Saturday, March 17, 2012

ബംഗാളി പാത്തുമ്മ


മനസ്സിനെ അസ്വസ്ഥമാക്കി കുലുങ്ങി ചിരിക്കുന്ന ചിലരുണ്ട് - ഒരു വില്ലനെ പോലെ !!.
മനസ്സില്‍ ഒരു സ്മശാന മൂകതയുടെ ഇരുട്ട് സമ്മാനിച്ച്‌ പേടിപ്പെടുത്തുന്ന വേറെ ചിലര്‍.
നമ്മുടെ ചിന്തകളെ കാര്‍ന്നു തിന്നുന്ന മറ്റുചില ര്‍.
ഏകാന്ത നിമിഷങ്ങളില്‍ ഇരച്ചു കയറി വന്നു ഒരു ആത്മ സംഘര്‍ഷം തന്ന്‌ പിന്‍വലിയുന്ന ശാന്തരായ ചില ആത്മാവുകളും ഉണ്ട് ജീവിതത്തി ല്‍.
പാവകൂത്ത് കളിക്കാരാണ് ഭൂരിഭാഗവും ,കുറെ ചരടുകളും അത്നിയ ന്ത്രിക്കാന്‍ മറ്റൊരാളും വേണം ജീവിതത്തിന്‍റെ ആശയം വിശദമാക്കാന്‍.
മനസ്സാകുന്ന രംഗപടത്തിന്‍റെ തിരശീല വീഴുമ്പോഴേക്കും പലരും മനസ്സില്‍ നിന്നും ഓടി മറയും..
ഈ സ്ത്രീ ഒരിക്കലും എന്‍റെ മനസ്സിലേക്ക്, എന്‍റെ മുന്‍പിലേക്ക് , എടുത്തു ചാടിയതോ ഇരച്ചു കയറി വന്നതോ അല്ല
ഞാന്‍ പോയി സ്വീകരിക്കുയായിരുന്നു !!!
തേടി കണ്ടെത്തുകയായിരുന്നു !!!
കണ്ടു കഴിഞ്ഞപ്പോ ള്‍ മുതല്‍ പലവട്ടം ഇവരെന്‍റെ മനസ്സിനെ വലിച്ചു കുടഞ്ഞു പുറത്തിട്ട് അട്ടഹസിക്കുന്നത് ദൂരെ ഇരുന്നു ഞാന്‍ കേട്ടു, കണ്ടു.!!
അടുത്ത് ചെല്ലുമ്പോള്‍ അത് അട്ടഹാസമാണോ ആര്‍ത്തലച്ചു കരയുന്നതാണോ എന്നറിയാന്‍ കഴിയാതെ പോയി.
അതുകൊണ്ടാണ് ഇതെഴുതണമെന്നു ഞാന്‍ കരുതിയത്‌.
പേര് പാത്തുമ്മ !!!
വെറും പാത്തുമ്മയല്ല ............
ബംഗാളി പാത്തുമ്മ !!!!!!!!
ബംഗാളികള്‍ക്ക് പോലും കേട്ടു കേള്‍വി കാണില്ല ഇങ്ങനെ ഒരു പേര്-
പാത്തുമ്മയില്‍ നിന്നും തറ്റുടുത്ത് നില്‍ക്കുന്ന “ബംഗാളിപാത്തുമ്മ” യിലേക്കുള്ള ദൂരവും കാലവും നേരും അറിയാന്‍ ഞാന്‍ ഒരുപാടു ദൂരം ചാലിയാര്‍ന്‍റെ കയങ്ങളിലൂടെ എന്‍റെ കടത്തുവഞ്ചിയി ല്‍ കുറെ ഏറനാട്ടുകാരെ കയറ്റി ഇറക്കി – ഒരു പത്തെഴുപത് വര്‍ഷം ആ വഞ്ചി ഞാന്‍ പുറകോട്ട്‌ തുഴയാന്‍ കുറച്ചു സമയമേ ഞാന്‍ എടുത്തുള്ളൂ, എന്നാല്‍ ഹൃദയം ഒരെഴുപത് വര്‍ഷം പിടക്കാനുള്ളത് പിടച്ചു.
ജീവിതത്തില്‍ ഇത്തരം തുഴചില്‍ പലവട്ടം ഉണ്ടായിട്ടുണ്ട്. അത് എനിക്കുണ്ടാക്കുന്ന ഒരുതരം ഹരം –ഞാന്‍ ശരിക്കും ആസ്വദിച്ചു ഈ യാത്രയില്‍.
ആര്യാടന്‍ ഷൌക്കത്ത്ഉം , മുന്‍ നിലംബൂ ര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയിരുന്ന ആയിഷമുഹമ്മദുകക്കാടെ (അച്ഛന്‍റെ സുഹൃത്ത്-മരണപെട്ടു) മകന്‍ നൌഷാദ്ഉം , കുര്യന്‍ സാറിന്‍റെ (അച്ഛന്‍റെ സുഹൃത്ത്-മരണപെട്ടു) മകന്‍ സാന്‍ജോ ( ഇപ്പോള്‍ പാട്ടാളത്തി ല്‍ ) യും, അവരുടെ കാര്‍ ഡ്രൈവര്‍ കുട്ടായിയും ഈ വഞ്ചിയിലെ യാത്രക്കാരായി.
