Sunday, December 1, 2019

ഒരു ഷെർലോക് ഹോംസ്


തലേദിവസം രാത്രിയാണ് ഫോൺ വന്നത്. "നാളെ നീ കൂടെ വരണം എന്റെ കൂടെ കണ്ണൂർക്ക് . ഒരു ക്യാമ്പസ് പ്രസംഗമുണ്ട്. വന്നാൽ ലൈഫ് കുറച്ചുനേരം കളർഫുൾ ആക്കാം. വിമൻസ് കോളേജ് ആണ്. "
മറുതലക്കൽ ഒരു പ്രമുഖ സാഹിത്യ ഗഡി ആണ്. ഒരു ഒന്നൊന്നര മുതല്.
എപ്പോഴും ശുണ്ഠി , ആരോടും തട്ടിക്കയറൽ, തറുതല പറച്ചിൽ, വഴക്കിടൽ , പിണങ്ങിപ്പോകൽ ഇതൊക്കെയാണ് ഹോബി. പക്ഷെ ഒരു ദിവസത്തിൽ കൂടുതൽ ഇതൊന്നും നിൽക്കില്ല. പിറ്റേന്ന് ഈ പിണങ്ങിയ എല്ലാവരും അതെ സദസ്സിൽ ഒത്തുകൂടി വീണ്ടും പിണങ്ങും.
ചിരിച്ചാലോ ... പുള്ളി ലോകം പിളർത്തും പോലെ ചിരിച്ചു മരിക്കും. ചിരിച്ചു കണ്ണൊക്കെ നിറഞ്ഞു ഉമിനീർ വിക്കി ചുമച്ചു അവസാനിക്കുന്ന ചിരി.
പേർസണൽ കാര്യം ചോദിച്ചാൽ ഒന്നിനും കൃത്യമായ ഉത്തരം പറയില്ല മാത്രമല്ല വല്ല അൺ സാഹിത്യ ഭാഷയിൽ കലർന്ന മറുപടി ഉറപ്പ് .
ആകെ ഒരു മിസ്ടറി ആണ്.
ഒരിക്കൽ അച്ഛനെക്കുറിച്ചു ചോദിച്ചു.
" അപ്പൻ ചത്തുപോയടാ " ഒരു ടോട്ടൽ പുച്ഛരസ മിശ്രിത റിപ്ലൈ .
പിന്നെ എപ്പോഴോ ചോദിച്ചു
" അമ്മ എവിടെയാ?"
അതിനു കുറച്ചു സൗമ്യമായ മറുപടി വന്നു.
"അമ്മ എന്റെ കൂടെ ഇപ്പൊ ഇവിടെ .. ഇടക്ക് തറവാട്ടിലും .. വടകര ആണ് തറവാട് "
ഇടക്ക് അമ്മയോടും വഴക്കിടും. അമ്മ കോഴിക്കോടിന്നു നേരെ വാടകരക്കു വിടും . ഈ കാര്യങ്ങൾ ഒക്കെ എന്റെ ഉള്ളിലെ ഷെർലോക് ഹോംസ് മനസ്സിലാക്കി.
ഇടക്ക് തിന്നത് ഏഴാമത്തെ റിബ്‌സിൽ കുത്തിയപ്പോ എപ്പോഴോ ഞാൻ വീണ്ടും ചോദിച്ചു
" ഭാര്യാ .....?"
ഭീകര പുച്ഛ മുഖത്തോടെ റിപ്ലൈ വന്നു.
"ഏത് ഭാര്യ ..ഓള് ചത്തുപോയടാ "
ഫോൺ കട്ട് ചെയ്യുംമുൻപ് പറഞ്ഞു " നാളെ രാവിലെ ആറരക്ക് കാർ അയക്കാം. രണ്ടു മണിക്ക് പ്രോഗ്രാം. ആ കയ്യിലുള്ള സാധനം കൂടി എടുത്തോ. ബ്രേക്ഫാസ്റ്റ് അമ്മേടെ അടുത്തുന്നു തറവാട്ടിൽ ഇറങ്ങി കഴിക്കാം. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. "
ഉളളിലെ ഹോംസ് ഉണർന്നപ്പോ അളകാപുരിയിലെ (hotel) സ്ഥിരം പ്രേക്ഷകനോട് അന്വേഷിച്ചപ്പോൾ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും എന്നും അടിനാശംവെള്ളപ്പൊക്കം ആണെന്നും ബിബിസി റിപ്പോർട്ടർ പറഞ്ഞു. പക്ഷെ അച്ഛന്റെ കാര്യം റിപോർട്ടർക്കു വ്യക്തമല്ല.
ഹോംസ് ഉറപ്പിച്ചു , അപ്പോൾ അച്ഛനും ജീവിച്ചിരിപ്പൂണ്ട് . സാഹിത്യന് വേണ്ടാത്തതും ദേഷ്യമുള്ളവരും പുള്ളിടെ സംസാര ഭാഷയിൽ " ചത്തുപോയടാ " എന്ന റീസൈക്കിൾ ബിന്നിലോട്ടു വലിച്ചിടും. സംഗതി ഉറപ്പിച്ചു.
രാവിലെ കുളികഴിഞ്ഞു വന്നപ്പോഴേ ഫോൺ അടിക്കുന്നു. റിസപ്ഷൻ ആണ് ലൈനിൽ.
" സർ കാർ വന്നിട്ടുണ്ട് "
ഡ്രൈവറും ഞാനും അണ്ടിയാപ്പീസിലെ സയറൺ പോലെ കൃത്യം ആറരക്ക് റെഡി.
മഴ ചിനുമിനാ പെയ്യുന്നു.
വണ്ടി നമ്മളെയും കൊണ്ട് വടക്കോട്ടു പാഞ്ഞു.
സാഹിത്യൻ പ്രസംഗിക്കാനുള്ള സബ്ജക്ട് ഏതോ ബുക്കിൽ പരതി. ഞാൻ മഴയിൽ ലയിച്ചു.
ഒരുമണിക്കൂറോളം യാത്ര നടത്തി ഒരു ചെറിയ കവലയിൽ വണ്ടി എത്തി.
സാഹിത്യൻ എന്നെ രഹസ്യമായി തോണ്ടി " മറ്റത് എവിടെ ?"
"ഈ കൊച്ചു വെളുപ്പാൻ കാലത്തോ ? വേണോ ?"
" വേണം ..മഴയല്ലേടാ.."
"ടച്ചിങ്‌സ്നു ഉപ്പു വേണം .. ടെക്വില ആണ് "
"ഷക്കീല എങ്കിൽ ഷക്കീല.. അടുത്ത കടയിൽ നിർത്തെടാ വണ്ടി .. "
ഡ്രൈവർ ഇറങ്ങി കടയിൽ കയറി ഒരു പാക്കറ്റ് ഉപ്പുമായി വന്നു. ഒരു അരകിലോയുടെ ഉപ്പു പാക്കറ്റ് !!!!
എന്റെ കിളി പറന്നു ഉപ്പു കണ്ട്.
വണ്ടി കൊളാവിപാലം കടൽ തീരത്തു നിർത്തി. ആമകളെയും മയ്യഴി പുഴയുടെ വെള്ളിയാൻ കല്ലും സാക്ഷിനിർത്തി എണ്ണിപറഞ്ഞു അഞ്ചെണ്ണം തൊണ്ട പിളർത്തി കടന്നു പോക്കി.
വെള്ളിയാങ്കല്ലിലെ തുമ്പികൾ മുഴുവനും നമ്മുടെ തലക്കു ചുറ്റും മൂളി പറന്നു ( കൊളാവിപാലം ആണ് നമ്മുടെ ഒരേ ഒരു കടലാമ സംരക്ഷണ കേന്ദ്രം. പി എസ് സി ഇനിയും എഴുതുന്നവർക്കു ഡെഡിക്കേറ്റിങ്....)
(എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലെ വെള്ളിയാങ്കല്ലു ഇവിടെ നിന്ന് നോക്കിയാൽ കടലിൽ അങ്ങ് ദൂരെ കാണാം )
വണ്ടി വീണ്ടും ഓടി എവിടെയോ എത്തി. സാഹിത്യൻ ഡ്രൈവറോട് ആക്രോശിച്ചു. (വേറെ മലയാള വാക്കു കിട്ടുന്നില്ല. )
"ഡാ ... വലത്തോട്ട് ....."
അയാൾ അനുസരണയോടെ വലത്തോട്ട്.
കുറച്ചു പോയപ്പോ വീണ്ടും അതേ ശൈലിയിൽ
"ഛെ !! തിരിച്ചു പോ .... വഴി തെറ്റി ..."
