Tuesday, May 16, 2017

കൊടുത്താൽ കൊല്ലത്തും കിട്ടും

കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ ...എന്നാൽ ഞാൻ കണ്ട, എന്നെ കാണിച്ചുതന്ന ഒരു കാര്യം എഴുതണം എന്നു തോന്നി.
എനിക്കന്ന് മരുന്ന് കോർപറേഷനിലാ അന്ന് പണി. പപ്പു പറഞ്ഞതുപോലെ അഞ്ചു പൈസ ഒന്ന് അങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിപ്പോകാതെ, കിറുകൃത്യമായാ കണക്കു കൈകാര്യം ചെയ്‌യുന്ന, സത്യസന്ധത തലയ്ക്കു പിടിച്ച കുറെപ്പേരും പെരുംകള്ളനായ ഞാനും ആണ് അവിടത്തെ ജീവ നാഡി.സുതാര്യത എന്നൊക്കെ പറഞ്ഞാ ഒരു ഒന്നൊന്നര വരും. വെള്ളം ചേർക്കാത്ത പാലിൽ വീണ ഈച്ചയെ പോലും ഒരു ഒന്നര കിലോമീറ്റർ ദൂരെ നിന്നും നമുക്ക് കാണാം. അവിടെ ഒരു HR സാർ ഉണ്ടായിരുന്നു. ലേലത്തിൽ സോമൻ പറഞ്ഞതുപോലെ വല്യ സാറന്മാരെ പെടുപ്പിക്കണം ,കുളിപ്പിക്കണം പിന്നെ ഒരുപാട് " പണി " വേറെയും...ഇറവറൺസ് ഒട്ടും ഇല്ല. ഈ സാർ ഒരുദിവസം വല്യ സാറിനെകൊണ്ട് ഒരു ഓർഡർ അടുപ്പിച്ചു എന്റെ കൈയ്യിൽ കൊണ്ട് തന്നു- എന്നിട്ട് ഒരു ആക്കിയ ചിരിയും. ഓർഡറിൽ എന്താ ...നീയാകുന്ന ജീവനാഡി സുതാര്യമായ ഈ ആപ്പീസിലെ ഒരു ഫയലുകളും നാളെമുതൽ കാണേണ്ടതില്ല...ഡും ഡും ഡും..പി പി പി ....ആപ്പീസിൽ പെരുംപറകൊട്ടി ...
"ഓ ഏമാൻ ..ഉത്തരവ്". അടിയൻ ഉത്തരവ് വാങ്ങി നാലായിട്ടു മടക്കി പിന്നെ ഉള്ള ദിവസങ്ങൾ ആപ്പീസു ക്യാബിനിൽ ചുരുണ്ടു കൂടി..
മൂന്നു മാസം കൊഴിഞ്ഞു കഴിഞ്ഞു ...പരമാവധി ഇക്കിളി ഒക്കെ കടിച്ചു പിടിച്ചു നിന്നു നോക്കി. സഹനം കൂടുതൽ എന്നറിഞ്ഞപ്പോ ദാ വരുന്നു നായ്ക്കുരണ പൊടിയും പുളി ഉറുമ്പും കൂടി മിക്സ് ചെയ്ത ഒരു സാധനം...   അപ്പോഴും അപ്പികള് ചിരിച്ചു..
അടുത്ത ഉത്തരവ് വന്നു ...ഡും ഡും ഡും പി പി പി
"പെർഫോർമൻസ് " ഇല്ലത്രെ..വിട്ടു പൊക്കോണം ഈ ടെറിട്ടറിന്നു..
തച്ചൻ തടി കണ്ടു പേടിച്ചുകൂടാ. തച്ചൻ ഇറങ്ങി .... പിന്നെ പെർഫോമൻസ് കൂട്ടാനുള്ള മരുന്ന് തപ്പി നടന്നു.
ബലാകുളിച്ചി തൈലത്തിൽ വേപ്പിൻ കുരു വേവിച്ചു സമം തൈരും നാരങ്ങാ നീരും ചേർത്ത് ....
ഇല്ലാ ....പെർഫോമൻസ് കിട്ടുന്നില്ല.
വെച്ച് വിട്ടു ഗ്വാളിയാറിലേക്കു ..
ദക്ഷിണ വെച്ചു ..
