടായിരുന്നു. ഒരു മെഴുകുതിരി കാലുപോലും ആരും എനിക്ക് നേരെ വെച്ച് നീട്ടിയില്ല. അതുകൊണ്ടാണ് ഇരുട്ടിനെ എനിക്ക് പേടിയില്ലാതിരുന്നത്.

എല്ലാർക്കും വെള്ളത്തിലൂടെ ഒഴുകിവന്ന പാമ്പിനെയും പഴുതാരയെയും പേടി ഉണ്ടോ?
ഇതിനേക്കാൾ ഭയക്കേണ്ടവരായിരുന്നു എന്റെ അയൽക്കാരും കൂട്ടുകാരും. പക്ഷെ അവരോടൊന്നും എനിക്ക് പേടി തോന്നിയില്ല. കാരണം അവരെന്റെ പ്രകൃതി തന്ന  സംരക്ഷകരായിരുന്നു.

എല്ലാർക്കും ആളൊഴിഞ്ഞ നിശബ്ദതയുടെ ഭീകരത മനസ്സിൽ മരവിപ്പായി നിൽക്കുന്നുവോ?
ഈ ശബ്ദമില്ലായ്മയാണ് എന്നും എന്റെ ചുറ്റും ഉണ്ടായിരുന്നിട്ടും എന്നെ മരവിപ്പിക്കാതെ പിടിച്ചു നിർത്തിയത്.

പരിഹാരം അകലെയാണ് ..
നമ്മൾ ആർക്കും കൈഎത്തിപിടിക്കാൻ പറ്റുന്ന ദൂരത്തല്ല. അതുകൊണ്ടാണ് എന്റെ തലതൊട്ടപ്പന്മാർ സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും തീയ്യെയും വണങ്ങി ശീലിച്ചത്.  അവർക്കു മീതെ നീ തന്നെയാണ് കല്ലിൽ കൊത്തിയെടുത്ത ദൈവങ്ങളെ ഇരുത്തി കോടികൾ കൊള്ളയടിക്കുന്നതു.
ഇനിയെങ്കിലും നീ പഴയതിലോട്ടു പോയി കയ്യെടുത്തു തൊഴുതു തുടങ്ങു.
അല്ലെങ്കിൽ പ്രകൃതി ചിലപ്പോൾ ആ പഴയതിൽ നിന്നും തുടങ്ങും. അവൾക്കു നിമിഷ നേരം മതി എല്ലാം മാച്ചുകളഞ്ഞു പുതിയത് എഴുതാൻ. നിമിഷം എന്ന് പറഞ്ഞാൽ അത് തന്നെ , കണ്ണടച്ച് തുറക്കുന്ന സമയം.
TK

Lathu

സ്വാതന്ത്ര്യത്തെ തപ്പി എടുക്കുകയായിരുന്നു രാവിലെ.
പത്രം നോക്കി. നമ്മുടെ മറ്റേ പത്രം തന്നെ.
വായിച്ചെടുത്തതിലെല്ലാം ഇഷ്ടംപോലെ ഞാൻ തപ്പിയ സാധനം. നിങ്ങളാരും താപ്പാഞ്ഞിട്ടാ അത് കിട്ടാത്തത്.
ഓണം വരുന്നതുകൊണ്ട്  കുറച്ചു റിബേറ്റും ഉണ്ട്. വേണോങ്കിൽ തപ്പിക്കോ.

ഒറിജിനൽ ഗാന്ധി പറഞ്ഞ വരിയും ഫോട്ടോയും പത്രത്തിന്റെ തലയിൽ തന്നെ കണ്ടപ്പോളാണ് ഞാൻ തപ്പിയ സാധനത്തെക്കുറിച്ചു ശരിക്കും ശരിക്കും ചിന്തിച്ചത്.
" ഭാരതത്തിൽ എവിടെയും ഏത് സമയത്തും സ്ത്രീ നിർഭയമായും സ്വതന്ത്രമായും സഞ്ചരിച്ചാൽ മാത്രമേ നമ്മൾക്ക് യഥാർത്ഥ ലത് കിട്ടൂന്ന് ഒറിജിനൽ ഗാന്ധി അപ്പൂപ്പൻ.  വളരെ ദീർഘവീഷണം ഉൾകൊണ്ട വരികൾ.
തെഴുതു.
താഴോട്ടു നടന്നു. ദാ കിടക്കുന്നു ലത്. ഞാൻ തപ്പി നടന്ന സാധനം.