ഡ്രൈവർ വണ്ടി തിരിച്ചു.
തറവാടി ബ്രേക്ഫാസ്റ്റ് ഓർത്തു വയർ കുറച്ചുകൂടി വിശന്നു.
എന്നാലും വായിൽ ഇരുന്ന ഒരു ഡൈമൺ ഒൻപതു ഞാനിറക്കി.
" കള്ളും കുടിച്ചിട്ട് സ്വന്തം വീട്ടിലേക്കുള്ള വഴിയും മറന്നോ മാഷെ ?"
ഒൻപതിനെ വെട്ടിക്കൊണ്ടു റിപ്ലൈ വന്നു.
" നീ ചെലയ്ക്കാണ്ട് മിണ്ടാതെ അവിടെ ഇരുന്നോ......."
തിരിച്ചുവിട്ടവണ്ടി അടുത്ത ഒരു 'വലത്തോട്ട് 'ശബ്ദം കേട്ട് ഇൻഡിക്കേറ്റർ ഇട്ടു തിരിഞ്ഞു.
വലിയ ഒരു തറവാട്ട് മുറ്റത്ത് വണ്ടി നിന്നു.
പഴയ പ്രതാപകാലം വിളിച്ചു പറയുന്ന ഒരു കൂറ്റൻ രണ്ടു നില ഓട് മേഞ്ഞ കെട്ടിടം. നീളത്തിൽ ഉള്ള വരാന്ത ..
മനസ്സിൽ പറയാതെ പറഞ്ഞു .. സാഹിത്യൻ പഴയ തറവാടി തന്നെയാണ്.
നമ്മൾ ചെന്നപാടെ കാണുന്നത് ഒരു തൊണ്ണൂറു വയസ്സെങ്കിലും വരുന്ന അപ്പൂപ്പനെ രണ്ടുപേർ ചേർന്ന് പിടിച്ചു കൊണ്ടുവന്നു പതുക്കെ ഒരു ചാരുകസേരയിൽ ഇരുത്തുന്നു.
സാഹിത്യനെ ഞാൻ തോണ്ടി. ചെവി കടിച്ചുകൊണ്ട് ചോദിച്ചു.
"അച്ഛനാണ് അല്ലെ ? മരിച്ചുപോയെന്നു കള്ളം പറഞ്ഞതാ അല്ലെ.?"
കീഴ്ച്ചുണ്ടു മേൽപ്പല്ലുവെച്ചു കടിച്ചുകൊണ്ട് ഞാൻ സാഹിത്യനെ നോക്കി.
സാഹിത്യൻ ഗണപതി ലോകം ചുറ്റാൻ എടുത്ത ഷോർട്ട്കട്ട് പോലെ വലതു ചെവിയിൽ നിന്നും ഇടതു ചെവി ലക്ഷ്യമാക്കി വന്നു അച്ചടി ഭാഷയിൽ ഇല്ലാത്ത എന്തോ ഒന്ന് പറഞ്ഞു എന്നെ നിശ്ശബ്ദനാക്കി.
നിശബ്ദൻ ആക്കുന്തോറും എന്റെ ഷെർലോക് ഉണരാൻ തുടങ്ങും. അവിടെ ഒരു വേലക്കാരി ഒഴിച്ച് ഒരു സ്ത്രീയെയും കാണാൻ ഇല്ല.
അടുത്ത ക്ലാവർ പത്തു ഞാൻ ഇറക്കി.
" അച്ഛനും അമ്മയും സെപ്പറേറ്റ് ആണല്ലേ? "
കീഴ്ച്ചുണ്ടു മേൽപല്ലു കൊണ്ട് വീണ്ടും ഞാൻ കടിച്ചു ചിരിച്ചു സാഹിത്യനെ നോക്കി.
സാഹിത്യൻ ചിരി പിടിച്ചു നിർത്താൻ പാടുപെട്ടു വീണ്ടും എന്റെ ഇടതു ചെവിയിൽ ഷോർട്ട് ഹാൻഡ് ൽ പോലും എഴുതാൻ പറ്റാത്ത ഷോർട്ട് ആയ എന്തോ പറഞ്ഞു
ക്ലാവർ പത്തും വെട്ടി.
ഹോംസിനെ ഞാൻ ഉറയിൽ ഇട്ടു. എന്ത് കുന്തമെങ്കിലും ആവട്ടെ ! 'ഷക്കീല 'ഡാൻസ് തുടങ്ങിയിട്ട് സ്റ്റേജ് താങ്ങുന്നില്ല . ' ബ്രേക്ക് ഫാസ്റ്റ് ആണ് വയറിന്റെ ഐശ്വര്യം 'എന്ന ബോർഡ് തൂക്കി അപ്പൂപ്പന്റെ സൈഡിൽ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. അപ്പൂപ്പൻ ഇരുന്ന നടുത്തളം ചുറ്റിനും മരം കൊണ്ട് ഉണ്ടാക്കിയ അലമാരകൾ. അത് നിറച്ചും പൊടി പിടിച്ചതും പിടിക്കാത്തതും തിളക്കമുള്ളതും ഇല്ലാത്തതും ആയ ട്രോഫികളും ഫലഹങ്ങളും. ചുവര് കാണാത്ത വിധം ഇവ കൊണ്ട് വലിയ ആ മുറി നിറച്ചിരിക്കുന്നു.
ക്ലാവർ ജാക്ക് എടുക്കാൻ ഞാൻ വെമ്പി .. പക്ഷെ എടുത്തില്ല. ഹോംസ് എന്നാലും മനസ്സിൽ പറഞ്ഞു.
'അപ്പൊ അച്ഛൻ സ്പോർട്സ് താരമാണ്. '
എന്നാലും നിങൾ ഈ മനുഷ്യനാണോ ചത്തുപോയി എന്ന് പറഞ്ഞത് ? കഷ്ട്ടം !!'
'എന്നാലും എന്തായിരിക്കും ഐറ്റം ? മനസ്സിൽ പോൾവാൾട്ടും ഹുസൈൻ ബോൾട്ടും എല്ലാം മിന്നി മറഞ്ഞു.
ഓ ചിലപ്പോ പുള്ളിക്ക് ട്രോഫി വിൽക്കുന്ന ഷോപ് ...യെസ് ..കുറച്ചു കഴിഞ്ഞു വീണ്ടും ഒരു നോ ...ഷെർലോക് ഒരു തീരുമാനത്തിൽ എത്തുന്നില്ല.
ഇത്രയും ട്രോഫി വാങ്ങിച്ച ഞാൻ അറിയാത്ത ഒരു സ്പോർട്സ് താരമോ ?!!!!
എന്റെ സീറ്റിനു അടുത്തുള്ള അലമാര ഞാൻ കണ്ണു ഭൂതക്കണ്ണാടി ആക്കി അടുത്ത് ചെന്ന് നോക്കി.
നീലക്കുയിൽ 100 ആം ദിവസം 1954
കൃഷ്ണകുചേല 100 ആം ദിവസം 1961
കള്ളിച്ചെല്ലമ്മ 100 ആം ദിവസം 1969
കടത്തനാടൻ ആമ്പാടി 100 ആം ദിവസം 1990
ഇമ്മാതിരി ഒരു ആയിരം എണ്ണം.
ഇപ്പൊ ക്ലാവർ ജാക് ഇറക്കിയില്ലെങ്കിൽ ..... ഞാൻ സടകുടഞ്ഞു ഇരുന്നിടത്തു തന്നെ ഇരുന്നു.
അപ്പൂപ്പൻ വേറെ ആരോടോ സംസാരിക്കുന്നതിനിടയിൽ സാഹിത്യനെ ഞാൻ വലിച്ചടുപ്പിച്ചു
ക്ലാവർ ജാക്ക് മലർത്തി അടിച്ചു.
" അച്ഛൻ സിനിമ സംവിധായകൻ ആണല്ലേ ?
കീഴ്ച്ചുണ്ടു വീണ്ടും ഞാൻ ....
കഥ ബാക്കി എഴുതാൻ മനസ്സും ശരീരവും അനുവദിക്കുന്നില്ല ..
( കണ്ണൂർക്ക് പോകുന്ന വഴി അമ്മയെ കാണാൻ തറവാട്ടിൽ ഇറങ്ങുന്നതിനു മുൻപ് സാഹിത്യനു ഒരു ഉൾവിളി ഉണ്ടായി .. തലേ ദിവസം പദ്മശ്രീ കിട്ടിയ കെ. രാഘവൻ മാഷിനെ ഒന്ന് കേറി കണ്ടിട്ട് പോകാം എന്ന് .
എനിക്കാണെങ്കിൽ പുള്ളിയെ നേരിട്ട് കണ്ടുള്ള പരിചയമില്ലല്ലോ. പോരാത്തതിന് ടീവി യിൽ കാണുമ്പോ നല്ല കറുത്ത വെപ്പ് മുടി വെച്ച മാഷല്ലേ.
അതുകൊണ്ടാ ഷെർലോക്കിനു മനസിലാകാത്തെ ..
ക്ഷമിക്കൂ .....)
TK (ഓർമ്മ 2009-2010)