ഒരു മരത്തിന്ന്‍ (നിലബൂര്‍ തേക്ക്‌) പഞ്ചായത്തിന്‍റെ (ഇപ്പൊ മുനിസിപ്പാലിറ്റി) പേരും ചേര്‍ത്ത് ലോകം മുഴുവന്‍ ഏറ്റവും മികച്ചതായി അറിയപ്പെടുന്ന സ്ഥലത്ത് തേക്ക്മരം പോലെ ശക്തിയും അതുപോലെ കട്ടിയുള്ള മനസ്സുമായി പാത്തുമ്മ ജനിച്ചത്‌ ഒരു നിയോഗമാവം. ചിലപ്പോള്‍ സൃഷ്ട്ടി ലോകത്തിനു കൊടുത്ത ഒരു സന്ദേശമാകാം....രണ്ടായാലും ഞാന്‍ സ്വീകരിച്ചു.
നേരം ഉച്ച ആവുന്നതേ ഉള്ളൂ. എന്‍റെ ആപ്പീസ് ജോലിക ള്‍ (on site) എല്ലാം മഴകാരണം മുടങ്ങി ഞാന്‍ കോഴിക്കോട് അളകാപുരിയുടെ മുപ്പതി ല്‍ ( എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെ സമ്മാനിച്ച മുറി) വന്നു കയറി. വടക്കന്‍ കേരളവും വയനാട ന്‍ ചുരവുമെല്ലാം മഴ തകര്‍ത്തു പെയ്യാന്‍ തുട ങ്ങിയിട്ട് ഒരാഴ്ചയായി. കാലവര്‍ഷം കാലം തെറ്റി പെയ്യുകയാണ് നവംബറി ല്‍- എന്തിനെയോ വെല്ലുവിളിക്കും പോലെ !!
ന്യൂസ്‌ ചാനലുകളി ല്‍ മഴക്കെടുതികളുടെ വാര്‍ത്തക ള്‍ നിരങ്ങി നീങ്ങുന്നു.
ഫോണ്‍ബെല്‍ കേട്ട് എടുത്തുനോക്കിയപ്പോ വിനയ ന്‍ ആണ് അങ്ങേതലക്കല്‍.
“ഉച്ചക്കെന്താ.... പരിപാടി ??””
“ഈ മഴയത്ത് എന്ത് കുന്തം ചെയ്യാനാ വിനയാ?” ഓഫീസ് വര്‍ക്ക്‌ നടക്കുന്ന ലക്ഷണം കാണുന്നില്ല. നമ്മള്‍ക്കൊന്ന്‍ നിലംബൂര്‍ ക്ക് വിട്ടലോ ??
കാറും ഡ്രൈവറും റെഡി ആണ്”.
ഞാന്‍ പറഞ്ഞു നിര്‍ത്തും മുന്‍പേ വിനയന്‍ വരാമെന്നു ഏറ്റു.
നമ്മുടെ സംഭാഷണം കേട്ട ഡ്രൈവ ര്‍ രാജേട്ട ന്‍ “എങ്കില്‍ ഒന്ന് വിടാല്ലേ ന്നു” എടുത്തു ചോദിച്ചത് എന്നെ അത്ഭുത പെടുത്തിയില്ല. അളകാപുരിയുടെ ഇരുട്ടറയില്‍ കയറി “രണ്ടെണ്ണം വിട്ടിട്ട്” രാജേട്ട ന്‍ ഉന്മേഷവാനായി വന്നു, ആകാശത്തേക്ക് നോക്കി കാലാവസ്ഥ പ്രവചിച്ചുകൊണ്ടിരിക്കുമ്പോഴേക്കും വിനയനും എത്തി.
ഞങ്ങള്‍ യാത്ര തിരിച്ചു.
കവണകല്ലുപാലവും ഇടവണപാറയും കഴിഞു വടപുറത്തെത്തുമ്പോ ള്‍ മണി മൂന്ന് കഴിഞു. കാറിന്‍റെ വൈപ്പ ര്‍ എത്ര ശ്രമിച്ചിട്ടും റോഡിന്‍റെ കാഴ്ച മങ്ങിതന്നെ.
അച്ഛന്‍ കുട്ടിക്കാലവും യവ്വനവും ചിലവഴിച്ച സ്ഥലം. അച്ചാച്ചന് നിലംബൂര്‍ ഫോറസ്റ്റ്‌ ഓഫീസില്‍ ആയിരുന്നു പണി. അതുകൊണ്ട് അച്ഛന്‍റെ ചെറുപ്പകാലം നിലമ്പൂര്‍ ആയിരുന്നെങ്കിലും ജോലി കിട്ടി കഴിഞ്ഞുള്ള അച്ഛന്‍റെ “വളര്‍ന്ന കാലം” കേരളത്തിന്‍റെ പല സ്ഥലത്തും ആയി ചിതറി പോയി. പിന്നീട്‌ നിലമ്പൂര്‍ അച്ഛന് പോകേണ്ടി വന്നിട്ടില്ല ഇതെഴുതുന്നത് വരെയും.
“എന്നെ നിലംബൂര്‍ കൊണ്ടുപോയിട്ടുണ്ടോ?” എന്നുള്ള ചോദ്യത്തിനു അച്ഛന്റെ മറുപടി ഇങ്ങനെ ആയിരുന്നു
“ഒന്നോ രണ്ടോ തവണയെ ഞാന്‍ നിന്നെ അവിടെ കൊണ്ടുപോയിട്ടുള്ളൂ
“ആദ്യത്തേത് എന്‍റെ ഹണിമൂ ണ്‍ ട്രിപ്പില് !!!”
“രണ്ടാമത്തേത് നിന്‍റെ ചോറൂണ് കഴിഞുള്ള ഒരു ഊട്ടി യാത്രയിലും.”