ദേവാസുരത്തിലെ നായകൻ പറഞ്ഞപോലെ പോലീസ് ഏമാൻമാരോട്  മാറ്റി നിർത്തി ബിഷപ്പൻ പറഞ്ഞത്രേ..
" ഞാൻ വെറും ഊച്ചാളി രാഷ്ട്രീയക്കാരൻ പറഞ്ഞ പോലെ സ്ഥലം മാറ്റി കളയും എന്നൊന്നും വിചാരിക്കരുത് ... ചെയ്താ ശീലം ..കേട്ടോടാ ....."

കിട്ടിയ ലത് അപ്പൊത്തന്നെ കുട്ടയിലാക്കി കുറച്ചു ലത് ആ പോലീസുകാർക്കും കുറച്ചു ലത് ആ കന്യാസ്ത്രീക്കും വിളിച്ചു കൊടുത്തു.
അപ്പൂപ്പന്റെ ഫോട്ടോ ഒന്ന് നോക്കി.എന്നെ നോക്കി ഒരു കണ്ണിറുക്കി 'ചുമ്മാ' എന്നൊരു പറച്ചിൽ. ഞാൻ ഞെട്ടിപ്പോയി. ഞാൻ ഒറ്റ ഓട്ടം. ചെറിയ കിതപ്പായപ്പോൾ ഓട്ടം നിർത്തി നടന്നു തുടങ്ങി. നടന്നു നടന്നു കുറച്ചുകൂടി നടന്നു വലത്തോട്ട് തിരിഞ്ഞപ്പോ ദാണ്ടെ കിടക്കുന്നു വീണ്ടും ലത്.

നിറപുത്തരിക്കു പോയ കണ്ഠരര്  വനത്തിനുള്ളിൽ പെട്ടു. വനത്തിനുള്ളിൽ നിന്ന് കണ്ഠരര്ക്കു ഇനി ലത് കിട്ടാൻ പെരിയാർ റിസേർവിലെ കുറച്ചു പേര് അങ്ങോട്ട് പോയിട്ടുണ്ടെന്നു പറയാൻ പറഞ്ഞു.

വീണ്ടും ഞാൻ അപ്പൂപ്പനെ നോക്കി. ഇപ്പൊ ദാ  കണ്ണിറുക്കി തല താഴോട്ട് ഒന്ന് ഇരുത്തി ഒന്നു  പൊങ്ങി."ചുമ്മാ"....
അപ്പൂപ്പാ.. ഭയങ്കരൻ തന്നെ നിങ്ങള് ...ചുമ്മാതല്ല നിങ്ങടെ പടം എല്ലാ പോലീസ് സ്റ്റേഷനിലും... ഉം .. കാര്യം അങ്ങനെ എനിക്കും പിടികിട്ടി അപ്പൂപ്പാ ....