Monday, October 28, 2019

ദുബായ് വിസ

ദുബായ് ... വമ്പൻ നഗരങ്ങളിൽ ഇപ്പോഴും വമ്പനായി തന്നെ നിൽക്കുന്നു എന്ന് ഭാവിച്ചു നിൽക്കുന്നു . ചീറിപായുന്ന വിലകൂടിയ കാറുകൾ , തലയെടുത്തു നിൽക്കുന്ന കോൺക്രീറ്റ് സൗധങ്ങൾ, മണലാരണ്യത്തിനു നടുവിലെ ബെല്ലി ഡാൻസിങ് നീരുറവകൾ, മലയാളി പെൺകുട്ടികൾ അടക്കം ജോലി തേടിവന്നു ചെന്ന് പെടുന്ന ഡാൻസ്ബാറുകൾ, വലിയ ഷോപ്പിംഗ് മാളുകളിൽ പോലും മണിക്കൂറുകൾക്കും രാത്രികൾക്കും വിലപറയുന്ന പോഷ് വേശ്യാഗനമാർ... ഇങ്ങനെ പോകുന്നു ഇപ്പോഴത്തെ ദുബായ്.
അവിടെ എത്തിയാൽ സ്വർഗം എന്ന് മനസ്സിൽ ഉറപ്പിച്ചുതന്നെയാണ് രണ്ടുവർഷം മുൻപ് എന്റെ ഒരു കൂട്ടുകാരനും വണ്ടികയറിയത് . ഏത് വിഷമഘട്ടത്തിലും നമ്മളെ ചിരിപ്പിച്ചു കൊല്ലുന്ന കോമഡി ആണ് കക്ഷിയെ എന്റെ കൂട്ടുകാരുടെ ഇടയിൽ വേറിട്ട് നിർത്തുന്നത്. ദുബായിലേക് പോകുന്നതിനു തലേന്ന് കള്ളുപൊട്ടിച് കരിമീൻ പൊള്ളിച്ചു പോത്തു വരട്ടി ചെമ്മീൻ കറി തോണ്ടി അവൻ പറഞ്ഞു
" അവസാനം ദൈവം രക്ഷിച്ചടാ
.. ബാങ്കിങ് സെക്ടറിൽ ആണ് വിസ. നമ്മള് രക്ഷപ്പെടാൻ പോണു. കാട്ടു റമ്മിന് പകരം സ്കോച്ച് വിളയും  ഇവിടെ “
ഈ ദുബായ് യാത്രയിലും അവനെ കാണാതെ വരാൻ തോന്നിയില്ല. കണ്ടു. വല്ലാതെ കറുത്ത് ഷീണിച്ചിരിക്കുന്നു.
"എന്താടാ ഇങ്ങനൊരു കോലം ?  ബാങ്കിങ്ങ് സെക്ടർ എങ്ങനുണ്ട്?"
 തൊട്ടപ്പുറത്തെ പണിതീരാത്ത കമ്പി കോൺക്രീറ്റ് സ്ലാബിൽ എറിച്ചു നിൽക്കുന്ന ഒരു ഇരുപത്‌നില കെട്ടിടം  ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു
" ബാങ്കിങ് സെക്ടർ കുഴപ്പമൊന്നും ഇല്ലാ .. ദാ  കാണുന്നതുപോലെ ഇരിക്കും ബാങ്ക്. കെട്ടിടം പണിഞ്ഞോണ്ടിരിക്കുന്നതെ ഉള്ളു.  താവൂക് കട്ടയും സിമെന്റും ആ ഇരുപത്തിനാലുനില ചുമന്ന് കേറുമ്പോ കുറച്ചൊക്കെ ഷീണിക്കും അളിയാ ...."
😀😀😀😀
കണ്ടുമുട്ടിയതിനുശേഷം പിന്നെ അവനെയും കൊണ്ടായിരുന്നു നമ്മുടെ യാത്രകൾ.
യാത്രക്കിടയിൽ പല വിഷയങ്ങളും ഇതുപോലെ അവൻ അവതരിപ്പിച്ചു.
ദുബായിലെ ട്രാഫിക് മര്യാദ കണ്ടു അമ്പരന്ന നമ്മുടെ കൂടെ വന്ന വക്കീൽ അവനോടു ഒരു സംശയം ചോദിച്ചു.
" എടാ ഇവിടെ ഈ കള്ളുകുടിച്ചു വണ്ടി ഓടിച്ചു പിടിച്ചാൽ  എന്താകും ?......
അവന്റെ സ്വാഭാവിക മറുപടി വന്നു.
" വക്കീലേ .. സാധാരണ അവർ മുപ്പതു ദിവസം ജയിലിൽ ഇടും. തല മൊട്ടയടിക്കും. നാട്ടിലോട്ട് നാടുകടത്തും ..പക്ഷെ നിങ്ങളെ പിടിച്ചാൽ മുപ്പത്തിരണ്ട് ചാട്ടവാർ അടി കൂടെ കിട്ടും "
വക്കീലിന് സംശയം കൂടി
" അതെന്താ നമ്മൾ വിസിറ്റിംഗ് വിസയിൽ വന്നോണ്ടാ ??"
അവൻ മുഖത്തു ഭാവവ്യത്യാസമില്ലാതെ മൊഴിഞ്ഞു
" അതല്ല വക്കീലേ .. അറബിക്ക് വടിക്കാൻ നിങ്ങടെ തലയിൽ രോമമൊന്നും ഇല്ലല്ലോ .. അതിനുള്ള എക്സ്ട്രാ ശിക്ഷയാ "....
TK

Monday, August 12, 2019

ലക്കി സ്റ്റാർ ടെർലിൻ ഷർട്ട്.


പാലക്കാടായിരുന്നു എൻ്റെ പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂന്ന് വർഷങ്ങൾ- ചെറിയ മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന റോബിൻസൺ റോഡിൽ സ്ഥിതിചെയ്യുന്ന വളരെ പഴക്കം ചെന്ന ഓടുമേഞ്ഞ മൂന്നു ചെറിയ കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അവിടന്നാണ്‌  സ്നേഹത്തിന്റെ ആദ്യ പുസ്‌തകം എൻ്റെ കയ്യിലേക്ക് എത്തപ്പെട്ടത്. അതിനു ജീവിതത്തിൽ എന്നും കടപ്പെട്ടിരിക്കുന്നത് എൻ്റെ ക്ലാസ് ടീച്ചർ ആയിരുന്ന ബെന്നി സാറിനോടും . 

മൂന്നാം ക്ലാസ്സിൽ ബെന്നി സാർ എനിക്ക് തന്ന ഒരു പുസ്‌തകം  -  . ഇന്നുവരെ എനിക്കുകിട്ടിയ എന്തിനെക്കാളും പ്രാധാന്യത്തോടെയും സ്നേഹത്തോടെയും ആഴ്ന്നു ചിന്തിച്ചാൽ ഒരല്പം നെഞ്ചിടിപ്പോടെയും എന്റെ ഹൃദയത്തിൽ ഞാൻ അത് ഇന്നും ചില്ലിട്ടു  വെച്ചിട്ടുണ്ട്.  സ്നേഹത്തിന്റെ മൊട്ടുസൂചികൾ   അന്നും ഇന്നും എൻ്റെ  ഹൃദയത്തിലെ അറകളിലേക്കു  കുത്തിയിറക്കുന്ന  അച്ഛനേയും അമ്മയേയും ഇതിലെ കഥാപാത്രങ്ങളുമായി  വേറിട്ട് കാണാൻ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

വർഷത്തിൽ ഒരു രണ്ടു തവണയെങ്കിലും ഈ ബുക്ക്  ഞാൻ വായിക്കും , അറിയാതെ കണ്ണുകൾ നിറയും.അത്രക്ക് ബന്ധവും സമാനതകളും  ഉണ്ട്  ഗോപിയുടെ  ( ബുക്കിലെ കഥാപാത്രം ) രക്ഷകർത്താക്കൾക്ക് എൻ്റെ  ജീവിതാനുഭവങ്ങളുമായി
ഒരുപക്ഷേ ജീവിത്തത്തിൽ എൻ്റെ 
സ്നേഹത്തിന്റെ ഹരിശ്രീ കുറിക്കലിന്  ഈ ബുക്ക് ഒരു കാരണവും നിമിത്തവും ആയിട്ടുണ്ടാവാം .

സ്കൂൾവിട്ടു വരുന്ന വഴിയിലെ തുണിക്കടയിൽ തൂക്കിയിട്ടിരിക്കുന്ന വിലകൂടിയ ടെർലിൻ ഷർട്ട് ഇടാൻ എന്നും കൊതിച്ച ഗോപിക്ക് അത് കൈയെത്താ ദൂരെ ആയിരുന്നു.