മറുപടി “തൃപ്തികരം” ആയതുകൊണ്ട് ഈ രണ്ട് യാത്രകളിലും നിലബൂരിനെ കുറിച്ചുള്ള ഇന്‍ഫര്‍മേഷ ന്‍ കിട്ടാ ന്‍ വേണ്ടവിധം ഞാന്‍ പാകമായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി.
അരീക്കോട് എത്തിയപ്പോഴേക്കും അച്ഛന്‍റെ ഫോ ണ്‍.
“നിലംബൂര്‍ എത്തുമ്പോ പാത്തുമ്മ ജീവിചിരിപ്പോണ്ടോ എന്ന് ഒന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍ ഒന്നുപോയി കാണണം. വെറും പാത്തുമ്മ എന്ന് ചോദിച്ചാല്‍ കണ്ടുപിടിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ട് നീ ബംഗാളിപാത്തുമ്മ എന്ന് തന്നെ ചോദിക്കണം”- എന്ന നിര്‍ദ്ദേശവും തന്നു.
ഒരു സിനിമയി ല്‍ “ഹിറ്റ്ലര്‍ മാധവന്‍കുട്ടി” എന്ന വിളിപ്പേര്ഉള്ള നായകനെയെ അന്വേഷിച്ച്‌ പോകുന്ന കഥാപാത്രത്തിന്‍റെ അവസ്ഥ വിനയ ന്‍ എന്നെ ഓര്‍മിപ്പിച്ചത് കുറച്ചു നേരത്തേക്ക് എന്നെയും ഡ്രൈവര്‍ രാജേട്ടനെയും അസ്വസ്ഥരാക്കി.
നിലംബൂര്‍ ടൌണില്‍ വണ്ടി എത്തുമ്പോള്‍ നൌഷാദും മഴയും ഞങ്ങളെ കാത്തു നില്‍പുണ്ടായിരുന്നു.
പാത്തുമ്മയെകുറിച്ച് അന്വേഷിച്ചപ്പോഴേ ഫോറസ്റ്റ്‌ ഓഫീസ് പരിസരത്ത് നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവിടം വിറ്റ് പോയ കാര്യം അറിഞ്ഞു. എന്നാലും പാത്തുംമ്മയെ അറിയാമായിരുന്ന ഒരു മുസലിയാര്‍ ഞങ്ങളെ കുറച്ചകലെ ഉള്ള സ്ഥലമായ പാടിക്കുന്നിലേക്ക് നയിച്ചു.
അവിടെനിന്നും പാത്തുമ്മ രക്ഷപെട്ടിരിക്കുന്നു എന്നത് ഞങ്ങളെ തളര്‍ത്തിയെങ്കിലും ജീവിച്ചിരിക്കുന്നു എന്ന വാര്‍ത്ത ആവേശമായി.
കാലാവസ്ഥ ഞങ്ങളുടെ ഉദ്യമം മുടക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്‌. ഞങ്ങലൊട്ടു വിട്ടുകൊടുക്കാന്‍ തയ്യാറുമല്ല !!
കൈ എത്തും ദൂരെ നില്‍കുന്ന ...... പാത്തുമ്മയെ എങ്ങനെയാ ഞാ ന്‍ വിട്ടുകൊടുക്കുക.
ഞാനും നൌഷാദും വിനയനുംകൂടി ഒരു അവസാന ശ്രമം നടത്തിനോക്കിയത് വരമ്പുംപെട്ടിയിലെ മണ്ട ന്‍ പൊയി ല്‍ എന്ന സ്ഥലത്തെ പാത്തുമ്മയുടെ സാമ്രാജ്യത്തിലേക്ക് ഞങ്ങളെ എത്തിച്ചു. ഇട റോഡ്‌കളിളിലും വെട്ടുവഴികലിളിലും ഒരുപാട് നേരം കിതച്ചുഓടി വണ്ടി ഒരു കൊച്ചു വീടിനു മുന്‍പില്‍ നിന്നു.
“ പാത്തുമ്മയുടെ വീട് ഇതാണോ ??”” വണ്ടിയുടെ ശബ്ദം കേട്ടു ഇറങ്ങിവന്ന ഒരു പെണ്‍കുട്ടിയോട് ഡ്രൈവര്‍ രാജേട്ടന്‍ കാറിന്‍റെ സൈഡ് ഗ്ലാസ്‌ താഴ്ത്തി വിളിച്ചു ചോദിച്ചു.
“അതെ “എന്ന മറുപടി ഞങ്ങളെ ആശ്വസിപ്പിച്ചത് കുറച്ചൊന്നും അല്ല. കഴിഞ്ഞ ഒന്നര മണിക്കൂ ര്‍.......നേരം ഇരുണ്ട് വരുന്നു. ഞങള്‍ പ്രതീഷ കൈവിട്ടു അലയുകയായിരുന്നു. അതിന്‍റെ ആശ്വാസം ആ മറുപടി തന്നു.
ഞങ്ങള്‍ വീട്ടിലേക്കു കയറുമ്പോള്‍ ജനലിനു അടുത്തു ഇട്ടിരിക്കുന്ന ഒരു കട്ടിലില്‍ തിളങ്ങുന്ന കണ്ണുകളുമായി പാത്തുമ്മ പുറംലോകം കണ്ടു ഇരിക്കുകയാണ്.
മഴയും തണുപ്പും കാരണം മൂടിപുതച്ചിട്ടുണ്ട്.
ചെവിയില്‍ വലിയ വളയങ്ങളാല്‍ മേക്കാത്കുത്തിയിരിക്കുന്നു.
വെള്ളകാച്ചിയുടെ അരപട്ട പുതപ്പിനിടയിലൂടെ കാണാം.