വീണ്ടും നടന്നു ഞാൻ. ദേ  ലത് വീണ്ടും കിടക്കുന്നു.
"കൊല്ലത്തു ആനവണ്ടി ഓടിച്ചു ഉറങ്ങി മൂന്നെണ്ണം ... . കോഴിക്കോട് ആനവണ്ടി മദ്യപിച്ചു ഓടിച്ച ഡ്രൈവർ അറസ്റ്റിൽ "
കൊല്ലത്തു വെറുതെ ഇരുന്ന കണ്ടക്റ്ററുടെയും എതിരെ മര്യാദക്ക് വന്ന ലോറി ഡ്രൈവറുടെയും ലത് ലവൻ എടുത്തു.
ഞാൻ താടിക്കു കൈ കൊടുത്തു.
എംഡി വിതുമ്പി....
ഇനി ആരും ഉറക്കമിളച്ചു ഓടിക്കണ്ട എന്നു പറഞ്ഞു .. പക്ഷെ കോഴിക്കോട്ടെ ആന വണ്ടിക്കാരന്റ ലതിനെ പറ്റി ഒന്നും ....
എംഡി ....എംഡി ....എങ്കി  പറ  ഐ ലൗ  യൂന്നു ....
അയ്യോ എന്റെ ലത് മറന്നു..
അപ്പൂപ്പനെ ഒളികണ്ണിട്ടു നോക്കി. ഇപ്പോഴാ കണ്ടത് ... .. ഒരു വടി കൈയ്യിൽ വെച്ചിരിക്കുന്നു. നീണ്ട വടി.
വീണ്ടും നോക്കി. അപ്പൂപ്പനെക്കാൾ ഉയരമുള്ള വടി.  ഇത്തവണ വടി ഉറപ്പിച്ചു മണ്ണിലോട്ടു കുത്തി പറഞ്ഞു... വളരെ പതുക്കെ
"ചുമ്മാ ...."
ഞാൻ പത്രത്തിന്റെ NH ഇൽ  നിന്നും നടന്നു ഇടവഴിയിലോട്ടു കയറി.
" ആക്രമിക്കപ്പെട്ട നടിടെ ലത് വേണം എന്ന് ലവൻ ... ലത് കൊടുക്കാൻ പറ്റില്ലെന്ന് കോടതി ....."

"അപ്പൂപ്പാ .. ഞാൻ നിക്കണോ പോണോ ?"

"👣👣👣👣 ചുമ്മാ വിട്ടൊന്നെ "...

ഞാൻ വലത്തോട്ട് തിരിഞ്ഞു.
"മോഡിയെ  പുറത്താക്കുകയാണ് ലക്‌ഷ്യം എന്ന് ഡ്യൂപ്ലിക്കേറ്റ് ഗാന്ധി.
കല്യാണം നേരത്തെ കഴിഞ്ഞെന്നും ഇനി മോഡി ടെ കസേര ആണ് കുഞ്ഞിക്കാൽ എന്നും ....

ഞാൻ നടന്നു നടന്നു കുറെ ദൂരെ ആയിപോയി .BHEL ന്റെ  ഫോൺ കിട്ടിയിരുന്നെങ്കിൽ അപ്പൂപ്പനോട് ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു. ഇനി എങ്ങോട്ടാ പോകേണ്ടത് എന്ന് .

അപ്പൂപ്പൻ പറഞ്ഞ വരി പാട്ടായി കേൾക്കുന്നു
ചുമ്മാ ചുമ്മാ ദേ ദേ ...
ചുമ്മാ ചുമ്മാ ദേ  ദേ  ചുമ്മാ

കണ്ട വഴി നടന്നു . ക്ഷീണിച്ചു.
അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല എന്ന് പുതിയ മന്ത്രി പറഞ്ഞ മതിലിൽ മോന്ത പോയി ഇടിച്ചപ്പോഴാ ബോധം വീണത്.

അപ്പൂപ്പൻ ഭയകരം തന്നെ ....അപ്പൂപ്പന്റെ പടം ഉള്ള പേപ്പർ കൂടുതൽ ഉണ്ടെങ്കിലേ ലത് കൂടും...
എല്ലാരും രാവിലേ എണീറ്റ് ലത്ഉണ്ടാക്കാൻ നോക്ക്

"ലത് തന്നെ ജീവിതം
ലത് തന്നെ അമൃതം
പാര തന്ദ്രം മാണികൾക്കു
......ഭയാനകം

ഞാൻ തപ്പിയ ലത് കിട്ടിയതും ഇല്ല കൈയിൽ ഉള്ള ലത് പോകുമോ എന്ന പേടിയും ഇപ്പൊ ..