സ്കൂൾവിട്ടു വരുന്ന വഴിയിലെ തുണിക്കടയിൽ തൂക്കിയിട്ടിരിക്കുന്ന വിലകൂടിയ ടെർലിൻ ഷർട്ട് ഇടാൻ എന്നും കൊതിച്ച ഗോപിക്ക് അത് കൈയെത്താ ദൂരെ ആയിരുന്നു. ഫാക്ടറി തൊഴിലാളി ആയ അച്ഛന്റെ വരുമാനം ആ സ്വപ്നം എന്നും തല്ലിക്കെടുത്തിയിട്ടേ ഉള്ളു.

ഏതോ ദുർബല നിമിഷത്തിൽ ഗോപിയും കൂട്ടുകാരൻ മമ്മദും കൂടി കള്ളവണ്ടി കയറുന്നു. ( കള്ളവണ്ടി എന്ന് ഈ സാഹചര്യത്തിൽ പറയാമോ എന്നറിയില്ല. )
തനിക്കും ടിക്കറ്റ് എടുത്തു എന്ന് കരുതിയ ഗോപി,  മമ്മദിനാൽ പറ്റിക്കപ്പെട്ട് റെയിൽവേ പോലീസിന്റെ പിടിയിൽ ആകുന്നു. വീട്ടിൽ നിന്നും വളരെ ദൂരെ പോലീസ് പിടിയിൽ ആയ ഗോപിയെ അച്ഛൻ  പോലീസ് സ്റ്റേഷനിൽ നിന്നും രണ്ടു ദിവസം കഴിഞ്ഞു രാത്രി വീട്ടിലേക്ക്  കൂട്ടികൊണ്ടുവരുന്നു. വീട്ടിൽ എത്തിയാൽ  ഉണ്ടാകാൻ പോകുന്ന വിഷയങ്ങളെ  ഓർത്തു പേടിച്ചു വന്ന ഗോപി  മുറിയിൽ കയറി ലൈറ്റ് ഇട്ട് നോക്കുമ്പോൾ തൻ്റെ മേശപ്പുറത്തു ഒരു പൊതി കാണുകയും അത്  അഴിച്ചു നോക്കുമ്പോൾ കാണുന്നത് താൻ എന്നും മനസ്സിൽ ആഗ്രഹിച്ചു,  സ്വപ്നം കണ്ടു നടന്ന വഴിയോരത്തെ  കടയുടെ കണ്ണാടി കൂടിനുള്ളിൽ സ്ഥിരം കണ്ട് മനസ്സിൽ ഒതുക്കിവെച്ച ആ പച്ച ലക്കി സ്റ്റാർ ടെർലിൻ ഷർട്ടും.
ഈ മൂന്നാം ക്ലാസ്സിൽ എനിക്കും ഉണ്ടായ ഇതുപോലെ ഒരു അനുഭവം അറിഞ്ഞതു കൊണ്ടായിരിക്കാം ബെന്നിസാർ ഈ കഥ എന്റെ മനസ്സിനെ പിടിച്ചുലക്കട്ടെ എന്ന് കരുതി ഈ ബുക്ക് എവിടെന്നോ തപ്പിയെടുത്തു എനിക്ക് സമ്മാനിച്ചത്.
സ്കൂൾ വിട്ടു കൃത്യമായി നാലരക്ക് വീട്ടിൽ എത്തുന്ന ഞാൻ ഒരുദിവസം രണ്ടു കൂട്ടുകാരുമൊത്തു പാലക്കാടു കോട്ട കാണാൻ പോയി. 
മൺ കുടുക്കയിൽ ശേഖരിച്ചുവെച്ച മുപ്പതു രൂപ സ്ലൈഡ് വെച്ച് തോണ്ടി എടുത്തു.അന്നുണ്ടായിരുന്ന NP യുടെ ബബിൾഗം കൊണ്ടു ഞാൻ നിക്കറിന്റ പോക്കറ്റ് നിറച്ചു. പകുതിയോളം നമ്മൾ തിന്നിട്ടു പാലക്കാടു കോട്ടയോടു ചേർന്നുകിടക്കുന്ന മുനിസിപ്പൽ പാർക്കിലെ ബെഞ്ചിന്റെ അടിയിൽ ചവച്ചരച്ച മിഠായികൾ  ഒട്ടിച്ചു വെച്ചു.
ഇരുപത്തിഅഞ്ചു പൈസക്ക് കിട്ടുന്ന ബബിൾഗം അന്ന് എൻ്റെ വിലക്കപ്പെട്ട കനിതന്നെ ആയിരുന്നു. ഏതോ ഒരു കുട്ടിയുടെ തൊണ്ടയിൽ ഈ മിഠായി കുടുങ്ങി മരിച്ചു പോയ കഥ എപ്പോഴോ പറഞ്ഞു കേട്ടത് അച്ഛന്റെ മനസ്സിൽ കയറിയിട്ടുണ്ടായിരുന്നു 
ആറുമണി ആയിട്ടും എന്നെ കാണുന്നില്ല.
സ്കൂളിലും ബെന്നി സാറിന്റെ വീട്ടിലും ഒക്കെ അനേഷിച്ചു വിഷമിച്ചു വരുന്ന അച്ഛൻ വഴിയിൽ വെച്ച് ഞങ്ങളെ കണ്ടു.
ഓട്ടോയിൽ ഞങ്ങളെ പിടിച്ചു കയറ്റി ഓരോരുത്തരെയും വീട്ടിൽ എത്തിച്ചു അവസാനം ഞാൻ ബബ്ബിൾഗം നിറച്ച പോക്കറ്റുമായി ഇറങ്ങുമ്പോൾ എന്റെ മനസ്സിലും കിട്ടാൻ പോകുന്ന അടിയുടെ മാലപ്പടക്കം മിന്നി മായുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തി ലൈറ്റ് ഇട്ടു നോക്കുമ്പോൾ  എന്റെ മേശപ്പുറത്തും   പച്ച കടലാസ്സിൽ പൊതിഞ്ഞ ഞാൻ അന്ന് ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന ഒരു പിടി പാരിസ് മിഠായികൾ. കൂടാതെ ഞാൻ കട്ടെടുത്തു ഒഴിഞ്ഞ കുടുക്കയിലിടാൻ കുറെ വെള്ളി തുട്ടുകളും.

ഇന്നും ഇടയ്ക്കൊക്കെ കിട്ടുന്ന ഒറ്റ രൂപയുടെ വെള്ളി തുട്ടുകൾ ഞാൻ മനസ്സറിഞ്ഞു ഹൃദയത്തിന്റെ കുടുക്കയുടെ അടിത്തട്ടിൽ   എവിടെയോ സൂക്ഷിച്ചുവെക്കുന്നുണ്ട്. അന്ന് ഞാൻ മോഷ്ടിച്ചെടുത്ത ആ ഒഴിഞ്ഞ കുടുക്ക നിറഞ്ഞു കവിയാൻ ഒരുപക്ഷെ ഈ ജീവിതത്തിൽ ഇനിയും  കിട്ടാനിരിക്കുന്ന വെള്ളിത്തുട്ടുകൾക്കു കഴിയുമായിരിക്കും എന്ന പ്രതീക്ഷയോടെ !!!
  
+

പത്തുപൈസക്കു രണ്ടെണ്ണം കിട്ടിയിരുന്ന ആ പ്യാരിസ് മിഠായിക്കൊപ്പം നിൽക്കാൻ ഞാൻ ഇന്നുവരെ കഴിച്ച ഒരു മധുരത്തിനും സാധിച്ചിട്ടില്ല.
ആ മിഠായി തൊലികൾ എന്റെ ജ്യോമെട്രി പെട്ടിയിൽ പാലക്കാടിന് വിട ചൊല്ലുന്നതുവരെ ഞാൻ സൂക്ഷിച്ചുവെച്ചു.
എനിക്ക് ഒരിക്കലും വിലക്കുവാങ്ങാൻ കഴിയാതെ ആ മിഠായി തൊലികൾക്കുവേണ്ടി ഞാൻ എന്നും കാത്തിരിക്കുന്നു.
TK