അറുപതു മില്ലി ജാക്ക് ഡാനിയൽസിൽ നാലുകഷണം മഞ്ഞു കട്ട ഇട്ടു സൂര്യൻ അസ്തമിച്ചു കഴിഞു പതിനഞ്ച് നിമിഷവും പതിനഞ്ചു വിനാഴികയും കഴിയുമ്പോ .........
കിട്ടിപ്പോയ് ..പെർഫോമൻസ് ..പെർഫോമൻസ് .....യുറേക്ക യുറേക്ക .
മരുന്ന് കോർപറേഷനിലെ   മനോരോഗി ആരും കരുതുന്നപോലെ ശ്രീലക്ഷ്മി അല്ല എന്നു തിരിച്ചറിഞ്ഞേൻ.
"യവളു ധൈര്യമിരുന്താൻ എൻ കണ്ൺ മുന്നാടി വന്നു ......" പെരിയാവൻ തുള്ളി.
പെരിയവൻ മുരണ്ടു നിന്ന സമയത്തു ആഗ്നേയാത്രം എടുത്തു അടിയൻ. HR കുട്ടൻ "ഓപ്പറേഷൻ പാരാബോൾട്ട് " വെളിയിൽ ...ഡും ഡും ഡും
HR കുട്ടൻ പഴയ സാറിനെ വീണ്ടുംനക്കി തുടച്ചു.
വേറെ ജോലി കിട്ടി.
ആജോലിയിൽ കഴിഞ ആറുമാസമായി കുട്ടന് ആരും ഫയൽ കൊടുക്കുന്നില്ലത്രേ !!
കഴിഞ മാസം  പെർഫോമൻസ് കുറഞ്ഞു ആ ജോലിയും പോയത്രേ !!!!!
മരുന്തു വേണോ മരുന്തു.....
എന്താ കൂടുന്നോ എന്നോട് .....
ടി കെ

വയനാട് കളക്ടർ

               

                   പണ്ടൊക്കെ എന്റെ ബുക്ക് അലമാര പരതുമ്പോ ബുക്കിനു ഇടയിൽനിന്നു കിട്ടിയിരുന്നത് ചില കത്തുകൾ ആയിരുന്നു. കാലം മാറി . പരതലിന്റെ തലവും മാറി. ഇന്ന് കംപ്യൂട്ടർ പരതിയപ്പോ കിട്ടിയത് പഴയ ഒരു ഇ മെയിൽ.
ഒരു വലിയ ഇന്റർനെററ് പ്രൊവൈഡർ കമ്പനി യിൽ ആണ് ഞാൻ അന്ന്. കേരളത്തിന്റെ പല സ്ഥലങ്ങളിലും കമ്പനിടെ കേബിൾ ശൃംഖല എത്തിയിട്ടില്ല. ഉദാഹരണത്തിന് കാസർഗോഡ് കണ്ണൂർ പോലുള്ള സ്ഥലങ്ങളും വയനാട് ഇടുക്കി പോലുള്ള ഹൈറേൻജ് കളിലും...കമ്പനിക്ക് യാതൊരു പ്രവൃത്തികളും ഈ ജില്ലകളിൽ ഇല്ല ...
കമ്പനി ഗെറ്റ് ടുഗെതർ എന്ന വെള്ളമടി പാർട്ടി ഒഴിച്ചാൽ മിക്കവാറും ടെക്കികളും മാർക്കറ്റിങ്ങുകാരും രണ്ടു വഞ്ചിയിലാണ് ഇവിടെയും. ആനയെ തരാം എന്ന വാഗ്ദാനവും കൊടുത്തു മാർക്കറ്റിങ് സ്റ്റാഫുകൾ ഈ ഭൂമിമലയാളത്തിൽ എവിടെ നിന്നു വേണമെങ്കിലും ഓർഡറുകൾ കൊണ്ടുവരും. ഇവരാണ് സിഇഒ ടെ കണ്ണിലുണ്ണികൾ. ആന പോയിട്ട് ആട്ടിൻപൂട പോലും കൊടുക്കാൻ പറ്റാത്ത സ്ഥാലമായിരിക്കും ഇവർ കൊണ്ടുവരുന്ന പല ഓർഡറുകളും .
മാർക്കറ്റികളുടെ പുതിയ ഐറ്റം വന്നു. ഏകദേശം ഒരുകോടി വരുന്ന വമ്പൻ സാധനം. മുപ്പത്തഞ്ച് ലക്ഷം ആദ്യ ഗഡു . സിഇഒ തലയിൽ കൈവെച്ചു അനുഗ്രഹവും ഇൻസെന്റീവ് എന്ന ആ അതും വാരി മാർക്കറ്റിങ് കാർക്ക് ചൊരിഞ്ഞു...