പല്ലു കൊഴിഞ്ഞത്തിന്‍റെ കവിള്‍ ഒട്ടല്‍.
കണ്ണുകളിലെ തീഷ്ണമായ നോട്ടം പഴയകാല പാത്തുമ്മയുടെ ഒരു ചിത്രം എന്‍റെ മനസ്സിലൂടെ ഓടി തെളിഞ്ഞു.
മനസ്സിന്‍റെ അകതട്ടു പഴയ കഥകള്‍ കേട്ടതുകൊണ്ട് വായിച്ചെടുക്കാം – അത്രക്ക് കട്ടിയുണ്ട് ആ ലോകംകണ്ട കണ്ണുകള്‍ക്ക്‌ !!. ലോകം അനുഭവിച്ച കണ്ണുകള്‍ക്ക്‌ !!
പരിചയമില്ലാത്ത മുഖങ്ങളിലേക്ക് കണ്ണുകള്‍ പായിച്ചു മാറി മാറി നോക്കുകയാണ് പാത്തുമ്മ ഞങ്ങളെ.
ഒരെത്തും പിടിയും കിട്ടാത്ത നോട്ടം!!
അല്ലെങ്കില്‍ തന്നെ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഞങ്ങളെ പാത്തുമ്മക്ക് എങ്ങനെ മനസ്സിലാവും.
ഞങ്ങ ള്‍ മൌനത്തിലാണ്. ആ നോട്ടം അവസാനിപ്പിച്ചു പാത്തുമ്മ എന്തെങ്കിലും പറഞ്ഞു തുടങ്ങാനുള്ള മനപ്പുര്‍വമായ മൌനം.!!!
പല്ലുകൊഴിഞ്ഞു ഇടുങ്ങിയ കവിള്‍ത്തടത്തിലൂടെ കീഴ്താടിയിലേക്ക് മൂന്നു വിരലിലും മോതിരം ഇട്ട -സ്വര്‍ണ മോതിരം അല്ല – വലതുകൈ തടവി ഇറക്കി പാത്തുമ്മ തുടങ്ങി - ഞങ്ങ ള്‍ പ്രതീഷിച്ചത് പോലെ.
“എവിടുന്നാ .... ആരാ നിങ്ങളൊക്കെ..........?? “”
തന്‍റെ സിംഹാസനത്തിനടുത്തു വന്നു പതുങ്ങി നില്‍ക്കുന്നവരോട് ഉള്ള ചോദ്യം.
ഞാന്‍ കണ്ണെടുക്കാതെ പാത്തുമ്മയെ നോക്കി നില്‍ക്കുകയാണ്. ആ “പൌരുഷം” ഞാന്‍ അനുഭാവിച്ചാനന്തിക്കുകയാണ്.
ഉള്ളില്‍ അച്ഛന്‍ പറഞ്ഞുതന്ന പാത്തുമ്മകഥകള്‍ തിളച്ചു മറിയുന്നു, മിന്നി മങ്ങുന്നു.
രണ്ടാം ലോക യുദ്ധത്തില്‍ വെടി കൊണ്ട് മരിച്ച ചേനാരി മമ്മദ്‌ നും ആ വിടവാങ്ങ ല്‍ നെഞ്ചോട് ചേര്‍ത്ത് പറക്കമുറ്റാത്ത മക്കളെ കൊടും പട്ടിണിയില്‍ വളര്‍ത്തിയെടുത്ത മേടപ്പള്ളി ഖദിയുമ്മ ടെയും മകള്‍ക്ക് ഇങ്ങനെ ഒരു മാനറിസം കിട്ടിയത് ഞങളെ അത്ഭുതപെടുത്തിയില്ല.
ബാപ്പയെ കണ്ട ഓര്‍മ്മ പാത്തുമ്മക്കില്ല. പാത്തുമ്മ ജനിച്ച് ഒരു വയസ്സകുന്നതിനുമുന്‍പ്‌ ബാപ്പ മരിച്ചു.
യുദ്ധകെടുതിയും കൊടും ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വരണ്ടിരിക്കുന്ന ലോകത്തേക്കാണ് പാത്തുമ്മ വിരിഞ്ഞു വന്നത്. വീട്ടിലെ അവസ്ഥ കൂലിവേല ചെയ്തു ജീവിക്കാ ന്‍ പതിനഞ്ച് വയസ്സില്‍ പാത്തുമ്മയെ കൊണ്ടെത്തിച്ചത് നിലംബൂര്‍ ഫോറസ്റ്റ്‌ ഓഫീസ് വരാന്തയിലും.
ആപ്പീസ് തൂത്തു വൃത്തിയാക്കല്‍ , ചായ കൊടുക്ക ല്‍ , വെള്ളം കോരി വെക്കല്‍ ഇതൊക്കെയായിരുന്നു പ്രൊബേഷ ന്‍ പീരീഡ്‌ ല്‍ പാത്തുമ്മയുടെ പണി. പ്രവര്‍ത്തിപരിചയം കൂടിയപ്പോ പാത്തുമ്മടെ പണിയും കൂടി കൂടി വന്നു.
ക്രമേണ ഫോരെസ്റ്റ്‌ ഏമാന്മാരുടെ വീട്ടില്‍ നെല്ല് കുത്തല്‍ , അരി വറുത്ത്ഇടിക്ക ല്‍ , വീട് വൃത്തിയാക്ക ല്‍. തുണി തോയ്ക്ക ല്‍ എന്നിവ പാത്തുമ്മയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി.