എന്റെ ഇംഗ്ലീഷ് അധ്യാപകൻ

എന്റെ ഇംഗ്ലീഷ് അധ്യാപകൻ.
ആരും ഒന്ന് നോക്കിപോകുന്ന ഗ്ലാമർ. 
തലമുടി വെഞ്ചാമരം പോലെ.
ചെയ്യാത്ത കുറ്റത്തിന് ഞാൻ പ്ലസ് ആറുപേരും കോളേജിന് വെളിയിൽ. 
Suspension😀
അച്ഛനെ വിളിപ്പിച്ചു മാപ്പു എഴുതി വായിപ്പിച്ചു വീണ്ടും ക്ലാസ്സിലേക്ക്.
ക്ലാസ്സിൽ ഇല്ലാതിരുന്ന എന്റെ നമ്പർ പ്രോക്സി വിളിച്ചു മൂൺവാക് ഡാൻസ് കളിച്ച ജോർജ് ആണ് പ്രതി.
അച്ഛന് ഞാൻ പ്രതിപട്ടികയിൽ ഇല്ല എന്ന് നേരത്തെ മനസ്സിലായി.
ന്യൂ തീയേറ്ററിലെ "ബാക് ടു ദി ഫ്യൂച്ചർ "ടിക്കറ്റിന്റെ ബാക്കി കാണിച്ചു.
നമ്പൂതിരി സർ അറിഞ്ഞു വന്നപ്പോളേക്കും ഞാൻ മാപ്പ് വായിച്ചു കഴിഞ്ഞിരുന്നു.
ജോർജ് ബാക് ബെഞ്ചിൽ ഇരുന്നു ചിരിച്ചു.
സഫറോ കി സിന്ദഗി ജോ കഭി നഹീം കഥം ഹോ ഹി ഹു ഹ

62 വർഷത്തിനുശേഷം ഒരു കണ്ടുമുട്ടൽ

62 വർഷത്തിനുശേഷം ഒരു കണ്ടുമുട്ടൽ. ഒരു തിരഞ്ഞെറഗൽ എന്ന് പറയുന്നതാവും ശരി.
പതിനേഴാം വയസ്സിൽ അമ്മ സർവ്വേ പഠിക്കാൻ തിരുവന്തപുരത്തു എത്തുന്നു. ഹോസ്റ്റലിൽ നിക്കാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല.
അഡിമിഷൻ ദിവസംതന്നെ ഈ കൂട്ടുകാരിയെ പരിചയപ്പെടുന്നു. അവർ സ്വന്തം വീട്ടിലെക്കു ക്ഷണിക്കുന്നു. അവിടെനിന്നു പഠിക്കാൻ അവസരം കൊടുക്കുന്നു.
ഇന്നത്തെ കാലത്തു ആർക്കും ചിന്തിക്കാൻ പറ്റാത്ത കാര്യം.
കഴിഞ്ഞ ഒരു വാരം അച്ഛനോട് അമ്മ പറയുന്നുണ്ടായിരുന്നു ഇങ്ങനെ ഒരു വീട്ടിൽ അമ്മ താമസിച്ചു എന്നും അവിടെ ആരെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ ഒന്ന് പോയി കാണണം എന്നും. പക്ഷേ വീടൊന്നും അമ്മക്ക് ഓർമയില്ല. ആളിന്റെ പേരും വീട്ടുപേരും മാത്രം അറിയാം.
ഇന്നാണ് എന്നോട് കാര്യം പറയുന്നത്. ഉള്ളൂരിൽ ഇപ്പോഴത്തെ നീരാഴി ലൈനിൽ ഏകദേശം ഒന്നര കിലോമീറ്റർ അകത്തു ആണ് സ്ഥലം. വീട്ടുപേര് വെച്ച് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറിയെ വിളിച്ചു. വീടും ആളും ഉണ്ടെന്നു കണ്ടെത്തി. കാർ പോകുന്ന വഴി ഇല്ല എന്നറിഞ്ഞു. എന്നാലും അപ്പൊ തന്നെ തപ്പി ഇറങ്ങി.
62 വർഷങ്ങൾക്കു മുൻപുള്ള എല്ലാം അമ്മ ഓർത്തെടുത്തു. ഓരോ ചെറിയ കാര്യങ്ങൾ പോലും.
വിളക്ക് വെക്കുന്ന ആ വീടിനോടു ചേർന്നുള്ള ചെറിയ കാവും ,ഊഞ്ഞാല് കെട്ടിയിരുന്ന തെങ്ങും,അവിടത്തെ അമ്മ ഉണ്ടാക്കി നിറച്ചു മീൻകറി വിളമ്പുന്ന വെള്ള പിഞ്ഞാണവും,
ആകെയുള്ള രണ്ടര ഹാഫ് സാരി കഴുകി കെട്ടി ഉണക്കുന്ന മരവും (അന്നൊക്കെ കഴുകി അഴയിൽ ഇടാറില്ലത്രേ )
വയലിൽകൂടി (ഇന്ന് വയൽ ഇല്ല അവിടെ )കാറ്റ് കൊണ്ടുവരുന്ന വല്ലപ്പോഴും വരുന്ന ബസിന്റെ ഇരമ്പലും..എല്ലാം എല്ലാം ഓർത്തു.
ആ വീട്ടിലെ ഫോട്ടോയിൽ കാണുന്ന അമ്മ ഒഴിച്ച് ബാക്കി ആരും ഇന്നില്ല.
ആകെ അമ്മയുടെ ഓർമയിലെ ജീവിച്ചിരിക്കുന്ന അവസാന കണ്ണി .
വർഷങ്ങൾ കഴിഞ്ഞും ഓർമിച്ചെടുക്കാനുള്ള ബന്ധങ്ങൾ നമുക്ക് ഉണ്ടാവണം. അവിടെ സമയവും കാശുകടലാസും നമ്മളെ പുറകോട്ടു വലിക്കാതെ നോക്കണം.
എന്റെ കുടുംബത്തിന്റെ പ്രത്യേക നന്ദി കിളിത്തട്ടിൽ നസീർ കാക്കക്കു ഞാൻ കൊടുക്കട്ടെ. (അവിടത്തെ റെസിഡൻസ് അസോസിയേഷൻ )
TK

റോത്ത്മാൻസ് ഗപ്പ്

ക്രിക്കറ്റ് കാലമല്ലേ. ഞാനും പണ്ട് ഈകളിയിൽ വട്ടുപിടിച്ചു നടന്ന കാലം. റോത്ത്മാൻസ് ഗപ്പ് നടക്കുന്നു. 
വീട്ടിൽ നിന്നും അച്ഛൻ രാവിലെ ഏഴു മണിക്ക് പോകും. കൊല്ലത്താണ് അന്ന് ജോലി. ഏഴേകാലോടെ വരുന്ന ഗുരുവായൂർ എക്സ്പ്രസ്സ് ആണ് അച്ഛന്റെ സ്ഥിരം വണ്ടി. ഞാനും ഏകദേശം ഈ സമയത്തു തന്നെ സ്റ്റാൻഡിൽ എത്തും. ഏഴരക്കുള്ള സ്റ്റുഡന്റസ് ഒൺലി / കട്ടപ്പറമ്പ് (അങ്ങോട്ടുപോകുമ്പോൾ സ്റ്റുഡന്റസ് ഒൺലി..തിരിച്ചു വരുമ്പോ കട്ടപ്പറമ്പ് എന്ന സ്ഥാലത്തോട്ടു പോകുന്ന) വണ്ടിയാണ് നമ്മുടെ സ്വന്തം വണ്ടി. 
അമ്മക്ക് ജോലി അന്ന് ആറ്റിങ്ങലിൽ. പത്തുമണി അടുപ്പിച്ചു ഇറങ്ങിയാൽ മതി,വീടിനു അടുത്തുതന്നെയാണ് ഓഫീസ്.
ആര് നേരത്തെ വന്നാലും വീടുതുറന്നു കയറാൻ നമ്മുടെ മൂന്നുപേരുടെയും കയ്യിൽ താക്കോൽ ഉണ്ട്.
റോത്ത്മാൻസ് തുടങ്ങിയതിൽ പിന്നെ സ്റ്റുഡന്റസ് ഒൺലി യിൽ പോകുന്ന ഞാൻ ഒരു പതിനൊന്നു മണിയോടെ കട്ടപ്പറമ്പിൽ വീട്ടിൽ എത്തും, ടീവി യിലോട്ടു തല വെക്കും.
ഒരു ദിവസം പതിവുപോലെ വീട്ടിൽ എത്തി താക്കോൽ തിരുകിയപ്പോൾ കതകു തുറക്കുന്നില്ല. എന്തോ പന്തികേടു മണത്ത ഞാൻ ആലോചിച്ചു നിൽക്കുമ്പോൾ അകത്തു നിന്നും ഒരു കടപടാ ശബ്ദം.
വാതിൽ തുറന്നു.
അച്ഛൻ.
രാവിലത്തെ എക്സ്പ്രസ്സ് കിട്ടാതെ അച്ഛൻ തിരിച്ചുവന്നു.
"എന്തടാ കോളേജില്ലേ ?"
"ഇല്ല സമരം...."
ഞാൻ ടീവി യിലോട്ടു ചാഞ്ഞു.
ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛൻ ഡ്രസ്സ് ചെയ്തു എങ്ങോട്ടോ പോയി. ഞാൻ രക്ഷപ്പെട്ടല്ലോ എന്നോർത്ത് 140 കി മി യിൽ വരുന്ന പന്തുകൾ രവി ശാസ്ത്രീ കൊട്ടി കാലിന്റെഇടയിൽ വെക്കുന്നത് കണ്ടു. (സഭ്യമായ അർത്ഥത്തിൽ വായിക്കണം) 😛😛😛😁
അച്ഛൻ നേരെപോയതു എന്റെ കോളേജിലേക്കായിരുന്നു.
ആർട്സ് കോളേജിൽ ചെങ്കൽ മതിലുകൾക്കുള്ളിൽ നരച്ച മുടികൾ എണ്ണതേച്ചു ഒളിപ്പിച്ച , കട്ടി ഫ്രെയിം ഉള്ള കണ്ണട വെച്ച , ഒരിക്കലും നമ്മൾ ചിരിച്ചു കണ്ടിട്ടില്ലാത്ത , കണക്കു ലോകത്തിന്റെ സ്പന്ദനമാക്കിയ റംല ബീവി ക്ലാസ്സെടുക്കുന്നു.
അച്ഛൻ ഒരു തുണ്ടു പേപ്പർ കൊടുത്തു.
ബീവി ഉച്ചത്തിൽ കൂവി.
ജീവൻലാൽ ഹാജരുണ്ടോ.......
ജീവൻലാൽ ഹാജരുണ്ടോ..........?
അപ്പോഴും ഞാൻ രവി ശാസ്ത്രി ടെ ....
ബീവി അറ്റന്റൻസ് ബുക്ക് മറിച്ചു.
മാർച്ച് ..നാല്
ഏപ്രിൽ ...രണ്ട്
മെയ് ..ഒന്ന്
കുറേകൂടി തിരിച്ചും മറിച്ചും നോക്കി ബുക്ക് മടക്കി.
ഒരിക്കലും ചിരിക്കാത്ത ബീവി ഒരു പുഞ്ചിരി വരുത്താൻ പാടുപെട്ട്
അച്ഛനോട് മൊഴിഞ്ഞു.
" താങ്കൾക്കു കോളേജ് മാറിപ്പോയതാണോ ?"
അടുത്ത ബസ് കയറി തിരിച്ചു വന്ന അച്ഛൻ എന്നെ
എ പ്ലസ് ബി ദി ഹോൾ സ്കോയേർഡ് ഈസീക്കൽറ്റു
ലാൽ സ്കോയേർഡ് തീറ്റ എന്നും
വൈകിട്ട് വന്ന അമ്മ വീട്ടിന്റ ചുറ്റളവ് പൈ ആർ സ്കോയേർഡാണെന്നും പറഞ്ഞു തന്നു.
TK