കണ്ടു പഠിക്കിനെടാ ടെക്കികളെ ...തലത്തിരിഞ്ഞവന്മാരെ ......
മാർക്കെറ്റി രഹസ്യയോഗം കൂടി. ഇൻസെന്റീവ് ...പൊളിച്ചടുക്കൽ കള്ളുകുടി ....കൈയ്യടി ...ഭേഷ് !!! ഭലേ ഭേഷ് !!! എല്ലാരും തലകറങ്ങി സ്റ്റാർ ഹോട്ടലിൽ നിന്നും പിരിഞ്ഞു .
കേരളത്തിലെ എല്ലാ ജില്ലാ കളക്ടർ മാരുടെയും ഓഫീസ്സുകളെ സെക്രട്ടറിയേറ്റ്മായി കൂട്ടി കെട്ടുന്ന "സുതാര്യകേരളം " പ്രൊജക്റ്റ് ആണ് പുതിയ പൊതിയാ തേങ്ങ.
ഗവണ്മെന്റ് ഭാഗത്തു ഐ എ എസ് സിങ്കവും ശിങ്കിടികളും ഉൾപ്പെട്ട ഐ ടി മിഷനും NIC യും. കണക്ഷൻ കൊടുത്തു കഴിഞ്ഞാൽ വർക്കിംഗ് ആയാലുംഅല്ലെങ്കിലും ഉള്ള കളക്ടറേറ്റ്കളുടെ ഡെയിലി സ്റ്റാറ്റസ് റിപ്പോർട്ട് മുകളിൽ പറഞ്ഞവരെ അറിയിക്കണം . ഉടമ്പടിയിൽ പച്ച മഷി വീണു..ഒൻപത് മാസവും ഒന്പത് ദിവസവും കഴിഞ്ഞാൽ കാണിക്കണം കൊച്ചു അമ്മേന്നുവിളിക്കോ അതോ തന്തക്കു വിളിക്കോ എന്ന് ....
നമ്മുടെ സിഇഒ എന്നപുലിയും ടെക്കി കളുടെ ഹെഡും തമിഴ് മക്കൾ. ഈ ഹെഡ് പുലി അല്ല .... പുറത്ത് ചെറിയ വരയും കുറിയും ഉണ്ടെന്നേ ഉള്ളു ..അതും സൂഷിച്ചു നോക്കിയാ മാത്രം കാണാം ..പേരിൽ ജന്മനാകിട്ടിയിട്ടുണ്ട് ഒരു മനോഹരൻ .. കേ ആൻഡ്‌ കേ ഓട്ടോ മൊബൈൽസ് പ്പ്രൊപ്പറൈറ്റർ പോലെ ... ..ശാന്തൻ ...നിരുപദ്രവി ...വെജിറ്റേറിയൻ...ഇടക്ക്‌ ചിക്കൻകാൽ ...തണ്ണി ഹേ ഹേ ..ഒരുനാൾ ശാപ്പിട്ട രണ്ടര പെഗ്ഗ് ൽ ഫൈവ് സ്റ്റാറിലെ ബാത്ത് ടബ്ബിൽ ടിപ്പുസുൽത്താനെ കാണിച്ചുതരുകയും ഹെഡ് ..തല അതിനകത്തു തന്നെ ചാച്ചി ഉറങ്ങുകയും ചെയ്ത വഴികാട്ടി . സിസ്കോ റൗട്ടർ എന്ന നെറ്റ് വർക്കിംഗ് ഉപകരണമാണ് ലോകത്തിന്റെ സ്പന്ദനം എന്ന് നമ്മളെ പഠിപ്പിക്കലും ഈ ഉപകരണം കണികണ്ട് ഉണരുകയും ചെയ്യുന്നതാണ് അയ്യാവുടെ ഹോബി.
കേരളത്തിന്റെ ഭൂമിശാസ്ത്രം ഒട്ടും വശമില്ലാത്ത രണ്ടു തമിഴനും പൊതിയാ തേങ്ങകൊണ്ടുവന്നവനും കൂടിയുള്ള മീറ്റിംഗ്...ഏഴാം മാസം ...പലഹാരം ഉണ്ടാക്കൽ ...വയറുകാണൽ....