ആപ്പീസിന്‍റെ കാംബോണ്ടിലെ ദൂരെ മാറിഉള്ള കിണറ്റിലെ വെള്ളം എല്ലാ കൊട്ടെഴ്സുകളിലേക്കും കുടങ്ങളി ല്‍ നിറച്ച് പാത്തുമ്മയുടെ തലയിലും ഇടുപ്പിലുംമായി ട്രാന്‍സ്പോര്‍ട്ട് ചെയ്യപെട്ടു.
ആനലേലം, ആന ചികിത്സ, ആനകളുടെ കണക്കെടുപ്പ് തേക്ക് ലേലംചെയ്യല്‍ ഇതെല്ലാം ഫോറസ്റ്റ്‌ ഓഫീസ് പരിസരത്ത് പതിവായിരുന്നു. ആനകള്‍ക്കുള്ള നെല്ല് പുഴിങ്ങി കുത്തലും പാത്തുമ്മയുടെ തൊഴിലിന്‍റെ ഭാഗമായി.
നട്ടെല്ലിനും ഇടുപ്പെല്ലിനും ബലം കൂടി കൂടി സമൂഹത്തില്‍ നിവര്‍ന്നു നിലിക്കാന്‍ പാത്തുമ്മ പഠിച്ചു, പഠിക്കപെട്ടു.!!!
മാന്യമായ പെരുമാറ്റക്കാര്‍ക്ക് സ്വാഭാവികമായ മറുപടി, അല്ലാതത്തിനു തന്ടെടത്തോടെ ഉള്ള തര്‍ക്കുത്തരങ്ങ ള്‍ , ആളുകളുടെ അളന്നുള്ള നോട്ടങ്ങ ള്‍ക്കും കമന്റടിക്കും വെടിഉണ്ടപോലെ തെറി. ഇതെല്ലാം പാത്തുമ്മയുടെ ശൈലി ആയി.
ഏറെ വൈകി പണി കഴിഞ്ഞുള്ള യാത്രകളില്‍ പുറകെ കൂടുന്നവരെ...............
ആ കൂടിയവരില്‍ പലരുടെയും പാത്തുമ്മയുടെ നാവി ല്‍ നിന്ന് വന്ന
“ സരസ്വതി “കേട്ട് അവരുടെയൊക്കെ ശവമടക്കു കഴിഞു എന്നാ കേട്ടത്.
ക്രമേണ ഫോറസ്റ്റ്‌ ഓഫീസ് പാത്തുമ്മയെ സ്വീകരിച്ചു. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരെ കാണാന്‍ വരുന്നവര്‍ക്ക് പാത്തുമ്മയെ കണ്ടു അനുമതി വാങ്ങി അകത്തു കടക്കേണ്ട നിലയിലേക് കാര്യങ്ങ ള്‍ എത്തി.
ആളുകള്‍ കാര്യസാദ്യതക്ക് പാത്തുമ്മയെ സ്വാധീനിക്കാന്‍ ശ്രമം നടത്തി.
“ഉദ്ദേശകാര്യത്തിന് ഉപകാരസ്മരണ” പട്ടിണിയിലും പാത്തുമ്മയിലെ വിപ്ലവ മനസ്സ്‌ സ്നേഹ പൂര്‍വം നിരസിച്ചു.
കാര്യസാദ്ധ്യത്തിനു വരുന്നവരോട് മാത്രമല്ല പാത്തുമ്മ പ്രതികരിച്ചിരുന്നത്. ഫോറസ്റ്റ്‌ ഓഫീസര്‍ മാരോടും തട്ടികയറി...
സാമൂഹ്യ ബോധമില്ലാത്ത പ്രവൃത്തിക ള്‍ ചെയ്യുമ്പോള്‍...
തിന്മ യിലേക്ക് വഴുതി വീഴു മ്പോള്‍...
അപ്പോളെല്ലാം
വേദനിക്കുന്നവരോടൊപ്പം പാത്തുമ്മ എപ്പോഴും ഉണ്ടാകും. ആദര്‍ശങ്ങളെ വലിച്ചെറിഞ്ഞു മുന്നില്‍ തന്നെ.
“ സ്നേഹിക്കയില്ല ഞാന്‍ നോവും ആത്മാവിനെ ”...............അതെ ഈ ഉമ്മയും അങ്ങനെ തന്നെ.!!
ഒരിക്കല്‍ ആനലേലത്തിനു വന്ന ഒരാളുടെ “ ആനപേപ്പ ര്‍” ഫോറസ്റ്റ് ഓഫീസറുടെ കൈ ഒപ്പിനു എത്തേണ്ടത് ഉണ്ടായിരുന്നു. അത് ശരിയാകി വാങ്ങാ ന്‍ വന്നത് ആന വാങ്ങിയ ആളുടെ കാര്യസ്ഥനും. കാര്യസ്ഥന്‍റെ അമ്മ കുറച്ചു സീരിയസ് ആയി ഹോസ്പിറ്റലില്‍ ആയിരുന്നു. വേഗം പോവേണ്ടത്കൊണ്ട് കാര്യസ്ഥ ന്‍ പാത്തുമ്മയോട് വിവരം പറഞ്ഞു.
പാത്തുമ്മ ആ പേപ്പറുമായി നേരെ ഡി.എഫ്.ഓ യുടെ മുറിയില്‍ എത്തി.
ഡി.എഫ്.ഓ ചോദിച്ചു “ എന്താ പാത്തുമ്മ ഇത്?’
“ജ് ഇതൊന്നു ഒപ്പിട്ടെ,..ഓന്‍റെ അമ്മ ബയ്യാതെടെക്കാ.....”