എന്തുട്ടാ തേങ്ങയാ...??

എന്തുട്ടാ തേങ്ങയാ ...
ത്രിശ്ശൂർക്കാരന്റെ ഭാഷ ഇങ്ങനെയാ ..
അതുപോലെ ഒരു തേങ്ങയിൽ ഞാനും പെട്ടെടാ ശവീ ......
ആറ്റിങ്ങലിൽ ഒരു കോക്കനട്ട് കോംപ്ലക്സ് ഉണ്ട്. പച്ചതേങ്ങയും കൊപ്രയും സംഭരിച്ചു എണ്ണആട്ടി വിൽക്കുന്ന ഒരു മനോഹര സ്ഥാപനമായിരുന്നു ഒരുകാലത്തു ഇവിടം. ആ വഴി പോകുന്ന ബസ്സിൽ ഇരുന്നുറങ്ങുന്ന പലരും മിക്കവാറും കോംപ്ലക്സ്നു അടുത്തെത്തുമ്പോൾ അറിയാതെ ഉണർന്നുപോകും. അത്രക്ക് കൊതിപ്പിക്കുന്ന , വായിൽ വെള്ളമൂറുന്ന , കൊപ്ര ആട്ടുന്ന മണം മൂക്കിൽ തുളച്ചുകയറും.
മാറിമാറി വന്ന സർക്കാറുകൾ തൃശ്ശൂര്കാരൻറെ ഭാഷ കോംപ്ലെസ്‌നോട് ചോദിക്കുകയും ആ ത്യേങ്യാക്കു താങ്ങുവില നിശ്ച്ചയിക്കുകയും ചെയ്തു.
പല വർഷങ്ങൾ ഇങ്ങനെ താങ്ങി
താങ്ങി ഗോദ്‌റെജ്‌ മുതലാളി
ഈ കോംപ്ലെക്സ് ഗേറ്റിൽ വല്യ
ഒരു തേങ്ങ ഇട്ടങ്ങു പൂട്ടി
ആറ്റിങ്ങൽക്കാരോടും കേരളത്തോടും ചോദിച്ചു ആ ത്രിശ്ശൂർ ചോദ്യം.
ലാഭത്തിലോടുന്ന പൊതുമേഘല നഷ്ട്ടത്തിൽ ആക്കി പൂട്ടി നഷ്ടത്തിൽ ഓടുന്ന പൊതുമേഖലയെ ലാഭത്തിൽ ആക്കാൻ എന്ന വ്യാജേന .. ...തൃശ്ശൂർ വീണ്ടും എന്റെ മനസ്സിൽ കയറുന്നു ..
വീണ്ടും ആരോ ആ തൃശ്ശൂർ സാധനത്തിനെ "ത്യാങ് വില " ഇട്ടു കേര കർഷകരെ സഹായിക്കാൻ പോണു എന്ന് പത്ര വായന നടത്തിയ ഞാൻ കുറച്ചു തേങ്ങയുമായി അവിടെ എത്തി.
ഒരു തേങ്ങക്കു 27 രൂപ മുതൽ 30 രൂപാ വരെ വെളിയിൽ വില ഉണ്ടെന്നു ഓർമ്മിപ്പിക്കട്ടെ !
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ചക്ക്കൾക്കിടയിൽ ഒരു പൊതിച്ച തേങ്ങാപോലെ ഒരു മുഖം ഞമ്മ കണ്ടു. എന്റെ മുഖത്തും തേങ്ങയിലും മാറിമാറി നോക്കി ആയാളും മറ്റേ ആ ചോദ്യം എന്നോട് ചോദിക്കും പോലെ തോന്നി.
ആ സത്‌ഗുണനോട് ഞാൻ എന്ന തേങ്ങാ കർഷകൻ ചോദിച്ചു ..
എന്താ " ത്യാങ് വില "???
"ഒരുകിലോ 27 ..
പിന്നെ തേങ്ങാ എടുക്കാൻ ഒരു പ്രോസിജർ ഉണ്ട്.. വെറുതെ എടുക്കില്ല ഇവിടെ ...
കൃഷി ഓഫീസർ സെർട്ടിഫയ്‌ ചെയ്യണം .. ഇത് തേങ്ങ ആണെന്ന്. "
തൃശ്ശൂർക്കാരൻ ജയിക്കട്ടെ.
എന്തുട്ടാ തേങ്ങാക്ക ഈ കോപ്പിലെ കോംപ്ലക്സ് ....??
എന്ത് തേങ്ങയാ ..
ഒന്ന് പോടോ തെങ്ങേ ...
TK