വയറു കണ്ടു ..കാസറഗോഡ് കണ്ണൂർ കളക്ടർ ഇരിക്കുന്ന മേശയുടെ കീഴിൽ പൊട്ടി കിടക്കുന്ന വയർ. ബാക്കി കിടക്കുന്നു വയനാടും ഇടുക്കിയും .
മൊഴിയാനുള്ളഅവസരം കിട്ടിയപ്പോ അടിയൻമൊഴിഞ്ഞു.
" ഇടുക്കി കള്ക്ടറേറ്റ് അറ്റ്‌ പൈനാവ് സർ ...ഫ്രം മൂലമറ്റം ടു അന്ത ഇടം 60 കീ മീ സർ ...റിസേർവ് ഫോറെസ്റ് സർ ....ആനൈ കടുവയ്‌ സർ ...നമ്മ കേബിൾ വലിക്ക മുടിയാത്‌ സർ "
വര ഉള്ളവൻ നൂന്ന് ഇരിക്കുന്നതിനുമുന്പ് അടിയൻ അടുത്തതും മൊഴിഞ്ഞു .
" വയനാട് കളക്ടർ ആപ്പീസ് അറ്റ് കൽപ്പറ്റ സർ ...വയ താമരശ്ശേരി ചൊരം സർ ...ഓ ..ആ ...അതു തന്നെ ...നമ്മടെ താ ....മരശേരി
ചൊരോന്നു ......കാലിക്കറ്റ് ടു അത്രടം 75 കീ കീ കീ കൂ കൂ സർ ...മുടിയാത്‌ സർ മുടിയാത്‌ ...നമ്മ കമ്പനി ക്ക് മട്ടും ഇത് ...."
അടിയൻ അടിവരയിട്ടു ...ആണയിട്ടു ...സ്ഥലം വിട്ടു .
ഇൻസെന്റീവ് കൂട്ടിയവനും കൊടുത്തവനും വാങ്ങിയവനും കൈകൾ കൂട്ടി തിരുമ്മി .
തമിഴനും മാർക്കറ്റി കളും എന്നെ കിട്ടിയാൽ സാമ്പാറിൽ ഇട്ടു ഇളക്കും ...ചട്ടിണി ഉണ്ടാക്കി വട തിന്നും . ഞാൻ തമിഴന്റെ കണ്ണിലെ വലിയ ജെസിബി ആയി .
മനോഹരൻ പാൻറ് ഇടയ്ക്കിടയ്ക്ക് രണ്ടുകൈകൊണ്ടും പൊക്കിളിനു മുകളിലേക്ക് വലിച്ചുകയറ്റി ശ്വാസം പിടിച്ചു പാൻറ് താഴോട്ട് പോകാതെ നോക്കി. ശീലമില്ലാത്ത പുക വലിച്ചു കയറ്റി ചുമച്ചു തുപ്പി .
അടുത്ത മീറ്റിങ് ..അടിയൻ ഐഡിയ വിളംബി ..
"വേറെ സർവീസ് പ്രൊവൈഡറെ പിടിച്ചാ വയനാട് നടക്കും സർ ...പ്രോഫിറ്റ് ഷെയറിങ് സർ "
അഞ്ചു പൈസ കായലിൽ പോയ കയ്യിൽ ഇരിക്കുന്ന ലാപ്ടോപ്പും കൊണ്ട് കായലിൽ ചാടി പൈസയും കൊണ്ട് വരുന്ന തമിഴൻ ഒരുവിധം യെസ് മൂളി ....
അടിയൻപരീക്ഷിച്ചു ...പൊളിഞ്ഞാൽ പുളി വെള്ളം കുടിക്കാൻ വയർ ഒഴിച്ചിട്ടു.
കോഴിക്കോട് മുതൽ ചുങ്കത്തെ ടവർ വരെ ടാറ്റയെ പിടിച്ചു. ബാക്കി ലൈൻ ഓഫ് സൈറ്റ് ൽ വർക്ക് ചെയ്യുന്ന വയർലസ് . കളക്ട്രേറ്റ് ലും ടാറ്റാ ടവർലും ഉള്ള രണ്ടു ആന്റിന മുഖത്തോടുമുഖം നോക്കി നിന്നാൽ (ലൈൻ ഓഫ് സൈറ്റ് )വർക്കും ...അല്ലെങ്കിൽ വർക്കില്ല
ഭാഗ്യദാതാവ് എന്റെ ഭാഗത്തു ....സാധനം വർക്കി . കളക്ടർടെ ചിരിച്ച മുഖത്തെ മീശ രോമം വരെ വെട്ടൽ ഇല്ലാതെ വെട്ടി പോകാതെ അനന്തപുരിയിൽ കണ്ടു.