ആവശ്യമില്ലാത്ത കാര്യത്തിനു പാത്തുമ്മ മുന്നില്‍ വരില്ലാന്നു അറിയാവുന്ന ഡി.എഫ്.ഓ. “ ഇത് വല്ലതും വായിച്ചു നോക്കിയിട്ടുണ്ടോ?” എന്നാ ചോദ്യത്തിന് പാത്തുമ്മയുടെ മറുപടി ഇങ്ങനെ
“ ബായിച്ചു നോക്കി ഒപ്പിടാനല്ലേ പിന്നെ അന്നെ ഏന്തിനാ ഇബിടെ ശംബളം തന്നു സര്‍ക്കാരു ബച്ചേക്കണത് !! ഇബിടെ ഞാ ന്‍ കുത്തിരുന്നാ പോരെ...”
അക്ഷരങ്ങള്‍ അറിയാത്ത പാത്തുമ്മ അക്ഷരത്തെറ്റില്ലാത്ത മനസ്സുമായി പതുക്കെ പടരുകയായിരുന്നു.
പാത്തുമ്മ ആളുകളുടെ “ബംഗാളി പാത്തുമ്മയി”ലേക്ക് ചേക്കേറി തുടങ്ങിയിരുന്നു.
ഒരിക്കല്‍ മറ്റൊരു സംഭവം നടന്നു.
1980-82 കാലഘട്ടം, നിലമ്പൂര്‍ കാട്ടില്‍ തടി സുലഭമായി കിട്ടുന്ന കാലം.
പലരും കള്ളതടി വെട്ടി ഫര്‍ണിച്ചര്‍ ഉണ്ടാക്കി കൊടുക്കല്‍ ഉണ്ടായിരുന്നു. പാത്തുമ്മയും തടി വാങ്ങി സ്റ്റൂളോ ചപ്പാത്തി പലകയോ, ചിരവയോ മറ്റോ ഉണ്ടാക്കി കൊടുത്തു. പുതുതായി വന്ന ഒരു ഫോറസ്റ്റ്‌ര്‍ പാത്തുമ്മയുടെ പേരില്‍ ഒരു കേസ് അങ്ങ് എടുത്തു.
പോരെ പുലിവാല് !!!
നമ്മള്‍ പണ്ടേ നല്ലവരാണല്ലോ...... കാട് മൊത്തം വെട്ടി കൊണ്ടുവന്നു കപ്പലുണ്ടാക്കിയാല്‍ അവനു പദ്മശ്രീ കൊടുക്കും.
കാട്ടു ചുള്ളി പെറുക്കി കഞ്ഞി തിളപ്പിക്കണവന് ജയിലും !!!
കേസ് അന്താരാഷ്ട്ര പ്രശ്നമായി !! പാത്തുമ്മ ഒട്ടു വിട്ടുകൊടുക്കാന്‍ തയ്യാറുമല്ല.
പാത്തുമ്മയെ ഇറുക്കുന്ന രീതിയില്‍ എന്തോ ഉണ്ടകുരുക്ക് ആപ്പീസര്‍മാര്‍ പാത്തുമ്മയുടെ ചുമലിലോട്ടു ചാരി ആരെയെക്കെയോ രക്ഷിക്കാന്‍.
പാത്തുമ്മ സടകുടഞ്ഞ് എണീറ്റു.
“പാത്തു എത്ര ഫോറസ്റ്റ് കണ്ടതാ ...എത്ര അപ്പീസര്‍മാരെ കണ്ടതാ” കേസിന്റെ കാര്യം ചോദിച്ചവരോടൊക്കെ പാത്തു പറഞ്ഞു.
വളരെ ഒന്നും അല്ലോചിക്കാന്‍ നിന്നില്ല...
പാത്തു വഴിക്കടവ് – തിരോന്തരം ഫാസ്റ്റ്നു അങ്ങ് കയറി. ഒരു പ്ലാസ്റ്റിക്‌ സഞ്ചിയും കഷ്ട്ടിച്ചു ഒരുവഴിക്കുമാത്രം തികയുന്ന കാശുമായി.
നിലംബൂര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തി പോലും കാണാത്ത പാത്തു വെച്ച് പിടിക്കുകയാണ് തെക്കോട്ട്.
വഴിക്കടവ് – തിരോന്തരം നേരം പരപരാ വെളുത്ത സമയം തമ്പാനൂര്‍ എത്തി.
തേക്കും കാടും ഫോറസ്റ്റ്‌ ഓഫിസ് പരിസരവും മാത്രം കണ്ടു ശീലിച്ച പാത്തുമ രാവിലെ തലസ്ഥാനത്ത് നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ അന്തോംകുന്തോമില്ലാതെ നിന്നു.
അരഞ്ഞാണം കെട്ടിയ വെള്ളകാച്ചിയും തട്ടവും ഇട്ട മലബാറി വേഷം.
തലസ്ഥാനത്തിനും പുതിയ വേഷം!! പുതിയ മുഖം !!
പലരും വട്ടമിട്ടു പറന്നു,
പറക്കണമല്ലോ....നമ്മള്‍ തിരോന്തരംകാര്‍ അഹങ്കാരികള്‍..
പോരാത്തതിനു നമ്മള്‍ മലയാളികള്‍ !!!
“സരസ്വതി” ഉണര്‍ന്നത്തോടെ പലരും സ്ഥലം കാലിയാക്കി.
വട്ടം കൂടി കുശലം ചോദിച്ച പലരോടും പാത്തുമ്മ ചോദിച്ചു
“മ്മ്ടെ കുഞ്ഞാന്‍റെ വീടെവിട്യാ...???
പലരും കണ്ണി ല്‍ കണ്ണി ല്‍ നോക്കി ...
പാത്തുമ്മയെ ആരോ ട്രാന്‍സ്പോര്‍ട്ട് ആപ്പീസറുടെ മുറിയിലേക്ക്‌ കൊണ്ടുപോയി.
“മ്മ്ടെ കുഞ്ഞാന്‍റെ വീടെവിട്യാ...??? ..വേഷം കണ്ടു പകച്ചു നിന്ന ആപ്പീസറോട് പാത്തു വീണ്ടും പറഞ്ഞു.
“മ്മ്ടെ മന്ത്രി കുഞ്ഞാനില്ലെ ....നിലബൂരിത്തെ.....
ഞമ്മള് ഓനെ കാണാന്‍ വന്നതാ, ജ്ജ് ഒന്ന് ഫോണ്‍ കറക്കി തന്നേ..”
പാത്തുമ്മയുടെ മുഴങ്ങുന്ന ഏറനാടന്‍ ശബ്ദവും വേഷവും ആപ്പീസറുടെ മുറിയിലേ ക്ക്‌ പരിസരത്തുനിന്ന യാത്രക്കാരെ ആകര്‍ഷിച്ചു.
പലരും അപ്പീസറോട് “വട്ടാണെന്ന്” ആഗ്യം കാണിച്ചു.
ട്രാന്‍സ്പോര്‍ട്ട് ആപ്പീസര്‍ ആകെ കുഴഞ്ഞു നില്‍ക്കുന്നു. രാവിലെ മന്ത്രിയെ വിളിക്കാന്‍ പോലും....അഥവാ മന്ത്രിക്ക് പാത്തുമ്മയെ അറിയില്ലെങ്ങില്‍
.......
ഓഫീസറുടെ തല ചൂടായി .....
എന്നാലും കറക്കി ..അങ്ങേ തലക്കല്‍ മന്ത്രിടെ പ്രൈവറ്റ് സെക്രട്ടറി ഫോണ്‍ എടുത്തു.
“സാര്‍, മന്ത്രിയെ ഒന്ന് കിട്ടണം , കുറച്ചു അത്യാവശ്യമുള്ള കാര്യമാണ്
ഞാന്‍ തമ്പാനൂര്‍ ബസ്‌ സ്റ്റേഷന്‍ ഓഫീസര്‍ ആണ്”
ഫോണ്‍ കണക്ട് ചെയ്യുന്നതിനിടയിലെ കുറച്ചു നിമിഷം
ഈശ്വരാ...മന്ത്രിയെ വിളിച്ചു രാവിലെ ഒരു പൊട്ടത്തരം പറഞ്ഞാല്‍..... ഓഫീസറുടെ ശബ്ദം പതറി... പിറ്റേ ദിവസം കാസര്‍ഗോഡ് സ്റ്റേഷന്‍റെ ചാര്‍ജ് എടുക്കേണ്ട ഗതി ഓര്‍ത്തു.....
പപ്പനാഭാ....... കാത്തോളണെ..............
സ്റ്റേഷന്‍ മാസ്റ്ററുടെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി...
അങ്ങേ തലയ്ക്കല്‍ “ഹാലോ” കേട്ടപ്പോഴാണ് ഞെട്ടി ഉണര്‍ന്നത്
“സ്റ്റേഷന്‍ ഓഫീസര്‍ ഒരുവിധം കാര്യങ്ങള്‍ പറഞ്ഞു ഒപ്പിച്ച്‌ പാത്തുമ്മക്ക് ഫോണ്‍ കൈമാറി.
പ്രേഷകര്‍ മിക്കവരും അവിടെ തന്നെ ഉണ്ട്. ക്ലൈമാക്സ്‌ കാണാന്‍.
അഞ്ചു മിനിട്ട് കഴിഞ്ഞുകാണും. ഒരു സ്റ്റേറ്റ്കാര്‍ വന്നു നില്‍ക്കുന്നു, മന്ത്രിടെ പ്രൈവറ്റ്‌ സെക്രട്ടറി  ഇറങ്ങുന്നു, പാത്തുമ്മ കയറുന്നു, വണ്ടി പോകുന്നു , പ്രേഷകരും ഓഫീസറും ഞെട്ടുന്നു!!!!
വട്ടമിട്ടു പറന്നവര്‍ ഏതൊക്കെയോ വണ്ടിയില്‍ കയറി സ്ഥലം വിടുന്നു.
പാത്തുമ്മയുടെ കുഞ്ഞാന്‍ എന്ന ജനകീയന്‍ ഇന്നും ജനകീയന്‍തന്നെ,
പാത്തുമ്മ തിരിച്ചു നിലബൂര്‍ എത്തുബോളെക്കും കേസ് ചവറ്റുകൊട്ടയില്‍ ആയി കഴിഞ്ഞു.
എന്നെയും കൂടെവന്നവരെയും നൌഷാദ് പരിചയപ്പെടുത്തി.
“ഇത് നമ്മടെ കേശവേട്ടണ്ടേ മകന്‍ ജീവന്‍, മറ്റേത് ജീവന്‍റെ സുഹൃത്ത് വിനയന്‍”
പാത്തുമ്മ ഒന്ന് കൂടെ എന്നെ സൂഷിച്ചു നോക്കി ....
“മ്മടെ ചാമിയേട്ടന്‍റെ മകന്‍ കേശവന്‍റെയോ......
“അതെ”-- ഞാന്‍ പറഞ്ഞു
“എന്റെ പടച്ചോനെ....ജ്ജ് അന്‍റെ കുട്ടി അതാ ബന്നിരികന്.....അന്നെ പടച്ചോന്‍ കാക്കും മോനെ ”
പാത്തുമ്മക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല
ഫോണ്‍ വിളിച്ചു ഞാന്‍ അച്ഛനെകൊണ്ട് പാത്തുമ്മയോട് സംസരിപ്പിക്കുമ്പോള്‍ നീണ്ട അമ്പതു വര്‍ഷത്തെ മൌനം തകര്‍ന്നു വീഴുന്നത് ഞങ്ങള്‍ നോക്കിയിരുന്നു.
മൂടിയിരുന്ന പുതപ്പ് മാറ്റി രണ്ടു കൈയും നീട്ടി പാത്തുമ്മ എന്നെ കെട്ടി പിടിച്ചു.
അപ്പോഴാണ്‌ പുതപ്പിനിടയിലൂടെ ഞാന്‍ ആ കണ്ട കാഴ്ച കണ്ടത്. അത് എന്നി ല്‍ വല്ലാതെ ദു:ഖമുണ്ടാക്കി.
പാത്തുമ്മയുടെ രണ്ടു കാലും അരയ്ക്ക് താഴെ വെച്ച് മുറിച്ചു മാറ്റിയിരിക്കുന്നു. പാത്തുമ്മയുടെ മകന്‍ കാലുമുറിച്ച ദിവസംമുതല്‍ വീട്ടില്‍ വന്നിട്ടില്ലത്രേ!! എങ്ങോട്ടോ നാടുവിട്ടു പോയി.
ദൈവവും മകനും ഒരേ ദിവസം ഉപേഷിച്ച് പോയിരിക്കുന്നു ഈ ഉമ്മയെ...
ആരാണ് വില്ലന്‍?? ആരാണ് പാപി ?? ആരെ നാം പഴിക്കണം?...
പട്ടിണിയിലും ദാരിദ്ര്യത്തിലും ആദര്‍ശങ്ങളെ ചവിട്ടിമെതിച്ചിടാ ന്‍ വിട്ടു കൊടുക്കാത്ത പാത്തുമ്മയോ?? അതോ..
സാഹചര്യങ്ങളോട്പൊരുതി ജീവിക്കാന്‍ കഴിയാത്ത ഉമ്മയെ ഉപേഷിച്ച മകനോ??
ഞാന്‍ പറഞ്ഞില്ലേ...
മനസ്സിനെ അസ്വസ്ഥമാക്കി കുലുങ്ങി ചിരിക്കുന്ന ചിലരുണ്ട്, അല്ല ചിലരല്ല വില്ലനെ പോലെ....ഒരുപാട് പേ ര്‍.....
ചില നിസ്സഹായതയി ല്‍ , ചില അകപ്പെടലുകളി ല്‍ സൃഷ്ടി മനുഷ്യനെ അവന്‍റെ പാട്ടിനു വിടും. എന്നിട്ട് ദൂരെ മാറി നിന്ന് നോക്കും !!. പൊട്ടി ചിരിക്കും !! കൊഞ്ഞനം കുത്തും....
ചിലപ്പോള്‍ കൈ കൊടുത്തു ആകാശത്തിലേക്ക് ഉയര്‍ത്തും.
ചിലപ്പോള്‍ ചവുട്ടി പാതാളത്തിലേക്കും !!
കുറെ ചരടുകള്‍ കെട്ടുപിണഞ്ഞ അഴിക്കാന്‍ പറ്റാത്ത കുരുക്കിലേക്ക് വലിച്ചടുപ്പിക്കുന്ന സ്തംഭിച്ച മനസ്സുമായി ഞാന്‍ ആലോചിച്ചു പോയി..
എല്ലാരും പാവകളിക്കാരാണ്..
നാളെ ഞാനും കാണും ഈ പാവക്കൂത്ത്‌ കളിയില്‍. ആ ചരടുകള്‍ എന്‍റെ കൊരവള്ളി വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കും...ആത്മ സങ്കര്‍ഷങ്ങളെ തന്നു മനസ്സുകളെ കൂട്ടി ഇടുപ്പിക്കും. രംഗപടം തിരശ്ശീല വീഴ്ത്തികഴിയുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപെട്ട പാവയാക്കും. അന്നും അട്ടഹസിച്ചു പെയ്തു രസിക്കുന്ന മഴയില്‍ നിലാവിനെ കാര്‍മേഘം കാര്‍ന്നു തിന്നും. വെളിച്ചവ്യത്യാസങ്ങളി ല്‍ ചരടുകള്‍ കാണാത്ത പ്രേഷക ര്‍ എന്നെ കണ്ടു രസിക്കും.

ജീവിതങ്ങളെ വിലപേശിപ്പിക്കുന്ന കുറെ പേപ്പ ര്‍ കഷണങ്ങ ള്‍ ഞാന്‍ പേഴ്സ് തുറന്നു പാത്തുമ്മയുടെ കൈകളിലേക്ക് ചുരുട്ടി വെച്ച് കൊടുക്കുമ്പോ ള്‍ പാത്തുമ്മ ഉറക്കെ ഉറക്കെ ചിരിച്ചു...

ഞാന്‍ പറഞ്ഞില്ലേ... അടുത്ത് ചെല്ലുമ്പോള്‍ അട്ടഹാസമാണോ ആര്‍ത്തലച്ചു കരയുന്നതാണോ എന്നറിയാന്‍ കഴിയാതെ പോയ ..

എന്നെ വലിച്ചു കുടഞ്ഞു പുറത്തിട്ട ......അതേ ചിരി !!!