veendum oru pralayam

എടാ ജപ്പാനെ ..കാർമേഘം നമ്മടെ സഹ്യന്റെ തലയിൽ തടഞ്ഞുനിർത്തി അതിനെ പിന്നെ നിന്റെ അടുത്തോട്ടു ഓടിക്കണം. എന്നാലേ ജപ്പാൻകാരാ നിനക്കൊക്കെ കുടിവെള്ളം കിട്ടൂ .. മനസ്സിലാകുന്നുണ്ടോടാ ജപ്പാനേ.
നീ നോക്കിക്കോ നിന്റെയൊക്കെ കുടിവെള്ളം നമ്മള് മുട്ടിക്കും. സഹ്യനെ നമ്മള് പൊളിച്ചടുക്കും. സഹ്യന്റെ അസ്ഥിവാരം നമ്മള് പറ്റിയാൽ ഗാഡ്ഗിലിനെ കൊണ്ടുവന്നു തന്നെ തോണ്ടിക്കും ...നിന്റെയൊക്കെ കുടിവെള്ളം ..ആ .
ഡാ ജപ്പാനെ .. നമുക്കൊക്കെ കുടിവെള്ളം കിട്ടാനേ നിന്റെ ഹോൻശ്യുംമും കിസോയും മലകളിൽ തട്ടി പടിഞ്ഞാറോട്ടുകാർമേഘത്തെ ദയവുചെയ്ത് അയക്കല്ലേ പ്ലീസ് ..
പറ്റിയാൽ അവിടെ ഉണ്ടാക്കുന്ന ഹിറ്റാച്ചി കുറച്ചു അയച്ചുതരിക..
ഇവിടെ കുറച്ചു ആവശ്യം ഉണ്ട്..
ഒരു അറുപതു മണിക്കൂർ ആയി കുറച്ചുപേർക്ക് കുടിവെള്ളം കിട്ടിയിട്ട്. അവിടെയുള്ളവർ ജപ്പാനിൽ ഉണ്ടാക്കിയ കുറച്ചു ചിപ്പ് വയറ്റിൽ സ്ഥാപിച്ചിട്ടുള്ളതുകൊണ്ടു ഒരു സമാധാനം. അതിൽ ഞെക്കിയാൽ പിന്നെ നൂറുമണിക്കൂർ എങ്കിലും കഴിഞ്ഞേ വിശക്കൂ ..പിന്നെ എക്സ്സ്ട്രീം കണ്ടിഷൻ ആയാൽ നമ്മൾ ചിപ്പിൽ ഒന്നുകൂടെ ഞെക്കും ..പിന്നെയും ഒരു നൂറു മണിക്കൂർ എക്സ്റ്റെൻഡും ...
എന്റെ പൊന്നു മത്സ്യത്തൊഴിലാളി സഹോദരങ്ങളെ .. കാർമേഘം എന്തായാലും മണ്ടക്ക് അടികൊണ്ട പാമ്പിനെപോലെ പെയ്തിറങ്ങി പിടച്ചു്ഒഴുകി എടുക്കാനുള്ളവരെ എടുത്തു ,കടിക്കാനുള്ളവരെ കടിച്ചു. നിങ്ങളെങ്കിലും തളരരുത്. ഹെലികോപ്പ് ഡീസൽ അടിച്ചു കഴിഞ്ഞ പ്രളയത്തിന്റെ സെസ് അടച്ചു വരാൻ സമയമെടുക്കും.
കലക്ടറും ബാക്കിയുള്ളവരും ഒക്കെ ഒപ്പിട്ട ബില്ല് മാറി വരുമ്പോളേക്കും മണ്ണിനടിയിൽ കിടക്കുന്നവർ ചീഞ്ഞു നാറും.
അതുകൊണ്ടു നിങ്ങൾ പോയി മണ്ണിൽ ചേർന്നവരെ നാറികഴിഞ്ഞാലും എടുക്കണം. നമുക്ക് അവരെ വൃത്തിയുള്ള അവസാന വസ്ത്രം ഉടുപ്പിച്ചു മാന്യമായി മണ്ണിനോട് ചേർപ്പിക്കണം. കൂലിയും അവാർഡും നോക്കി നിൽക്കാതെ കഴിഞ്ഞ തവണത്തെ പോലെ നമുക്ക് പണിയെടുക്കാം . ശ്വാസമുള്ള ഒരു ശരീരമെങ്കിലും രക്ഷപ്പെടുത്താൻ പറ്റുമോ എന്ന് നോക്കാം.
നിങ്ങൾക്ക് എന്നെപ്പോലെ ഗാഡ്ഗിൽ കമ്മിറ്റി അറിയില്ലല്ലോ. എൻജിന്റെ പ്രവർത്തനം അറിയാമല്ലൊ ..ബോട്ടിന്റെ ...?
എടുത്തിറങ്ങിക്കോ ..
ഇവിടെ പലരും മറ്റേ പാട്ടിൽ ഉറക്കമൊഴിയുകയാണ്.
" നാസാരേം ... അപ്നി റോഷിനി
വഫാ വഫാ സെ സൊ ഗെയി ...
TK