രഹസ്യയോഗം ഇല്ല ...ഇൻസെന്റീവ് ഇല്ല..പൊളിച്ചടുക്കൽ ഇല്ലാ കള്ളുകുടി ഇല്ല ... കയ്യടി മാത്രം !!
ഒൻപതു മാസം കഴിഞ്ഞിരിക്കുന്നു....കൊച്ചുപുറത്തായാൽതന്തക്കുവിളിക്കുംഎന്നുറപ്പായി..കാസർകോടും കണ്ണൂരും ഇടയ്ക്കിടയ്ക്ക് കണ്ണടച്ചു കിടന്നു. ഇടുക്കി പൊതിയാ തേങ്ങയായി തുടർന്നു .
ഇതിനിടെ എപ്പോഴോ വയനാട് പണി മുടക്കി കിടന്ന സമയത്താണ് ഐ എ എസ് സിംഗം മീറ്റിങ് വിളിപ്പിച്ചത് .
പാചക രംഗം തുടങ്ങി
പെരിയ തമിഴൻ ഒന്ന് ...
ഹെഡ് തമിഴൻ ഒന്ന് ...
പൊതിയാ തേങ്ങാ മൊത്ത കരാർ എടുത്തവൻ ഒന്ന് ...
ഞാൻ ആവശ്യത്തിന് ....
ഐ എ എസ് സിംഗം പാചകപുരയിലോട്ടു കയറി ...എല്ലാവരും എണീറ്റ് തൊഴുതു ..
പരിചയപ്പെടൽ രണ്ടു മിനിട്ട് ..
സി ഇ ഒ വിസിറ്റിങ്ങ് കാർഡ് എണീറ്റുനിന്ന് കുനിഞ്ഞു കൊടുത്തു ....സിംഗം അത് ഇരുന്നുവാങ്ങി .
എവിടെയോ ഒരു ലത് കരിഞ്ഞ മണം അപ്പൊ തന്നെ മണത്തു.
സിംഗം കാർഡ് നോക്കി
" ഓ ഗുഡ് ...യു ഗോട്ട് യുവർ ഡിഗ്രി ഫ്രം IIT ആൻഡ്‌ മാർക്കറ്റിങ് ഫ്രം IIM .വെരി ഗുഡ് "
പെരിയവൻ കാലിനുമുകളിൽ കാൽ കയറ്റി ...യെസ് എന്ന് പറഞ്ഞു തലയാട്ടി.
സിംഗം ശിങ്കിടികളോട് ചോദിച്ചു
" വെയർ ഈസ്‌ ദി റിപ്പോർട്ട് ? കൊട് ...
ശിങ്കിടി നീട്ടി
മൗനം ചെറിയ തീയിൽ റിപ്പോർട്ട്‌മായി ഇളക്കി ...ഒരു കൊഴ കൊഴ പരുവത്തിൽ എത്തിയപ്പോ
സിംഗം ആ കുഴഞ്ഞ സാധനം മേശപ്പുറത്തു എടുത്തു എറിഞ്ഞു കൊണ്ട്‌ പെരിയവനോട് മുരണ്ടു .
" ഒൻപതു മാസവും ഒൻപതു ദിവസവും കഴിഞ്ഞു ...കുളന്തൈ എങ്കെ ?"
വീണ്ടും ഒന്ന് ഒന്നൂകൂടി റിപ്പോർട്ട് നോക്കി
"എവിടെ കാസർഗോഡ് ?"
" കണ്ണൂർ കേരളത്തിൽ അല്ലെ ?
വൈ ഇടുക്കി ഈസ്‌ നോട്ട് ഇൻ ദിസ് ?"
വാട്ട് യൂ പീപ്പിൾ ആർ ഡൂയിങ് റ്റിൽ ടുഡേ ?
വീണ്ടും റിപ്പോർട്ട് നോക്കി
യു പീപ്പിൾ ട്രയിങ്‌ ടു പ്ലേ വിത്ത് ദി ഗവണ്മെന്റ് ?"
" വൈ വയനാട് ഈസ്‌ ഡൌൺ ഫ്രം ലാസ്റ്റ് വീക്ക് ?"
വയനാട് എന്ന് കേട്ടതും തമിഴന്മാര്‌ രണ്ടും എന്റെ നേരെ നോക്കി ...
അതുകണ്ട സിങ്കവും എനിക്ക് നേരെ ആയി നോട്ടം
ഐ എ എസ്‌ സിംഹത്തോട് മാൻപേടയെപോലെ ഞാൻ പറഞ്ഞു
" സർ , ഗിവ് മി ഫൈവ് മിനിറ്റ്സ് ടൈം ...ഐ വിൽ കാൾ കാലിക്കറ്റ് ഓഫീസ് ..."
"നോ .....നോ "...
സിംഗം മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല
" ഇന്നുമുതൽ ഐ ഡോണ്ട് വാണ്ട് ഓറൽ ...ടെൽ ദേം ടു സെൻറ് മെയിൽ " പ്രിന്റ് ആൻഡ്‌ ഗിവ് ഇറ്റ്‌ "
സിംഗം പറഞ്ഞതിൽ
'ഇന്നുമുതൽ' മാത്രം ഞാൻ എടുത്തു... ബാക്കി തമിഴ് മക്കൾക്കും തേങ്ങാ കൊണ്ടുവന്ന സഹോദരനും കൊടുത്തു .
റൂമിന് വെളിയിലിറങ്ങി കാലിക്കറ്റ് കുത്തി ...
സെന്റർ ഇൻ ചാർജ് ആയ പെരിയവന്റെ അരുമ ശിഷ്യൻ അങ്ങേ തലക്കൽ ...
" എന്ത് പറ്റി വയനാട് ? നമ്മൾ ഗവണ്മെന്റ്മായി മീറ്റിങ്‌ ...
ഡൌൺആയതിന്റെ റീസൺ ....മെയിൽ ...ഫാസ്റ്റ് "
കോഴിക്കോടൻ പറഞ്ഞു തുടങ്ങി ..
"സർ കാര്യം നിസ്സാരം ..ലൈൻ ഓഫ് സൈറ്റിൽ വർക്ക് ചെയ്‌യുന്ന ആന്റിനയിൽ  കുരങ്ങൻമാർ തൂങ്ങി ആടി .. അതിന്റെ ...."
എന്റെ നെഞ്ചിൽ ഒരു കാളൽ ...
". എന്തായാലൂം നിങ്ങൾ ഒരു മെയിൽ അയക്കൂ വിത്ത് റിയൽ ഫാക്ട് .."
ദാ അയക്കാം ...
"മെയിൽ വന്താച് "
ഞാൻ തമിഴന്റെ ചെവിയിൽ പറഞ്ഞു
" ടേക് എ പ്രിന്റ് കോപ്പി ആൻഡ്‌ ഗിവ് ടു .... "
"സർ "..
പ്രിൻന്റ് മെയിൽ  ഒന്നു ഓടിച്ചുവായിച്ചപ്പോ ഒന്നു തല കറങ്ങിയോ  ...ഇല്ല, തോന്നിയതായിരിക്കും ...
ഒന്നുകൂടി വായിച്ചു
Dear all
Wynadu collectorate was down from past few days due to MONKEYS IN THE COLLECTORATE HANGED IN THE ANTENNA AND DISTURBED THE LINK
ശുഭം
ഒപ്പ്‌
"എന്റെ നാറാണത്തുഭ്രാന്താ കാത്തോളണേ !!!
....
പ്രിന്റ് എടുത്തു ഞാൻ റൂമിൽ കയറിയ ഉടനെ സിംഗം അതങ്ങു കൈനീട്ടി വാങ്ങി .

മീറ്റിംഗ് ഹാളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടി .
സിംഗം സിഇഒ യെ നോക്കി ചോദിച്ചു
"who send this mail?"
തമിഴൻ പേര് പറയും മുൻപേ സിംഗം എന്നെ നോക്കി പറഞ്ഞു
"ask that person which Monkey in the collectorate?
Is it collector or deputy collector or....?
നേരത്തെ കൊടുത്ത വിസിറ്റിംഗ് കാർഡ് ഐ എ എസ്‌ വീണ്ടും
തിരിച്ചും മറിച്ചും നോക്കി .
എന്റെ കണ്ണുകൾ ആ കാർഡിന്റെ പ്രിന്റ് തെളിയാത്ത ഭാഗം വായിച്ചു.

പെരിയ തമിഴൻ
സി ഇ ഓ ആൻഡ്‌ കൂ
IIT (Electronics )
IIM (marketting)
SSLC (fail)
ടി കെ