ഇന്ത്യ മഹാ രാജ്യത്തു പറയാനുള്ള ഒരു ലത് ഉള്ളതുകൊണ്ടാണെ ...
പൊറുക്കണേ
TK

Kambi maniyan

കമ്പി മണിയൻ എന്ന പേരിൽ എന്റെ നാട്ടിൽ പ്രസിദ്ധനായ ഒരാളുണ്ട്. നാട്ടിലെ ഭൂരിപക്ഷം വരുന്ന കെട്ടിടങ്ങളുടെയും വാർക്കപണിയുടെ കമ്പി കെട്ടാണ് പുള്ളിക്ക് ഈ പേര് വീഴ്ത്താനുള്ള  കാരണം.
ജന്മനാ തന്നെ മണിയന്റെ ഇടതു കാലിനു ചെറിയ ഒരു വളവുണ്ട്. കമ്പികളുടെ പ്രാക്ക് എന്നാണു മണിയൻ ആശാരിയുടെ ഭാഷ്യം. ഈ വളവുകാരണം നടത്തത്തിൽ ഒരു ചെറിയ അലൈൻമെന്റ് പ്രശ്‍നമുണ്ടു. ഇടതു കാലിൽ ഉള്ള ചെരുപ്പ് പെട്ടെന്ന് വെട്ടി തേയും. അതുകൊണ്ടു ഈ കാലിൽ കൂടുതൽ ഭാരം കൊടുക്കാതിരിക്കാൻ നാട്ടിലുള്ള പട്ട ഷാപ്പിൽ കേറി പണ്ടുമുതലേ രണ്ടെണ്ണം രാവിലെ പിടിപ്പിച്ചും  നല്ല പൊയില ഞെട്ട് ചേർത്ത് ഒന്ന് മുറുക്കിയും ആണ് പണിക്കു പോകുക. പിന്നെ പുള്ളി പോകുക എയറിൽ ആണ്. തറയിൽകൂടി അല്ല.
എന്റെ ഒരു സുഹൃത്തിന്റെ ഏകദേശം മുപ്പതിനായിരം ചതുരം വരുന്ന കല്യാണ മണ്ഡപത്തിന്റെ കമ്പി കെട്ടു പണിയും മണിയന് കിട്ടി. സുഹൃത്തിന്റെ അച്ഛൻ വലിയ കണിശക്കാരൻ,വലിയ അബ്‌കാരി ,വലിയ വലിയ കുറെ സ്ഥാപനങ്ങളുടെ ഉടമ. പണിക്കാരെ വരച്ചവരയിൽ നിർത്തി കുഴപ്പക്കാരോട് വർത്തമാനത്തിൽ "പു"ലിംഗം വും "കു" ലിംഗവും കൂട്ടി നല്ല കട്ട സ്വരത്തിൽ  ആണ് മിക്കവാറും വർത്തമാനം.
പുള്ളി മണിയനെ  വിളിപ്പിച്ചു.
" എടാ മണിയാ നിനക്ക് എത്രദിവസം വേണമെടാ ഇത് നിനക്ക് തീർത്തു തരാൻ? "
മണിയൻ  വളഞ്ഞ കാലുമായി ഒന്നു ചുറ്റും ഓടി നടന്നു നോക്കി  വിനീത വിധേയനായി പറഞ്ഞു
" മുയലാളീ ഒരു നാല്പത്തെട്ടു മണിക്കൂർ,കൂടിപോയാ ഒരു അമ്പതു."
മുതലാളീ മണിയനെ സാകൂതം നോക്കി. മണിയന്റെ വളപ്പിന്റെ ഗുണഗണങ്ങൾ മണിയൻ തന്നെ പറഞ്ഞു കേൾപ്പിച്ചു.
മുതലാളി അടുത്ത തിങ്കൾ മുതൽ പണി നടത്താനുള്ള  അനുവാദവും കൊടുത്തു.
രണ്ടുദിവസം കഴിഞ്ഞാണ് മുതലാളി സ്ഥലം സന്ദർശിച്ചത്. പണി ഒരു ഇരുന്നൂറു ചതുരം പോലും തീർന്നിട്ടില്ല. ഷുഭിതനായ മുതലാളി മണിയനെ വിളിപ്പിച്ചു.
" ടാ മണിയാ  നീയല്ലേ പറഞ്ഞത് നാലപ്പത്തെട്ടു മണിക്കൂർ എന്ന് , എന്നിട്ടെന്താടാ ...#%%#€£% "
മണിയന്റെ സ്വതസിദ്ധമായ മറുപടി വന്നു.
" മുതലാളീ ഞാൻ പറഞ്ഞാ പറഞ്ഞതാ. നാൽപ്പത്തെട്ടു എന്നുപറഞ്ഞാ  നാല്പത്തെട്ടാ. പക്ഷെ ഞാൻ ഒരുദിവസം അഞ്ചുമണിക്കൂറേ  പണിയു ..."
TK

Meesakku thaazhe

മഴ തകർക്കുകയാണ്.
രാവിലെയുള്ള പതിവില്ലാത്ത ആരോഗ്യപരിപാലനം അന്യംനിന്നിട്ട് രണ്ടാഴ്ചയായി. കണ്ണാടിയിൽനോക്കി മൂക്കിനുതാഴെ വളരുന്ന രോമം കോതി ബ്രൂറ്റേഷ്യനായി.മീശ എന്നുപറഞ്ഞാൽ പ്രശ്നമായതുകൊണ്ടാ ..ക്ഷമിക്കണം.
ഭൂരിപക്ഷവർഗീയതയെ ജോക്കിക്കുള്ളിലാക്കി ഗേറ്റ് തുറന്നപ്പോൾ തറിയിൽ നൂർത്ത നാനാത്വത്തിൽ ഏകത്വവും ഉടുത്തു മുല്ലപ്പൂവും ചൂടി മിനിചേച്ചി എതിരെ.
മനസ്സ് മന്ത്രിച്ചു...ശകുനം നല്ലതല്ലാ..
വേശ്യയെ കണ്ടാൽ ഉത്തമം.
ഇതിപ്പോ ....
കഴിഞ്ഞ തവണ മിനിചേച്ചി ശകുനം വന്ന ദിവസമാ  ട്രാഫിക് SI ന്യൂനപക്ഷ വർഗീയത എടുത്തു വെളിയിലിട്ടു
'ഒതുക്കി നിർത്തെടാ നിന്റെ ...ണ്ടി ...
ആരുടെ അമ്മേടെ റാഫേൽ ഉടമ്പടിക്കടാ പോണത് എന്നും ചോദിച്ചത്'. അന്ന് 500 ന്റെ  നോട്ടുനിരോധനം കൊടുത്താ  ഊരി പോയത്. റെസിപ്റ്റ് തന്നപ്പോ കൂടെ  ഒരു ഉപദേശവും ,
നിനക്കുപോയി വല്ല അന്യന്റെ ഭാര്യയെ റേപ്പ് ചെയ്തൂടെടാ .. സ്വർഗ്ഗരാജ്യം നിനക്കുള്ളതാവില്ലേ എന്ന് .
ഞാൻ ....ണ്ടി  സ്റ്റാർട്ട് ചെയ്തു. വിഷണ്ണകഞ്ചുകനായി..

മിനിചേച്ചി അടുത്തെത്തി.
" എങ്ങോട്ടാ മിനിചേച്ചി രാവിലെ ? ലൈംഗികബന്ധം  വല്ലതും ...."
" ഓ  അല്ലടാ  , പൂജാരിയുടെ കൂടെ  ഒരു സംയുകത വാർത്താസമ്മേളനം , നീ വരുന്നോ ?"
"അയ്യോ ഇല്ലേ ....."
മഴയ്ക്ക് ശക്തികൂടി.
ഇടതുവശത്തു ഒരു ന്യൂനമർദ്ദം. ജോക്കി ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്തു. കക്ഷത്തിരുന്ന അവിശ്വാസപ്രമേയം നിവർത്തി നടന്നു. കുറെ ദൂരം ചെന്നപ്പോളേക്കും പോക്കറ്റിൽ കിടന്നു പീഡനവീരൻ കൂവുന്നു. എടുത്തു നോക്കിയപ്പോൾ ബേബിച്ചായൻ ആണ് അങ്ങേ തലക്കൽ.
"എടാ വൈകുന്നേരം ഒരു മതസൗഹാർദ്ദം  പൊട്ടിക്കുന്നുണ്ട് ..വേറേ കൊട്ടേഷൻ ഒന്നും വേണ്ട .. നേരെ ഇങ്ങുപോന്നോണം. അളിയൻ വന്നിട്ടുണ്ട് ഗൾഫിന്നു"..

"... ശകുനം കൊള്ളാല്ലോ!
അയ്യോ മിനിചേച്ചി  ഇനി  പിഴച്ചു വല്ല .......മനസ്സിൽ പൂത്തിരി കത്തി
സംയുകത വാർത്താ സമ്മേളനം ...
ഓ അടുത്ത ശകുനത്തിൽ ആവട്ടെ.

വൈകുന്നേരം പോകുന്നതിനു മുൻപും മീശ വീണ്ടും ഒതുക്കി. ഒതുക്കി ഒതുക്കി നാലു  രോമങ്ങളും പിഴുതുപോയി.  വലതു നിന്ന് ഒന്നും  ഇടതു നിന്ന് മൂന്നും .

എത്തുന്നതിനു മുൻപേ വിൻഡർ സെഷൻ ആരംഭിച്ച ബഹളം കേൾക്കാം...
മണി  അടിച്ചു ..
ബേബിച്ചായൻ ഇറങ്ങി വന്നു വാതിൽതുറന്നു കെട്ടിപ്പിടിച്ചു. ഉമ്മ തന്നു. ഒരു ചെറിയ സ്വവർഗ്ഗം ..
അകത്തു ഒരു സീറ്റ്... അതിൽ ഇരുത്തി.
നല്ല വർഗീയത വരട്ടി വെച്ചത് ഒരു വലിയ ചീനച്ചട്ടി , കൂടെ നല്ല മലയാളീ  ഞണ്ട്  കൊണ്ട് ഉണ്ടാക്കിയ കറീം ...
മതസൗഹാർദ്ദം  പകുതി കഴിഞ്ഞിട്ട് കുറച് നേരം ആയി.മതസൗഹാർദ്ദവും വർഗീയതയും കൂടി മാറി മാറി പരീക്ഷിച്ചു. ഇടയ്ക്കു ഞണ്ടും.
രണ്ടാമത്തെ മതസൗഹാർദവും  പൊട്ടി .

നുരയുന്ന പതയും കടിക്കുന്ന ഞണ്ടും തീർന്നു.

തിരികെ പോരാൻ എണീറ്റപ്പോളെക്കും ബേബിച്ചായന്റെ ഭാര്യ സന്തോഷത്തോടെ പറഞ്ഞു.

" എന്നതാ അച്ചായാ .. ഇങ്ങനെ ആയാൽ നാളെ തല പൊന്തത്തില്ല .
ഞാൻ പോയി കുമ്പസാരിക്കുമേ ...."

മിനിചേച്ചിയെ മനസ്സിൽ ധ്യാനിച്ചു കക്ഷത്തിരുന്ന
വിശ്വാസ പ്രമേയവും നിവർത്തി ബേബിച്ചായന്റെ സന്നിധാനത്തു നിന്നും ഇറങ്ങി.

മനസ്സിൽ പാട്ടു മൂളി
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം ...
TK