Sreeram

മനസ്സ് വല്ലാതെ കലുഷിതമായിരിക്കുന്നു.
അതുകൊണ്ടാണ് എഴുതാൻ തോന്നിയത്. വിയോജനക്കുറിപ്പ് എങ്ങനെ വന്നാലും കാര്യമാക്കുന്നില്ല.
കെഎം ബഷീർ ..എപ്പോഴും ഒരു പാവം മനുഷ്യൻ. എന്നും സൗമ്യമായ ഭാഷ , അത് സുഹൃത്തുക്കളോടായാലും അപരിചിതരോടായാലും ...
ആരും ഒരു പ്രാവശ്യം സംസാരിച്ചാൽ മറക്കാത്ത മുഖം. സഹിക്കാൻ പറ്റാത്ത വേദന ഉണ്ട് എനിക്ക് ആ മക്കളെയും കുടുബത്തെയും ഓർത്തു.
ഈ ദുരന്തത്തിൽ നിന്നും കരകയറാൻ പെട്ടെന്നു കഴിയട്ടെ ..
ആ കുടുംബത്തോടുള്ള എന്റെ ദുഃഖം ഞാൻ രേഖപ്പെടുത്തട്ടെ ..
സംഭവിച്ചു പോയി ..സംഭവിച്ചു പോയി ..
എന്നാലും ശ്രീറാമിനെ വിട്ടുകൊടുക്കാൻ മനസ്സ് കേൾക്കുന്നില്ല ..
രാവിലെയുള്ള വെണ്ടക്കകൾ വായിച്ചു. ചാനൽ ചർച്ചകളിലെ പൊളിച്ചടുക്കലുകൾ കേട്ടു.
എനിക്ക് വിളിച്ചു പറയാൻ തോന്നുന്നത് ആ ഒറ്റ വരി മാത്രം .
" പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"
നട്ടെല്ല് നൂർത്തി വെച്ച് മാധ്യമ ധർമം ചെയ്യുന്ന എത്ര പേരുണ്ടിവിടെ ? സത്യങ്ങൾ വളച്ചൊടിക്കുന്നതും കള്ളങ്ങൾ വളച്ചു നൂർക്കുന്നതും നിങ്ങൾ ..
നിങ്ങൾ ഭൂരിപഷം .. ഇതെല്ലാം വിഡ്ഢികളായി കാണുന്ന നമ്മൾ ...
കഥ ഇങ്ങനെത്തന്നെ പോയ്കൊണ്ടിരിക്കും .. നിങ്ങൾ എന്നും ജയിക്കും.
മരിച്ചത് ഒരു മാധ്യമപ്രവർത്തകനായതുകൊണ്ട് മാത്രം കാക്കക്കൂട്ടം മാതിരി ഒച്ചയുണ്ടാക്കി നേടുന്ന ഒന്നല്ല വിജയം എന്നോർക്കുക. കാലം തീർത്തു വെക്കുന്ന കണ്ണാടിയിൽ മുഖം വക്രിക്കാതെ നോക്കിയാൽ നന്ന്. നിങ്ങൾക്കറിയാം ജനം ഇതെല്ലാം മറക്കും എന്നും അതിനുള്ള മരുന്ന് വേറെ നിങ്ങടെ കയ്യിൽ ഉണ്ടെന്നും. പക്ഷെ ഒട്ടും വിദൂരമല്ലാതെ ജനം തിരിച്ചറിഞ്ഞു തുടങ്ങുന്ന ഒരു സമയത്തെ കാത്തിരുന്നോളു.
കമന്റ്കൾ പലതാണ് സോഷ്യൽ മീഡിയകളിൽ ..
ശ്രീറാം കഞ്ചാവ് ആ ...
ശ്രീറാംന് എന്നും പെണ്ണ് വേണം .....
ശ്രീറാം കള്ളുകുടിച്ചാൽ ....
ശ്രീറാം മുള്ളുന്നതു പോലും .....
എന്നാൽ ഒന്ന് പറയട്ടെ ( ഇത് എന്റെ പല മാധ്യമ സുഹൃത്തുക്കളെയും ചൊടിപ്പിക്കണ്ട.. എല്ലാവരെയും അടച്ചു പറഞ്ഞതല്ല .. വ്യത്യസ്‌തമായവർ ഒരുപാട് പേരുണ്ട് .. അവർ ക്ഷമിക്കുക)
നീയൊക്കെ ചൂണ്ടുന്ന വിരൽ ഒഴിച്ച് നിന്റെ നെഞ്ചിനെ ലക്ഷ്യംവെച്ചു കയ്യിൽ മടങ്ങി നിൽക്കുന്ന മൂന്നുഎണ്ണം വേറെ ഉണ്ടെന്നു മറക്കാതിരിക്കുക.
നട്ടെല്ല് നൂർത്തു പിടിക്കാൻ പറ്റുമെങ്കിൽ കണ്ണാടിയിൽനോക്കി അതുകൂടി ഒന്ന് വായിക്കാൻ നോക്കണം. എന്നിട്ടു ഈ പറയുന്നവർ സ്വന്തം അച്ഛന്റെ പേര് ഓർത്തെടുക്കാൻ ശ്രമിക്കണം.
മൂന്നു മിനിറ്റ് വാർത്തക്കുവേണ്ടി മാധ്യമദമ്പതിആയ ഭാര്യയെ ഇറുകിപ്പിടിച്ച ചുരിദാറിന്റെ മുകളിലെ ബട്ടൻസ് അഴിച്ചിട്ടു അതിൽ ഒരു കൂളിംഗ് ഗ്ലാസും തൂക്കി കഷംവരെ വെട്ടിക്കയറ്റിയ ഉടുപ്പിനടിയിലെ നേർത്തൊട്ടിയ പാന്റിനുള്ളിലെ "ലെയ്സ് "നു ( നമ്മട പൊട്ടറ്റോ ചിപ്സ് 😉) അറബി മൂത്രം എന്ന് പണ്ട് വിളിച്ചിരുന്ന സ്പ്രേ യും അടിച്ചു , പേരിന്റെ അവസാനം മൂന്നക്ഷരം ഉള്ള ഇതുപോലെത്തെ ആളുകളുടെ ക്യാബിനുള്ളിൽ പപ്പരാ പരപരാ പാതിരാ നേരത്തു വാർത്തകൾ മണിക്കൂറുകളോളം " പ്രോംപ്റ്റ് " ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ വാർത്തകൾ ആശയോടെ അവതരിപ്പിക്കുന്നത് നോക്കി നിൽക്കുന്ന വിഡ്ഢി ആയ ജനത്തെയും ഞാൻ കണ്ടിട്ടുണ്ട്.
വാർത്ത നിരങ്ങിയതിനു ശേഷം പിന്നീട് എപ്പോഴെങ്കിലും ഉദ്ദേശിക്കുന്ന വാർത്ത കിട്ടാതെ വരുമ്പോൾ ആ മൂന്നക്ഷരക്കാരൻ എന്തൊരു വൃത്തികെട്ട മനുഷ്യനാ എന്ന് ഇതേ വർഗം മാറിനിന്നു അസ്വസ്ഥത അഭിനയിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
അവിടെയൊന്നും ആരും കഞ്ചാവിനാണോ പെണ്ണിന്റെ മണത്തിനാണോ ലഹരി കൂടുതൽ എന്ന് ചോദിച്ച മാധ്യമ ധർമം ഞാൻ കണ്ടില്ല.
ഇതൊക്കെ കണ്ടപ്പോൾ ഒന്ന് തോന്നി.
" ഇവിടെ മൂത്രമൊഴിക്കരുത് , ഇവിടെ തുപ്പരുത് " എന്ന് ചില ഓഫീസുകളിൽ എഴുതി പ്രദർശിപ്പിച്ച ബോർഡ്കളുമായി ഒരു സാമ്യം.
"ഇത് എന്റെ കുറ്റമാണോ ഡോക്ടർ ?
ഇതുകൊണ്ടു കല്യാണം കഴിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ ഡോക്ടർ?"
എന്നൊക്കെ ഡോക്ടറോട് ചോദിക്കാം എന്ന ആ നിങ്ങടെ പരിപാടിയിൽ അടുത്തതവണ ഞാൻ ചോദിയ്ക്കാൻ ശ്രമിക്കാം ..
എഡോ ... കെട്ടുതാലിപോലും വിറ്റു ആ മെഡിക്കൽ കോളേജിന്റെ ICU നുള്ളിൽ കിടക്കുന്ന വേണ്ടപെട്ടവന്റെ ഹൃദയം തുന്നി ചേർക്കാൻ വെളിയിലെ മരുന്നുകടകളുമായി ഒത്തുകളിച്ചു വാങ്ങിപിച്ച കിറ്റുകളിൽ ഉള്ള സാധനങ്ങളിൽ ഒരു മൊട്ടുസൂചി പോലും എടുക്കാതെ തിരിച്ചുഅതെ കിറ്റ് ആ വാങ്ങിയ കടയിൽ തിരിച്ചു ഏൽപ്പിക്കുന്നവരെ നീ കണ്ടിരുന്നോ?
മരിച്ചു കഴിഞ്ഞു എന്നറിഞ്ഞിട്ടും ശവം വെന്റിലേറ്ററിൽ നാലുദിവസം വെച്ച് കാശു വാങ്ങിക്കുന്നവരെ നീ കണ്ടിരുന്നോ ?
കോടികളുടെ അഴുകിയ മരുന്നുകൾ expairy തീയതി തിരുത്തി പാവപ്പെട്ടവന്റെ അണ്ണാക്കിലോട്ടു തിരുകി അവരെ പതുക്കെ കൊല്ലുന്നതു നിങ്ങൾ കണ്ടിരുന്നോ ?
അമ്പതു പൈസയുടെ കപ്പപ്പൊടി കുഴച്ചു 10 ഗ്രാം മഞ്ഞപ്പൊടി ചേർത്ത ഒരു രൂപപോലും മുടക്കുമുതൽ ഇല്ലാത്ത മരുന്ന് 500 രൂപയ്ക്കു വാങ്ങിക്കുന്നവരെ നീ കണ്ടിരുന്നോ?
മക്കളെ പഠിപ്പിക്കാൻ കിഡ്‌നി വിറ്റ അമ്മമാരെ നിങ്ങൾ കണ്ടിരുന്നോ?
സ്വാധീനമുള്ളവർക്ക് മാത്രം തുറന്നു നിൽക്കുന്ന ഡയാലിസിസ് മെഷീൻ നോക്കി, മരണം തുറിച്ചു നോക്കുന്ന എല്ലുന്തിയ ഒറ്റമുണ്ടു ഉടുത്ത പച്ച പാവങ്ങളെ നിങ്ങൾ കണ്ടിരുന്നോ. ?
ഇതൊക്കെ കാണണം എങ്കിൽ കണ്ണാടി നോക്കുമ്പോൾ കാണാൻ പറ്റാത്ത ആ സാധനം നിവർത്തി നിർത്തി നോക്കണം. അതും ചിലപ്പോ പറ്റിയെന്നു വരില്ല കാരണം നിങ്ങടെ മുതലാളി കൂടെ വിചാരിക്കണം ഇതൊക്കെ കാണാൻ.
നിങ്ങൾ ഭൂരിപക്ഷമായി ജയിച്ചു വെന്നിക്കൊടി പായിച്ചപ്പോൾ
നിങ്ങളുടെ വെണ്ടക്കയിൽ തകർന്നു പോയ ,sSനിങ്ങൾ എഴുതി നശിപ്പിച്ചു കൊന്നു കളഞ്ഞ , അല്ലെങ്കിൽ അതിനേക്കാൾ പറയണമെങ്കിൽ നിങ്ങൾ മരിച്ചു ജീവിപ്പിക്കുന്ന , ഒരാൾ ഇവിടെ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്.
പേര് ഓർമയുണ്ടാകുമോ ആവോ ..
ആരും തിരിഞ്ഞു നോക്കിയില്ല വർഷങ്ങളോളം ...നാടിനു വേണ്ടി എല്ലാം ചെയ്‌തു കൂട്ടി എന്നിട്ടും നിങ്ങൾ വെണ്ടയ്ക്ക നിരത്തി കൊന്നു കളഞ്ഞ ഒരാൾ.
നിങ്ങളുടെ കാക്കക്കൂട്ടങ്ങൾ ആ ബലിച്ചോറു തിന്നാൻ കാത്തുനിൽക്കുകയാവും അല്ലെ?
പേര് അറിയില്ലേ ???
നമ്പി നാരായണൻ
ഇത് ഒരു ഉദാഹരണം മാത്രം ..
ശ്രീറാമിനെ നിങ്ങൾക്ക് അങ്ങനെ കിട്ടണമോ ?
ശ്രീറാംജി ..ഒരു വാക്ക് ...
നിങ്ങൾ ലോകത്തോട് വിളിച്ചു പറയു .. ഞാൻ ബഷീറിന്റ കുടുംബത്തെ, ആ മക്കളെ മരണം വരെ സംരക്ഷിക്കാം എന്ന്. തെറ്റ് പറ്റിയെങ്കിൽ നട്ടെല്ല് ഉയർത്തി അത് പറയാൻ നിങ്ങള്ക്ക് മാത്രമേ പറ്റൂ ..അവിടെ ആ പഴയ ശ്രീറാം തിരിച്ചു വരും .. ഉറപ്പ് .
ഛായം ഒലിച്ചുപോകുന്ന അടിവസ്ത്രങ്ങൾ നിങ്ങൾക്കിനി വേണ്ട ..അത് കളഞ്ഞേക്കണം ..
ആടി ഉലയാത്തതു ഇനിയും വരും.
കറുത്ത വാവ് എന്നും ഉണ്ടാവില്ല
ഭൂമി ഒരിക്കലും കറക്കം നിർത്താത ടുത്തോളം .
പനിനീർ പെയ്യും നിലാവുകൾ ഇനിയും ഉണ്ടാകും ....
അതുകൊണ്ടു ഒന്നുകൂടെ പറയട്ടെ
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ "